‘തൂങ്ങിമരിച്ചെന്ന് പറഞ്ഞു, ആ ഉയരത്തില്‍ കയറി കമ്പിയില്‍ കുരുക്കിടാൻ അവൾക്കാകില്ല; അവിടെ എന്തോ നടന്നിട്ടുണ്ട്’
Mail This Article
തിരുവനന്തപുരം∙ ‘‘അന്ന് രാത്രി അവിടെ എന്തോ സംഭവിച്ചിട്ടുണ്ട്. എന്റെ മകള്‍ക്ക് എന്താണു സംഭവിച്ചതെന്ന് അറിയണം. മോര്‍ച്ചറിയില്‍ പോയി അവളെ കാണുമ്പോള്‍ ഉറങ്ങിക്കിടക്കുന്നതു പോലെ ആയിരുന്നു. തൂങ്ങി മരിച്ചതിന്റെ ഒരു ലക്ഷണവും ഇല്ലായിരുന്നു. എന്റെ മകള്‍ എങ്ങനെയാണു മരിച്ചതെന്നുള്ള സത്യം എനിക്ക് അറിയണം’’- പൊന്നുപോലെ വളര്‍ത്തിയ മകള്‍ ശ്രുതിയെ വിവാഹം കഴിഞ്ഞ് ആറു മാസത്തിനുള്ളില്‍ ശുചീന്ദ്രത്ത് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ ആഘാതത്തിലാണ് കോയമ്പത്തൂരില്‍ വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥനായ ബാബുവും കുടുംബവും.
21നു രാത്രിയാണു ശ്രുതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബാബു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശുചീന്ദ്രം പൊലീസ് കേസെടുത്തു. ആര്‍ഡിഒ കാളീശ്വരിയുടെ നേതൃത്വത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയുന്നില്ലെന്ന് ശ്രുതി 21ന് അമ്മയ്ക്ക് വാട്സാപ്പില്‍ സന്ദേശം അയച്ചിരുന്നു. ഇതറിഞ്ഞ് ബാബു കുടുംബസമേതം ശുചീന്ദ്രത്തേക്കു പോകുന്നതിനിടെയാണ് ശ്രുതിയുടെ ഭര്‍ത്താവ് കാര്‍ത്തിക്കിന്റെ സഹോദരിയാണു മരണവിവരം കുടുംബത്തെ അറിയിച്ചത്. പീഡനം സഹിച്ചു പിടിച്ചുനില്ക്കാന് കഴിയില്ലെന്നു കരഞ്ഞുപറഞ്ഞ് ശ്രുതി അമ്മയ്ക്കു ശബ്ദസന്ദേശം അയച്ചിരുന്നു.
കാര്‍ത്തിക്കിന്റെ അമ്മ നടത്തിയ കടുത്ത മാനസികപീഡനം സഹിക്കാവുന്നതിനും അപ്പുറത്താണെന്നു മകള്‍ ശ്രുതി പറഞ്ഞിരുന്നതായി ബാബു പറഞ്ഞു. കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഒടുവില്‍ വീട്ടില്‍ കൊണ്ടുപോയി വിടുമെന്നും അവര്‍ പറഞ്ഞതായി ബാബു മനോരമ ഓണ്‍ലൈനോടു പറഞ്ഞു. ‘‘അവര്‍ വല്ലാതെ എന്റെ കുട്ടിയെ മെന്റല്‍ ടോര്‍ച്ചര്‍ ചെയ്തിരുന്നു. സ്ത്രീധനം കൊടുത്തതു തികഞ്ഞില്ല. സ്വര്‍ണവും പണവും കൊടുത്തതു കുറഞ്ഞുപോയി എന്നൊക്കെ പറഞ്ഞായിരുന്നു പീഡനം. ഭര്‍ത്താവിനൊപ്പം ഒരേ സോഫയില്‍ അടുത്തടുത്ത് ഇരിക്കാന്‍പോലും മോളെ അനുവദിച്ചിരുന്നില്ല. അവന്റെ ദേഹത്തു തൊട്ടു സംസാരിച്ചു കൂടാ. ഒരുമിച്ച് എവിടെയും പോകാന്‍ പാടില്ല. വല്ലാതെ രണ്ടുപേരെയും അകറ്റിയാണു നിര്‍ത്തിയത്. കാര്‍ത്തിക് ഒന്നു ചിരിച്ചു മോളോടു സംസാരിച്ചാല്‍ പിന്നെ അന്നവിടെ വഴക്കായിരിക്കും. ആര്‍ത്തവ സമയത്തു വെറും തറയില്‍ മാത്രമാണ് ഇരിക്കാന്‍ സമ്മതിച്ചിരുന്നത്. കസേരയിലോ സോഫയിലോ ഇരിക്കാന്‍ പാടില്ലെന്നു പറഞ്ഞ് വല്ലാതെ പീഡിപ്പിച്ചിരുന്നു. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാനും അനുവാദമില്ലായിരുന്നു. കാര്‍ത്തിക് ആഹാരം കഴിച്ച് എഴുന്നേറ്റശേഷം അതേ എച്ചില്‍പാത്രത്തില്‍ ശ്രുതി കഴിക്കണമായിരുന്നു.
