ദിവ്യയുടെ ജാമ്യാപേക്ഷയിൽ വാദം, നവീൻ ബാബുവിന് ക്ലീൻ ചിറ്റ്, മലയാളി കോളജ് അധ്യാപികയുടെ മരണം–ഇന്നത്തെ പ്രധാന വാർത്തകൾ
Mail This Article
∙ കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായതും ശുചീന്ദ്രത്ത് മലയാളി കോളജ് അധ്യാപിക സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയതുമാണ് ഇന്നത്തെ പ്രധാന സംഭവവികാസങ്ങൾ. ദിവ്യയുടെ ജാമ്യാപേക്ഷയിൽ 29ന് വിധി പറയുമെന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പറഞ്ഞു. ജാമ്യഹർജി പരിഗണിക്കുന്നതിനിടെ ദിവ്യയ്ക്കും സർക്കാരിനുമെതിരെ നവീൻ ബാബുവിന്റെ കുടുംബം രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
അതിനിടെ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട കൈക്കൂലി ആരോപണത്തിൽ നവീൻ ബാബുവിന് ക്ലീൻചിറ്റ് നൽകി ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ റിപ്പോർട്ട് നൽകി. പെട്രോൾ പമ്പിന് നവീൻ ബാബു എൻഒസി വൈകിപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ജമ്മുകശ്മീരിൽ സൈനിക വാഹനത്തിനുനേരെ ഭീകരാക്രമണമുണ്ടായതാണ് മറ്റൊരു പ്രധാനവാർത്ത. രണ്ട് സൈനികർ വീരമൃത്യു വരിച്ചു. 2 പോർട്ടർമാരും കൊല്ലപ്പെട്ടു.
നാഗർകോവിലിൽ സ്ത്രീധന പീഡനത്തിന്റെ പേരിൽ കൊല്ലം പിറവന്തൂർ സ്വദേശി ശ്രുതി ജീവനൊടുക്കി. ഭർതൃമാതാവുമായി നിരന്തരം സ്ത്രീധനത്തിന്റെ പേരിൽ വഴക്കുണ്ടായിരുന്നെന്നാണ് വിവരം. ശ്രുതിയുടെ മരണത്തിന് പിന്നാലെ ഭർതൃമാതാവും ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ജസ്റ്റിസ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതിയുടെ 51ാമത് ചീഫ് ജസ്റ്റിസായി നിയമിച്ചതും പ്രധാന വാർത്തയായി. നവംബർ 11നാണ് സഞ്ജീവ് ഖന്ന ചുമതലയേൽക്കുക.