കോളജില്‍ അസി. പ്രഫസറായി ജോലി ചെയ്തിരുന്നതാണ് എന്റെ മകള്‍. അവള്‍ക്കും ഭര്‍ത്താവിനൊപ്പം ഇരുന്ന് ആഹാരം കഴിക്കണമെന്ന് ആഗ്രഹമില്ലേ. എച്ചില് പാത്രത്തില്‍ കഴിക്കുന്നതിനു കുഴപ്പമില്ല, പക്ഷേ, കാര്‍ത്തിക്കിന്റെ ഒപ്പമിരുന്നേ കഴിക്കൂ എന്ന് അവള് പറഞ്ഞിരുന്നു. ഇതൊക്കെ വഴക്കിനു കാരണമായി. ഞങ്ങള്‍ ഒരുപാടു ദൂരയായതു കാരണം അവളെ ആശ്വസിപ്പിക്കാന്‍ അവിടെ ആരും ഇല്ലാതെ പോയി. കാര്‍ത്തിക്കിന് അമ്മയെ പേടിയായിരുന്നു. പക്ഷേ, ഇത്രയും ദൂരത്തേക്ക് എത്തിയ ശ്രുതിക്കു താന്‍ മാത്രമേ ഉള്ളൂ എന്ന് അവര്‍ ചിന്തിച്ചില്ല. വീടിന് അടുത്തു താമസിച്ചിരുന്ന കാര്‍ത്തിക്കിന്റെ സഹോദരിയും ശ്രുതിക്കു പിന്തുണ നല്‍കിയില്ല.
മാസത്തില്‍ പല തവണ ശ്രുതി പല്ലിന്റെ ചികിത്സയ്ക്കു വേണ്ടി കാര്‍ത്തിക്കിനൊപ്പം കോയമ്പത്തൂരില്‍ വരുമായിരുന്നു. അപ്പോള്‍ മാത്രമാണ് അവര്‍ സന്തോഷമായിരുന്നത്. ദീപാവലിക്ക് അവര്‍ വീട്ടിലേക്കു വരാന്‍ ഇരുന്നതാണ്. അവരുടെ കുടുംബത്തുള്ള എല്ലാവര്ക്കും ഉള്‍പ്പെടെ തുണി ഒക്കെ വാങ്ങി മോള് വരുന്നതു കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍. അപ്പോഴാണ് അപ്രതീക്ഷിതമായി പ്രശ്നം ഉണ്ടായത്. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കാന്‍ പാടില്ലെന്നും എച്ചില് പാത്രത്തില്‍ കഴിക്കണമെന്നും പറഞ്ഞ് തിങ്കളാഴ്ച രാത്രി അവിടെ എന്തോ വഴക്കുണ്ടായി. അതിനു ശേഷം ശ്രുതി തൂങ്ങിമരിച്ചെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ അതിന്റെ യാതൊരു അടയാളവും മോളുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ല. അത്രയും ഉയരത്തില്‍ കയറി കമ്പിയില്‍ കുരുക്കിടാനോ ഒന്നും അവള്‍ക്ക് കഴിയില്ല.
അവിടെ എന്തോ നടന്നിട്ടുണ്ട്. അതിന്റെ സത്യം അറിയണം. കുറഞ്ഞ വകുപ്പുകള്‍ ഇട്ടാണ് തമിഴ്നാട് പൊലീസ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. എന്റെ മകളെ ഇത്രയും ദ്രോഹിച്ച ആ സ്ത്രീ ഇനിയൊരു പെണ്‍കുട്ടിയെയും ദ്രോഹിക്കാന്‍ പാടില്ല. അഞ്ചാറു മാസം കഴിയുമ്പോള്‍ അവര്‍ കാര്‍ത്തിക്കിനെ വീണ്ടും വിവാഹം കഴിപ്പിക്കും. ആ പെണ്‍കുട്ടിയെയും അവര്‍ ഇങ്ങനെ കൊല്ലും. അവരെ വെറുതേവിടാന്‍ പാടില്ല. ഇന്നലെ അവര്‍ ആത്മഹത്യാ ശ്രമം നടത്തിയെന്നു പറയുന്നത് തട്ടിപ്പാണ്. അറസ്റ്റ് ഒഴിവാക്കാനും അന്വേഷണം വൈകിപ്പിക്കാനുമുള്ള തന്ത്രമാണത്.
വീട്ടിലെ പ്രശ്നങ്ങള്‍ പറഞ്ഞ് തിങ്കളാഴ്ച രാത്രി ശ്രുതി അമ്മയ്ക്ക് ശബ്ദസന്ദേശം ഇട്ടിരുന്നു. വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ കാര്‍ത്തിക്കിന്റെ അമ്മ പറഞ്ഞുവെന്നും പറ്റില്ലെന്നു താന്‍ പറഞ്ഞുവെന്നും അതിലുണ്ടായിരുന്നു. വീട്ടില്‍ കൊണ്ടുപോയി വിടുമെന്നും ഇനി തിരിച്ചു വരേണ്ടെന്നു പറഞ്ഞുവെന്നും കരഞ്ഞു കൊണ്ടാണ് ശ്രുതി പറഞ്ഞത്. അവസാനം പെപ്പില്നിന്നു വെള്ളം തുറന്നുവിട്ടിരുന്ന ശബ്ദം കേട്ടു. എന്തോ അരുതാത്തതു സംഭവിച്ചുവെന്നു തോന്നി. എങ്ങനെയും മകളെ രക്ഷപ്പെടുത്തി കൊണ്ടുവരാന്‍ വേണ്ടി അപ്പോള്‍ത്തന്നെ നാഗര്‍കോവിലിലേക്കു തിരിച്ചു. അതിനിടയില്‍ കാര്‍ത്തിക് ഉള്‍പ്പെടെ എല്ലാവരെയം വിളിച്ചെങ്കിലും ആരും എടുത്തില്ല. യാത്രയ്ക്കിടെ കാര്‍ത്തിക്കിന്റെ സഹോദരി ഫോണ്‍ എടുത്തശേഷം ശ്രുതിക്ക് പള്‍സ് വളരെ കുറവാണ് ആശുപത്രിയിലേക്കു കൊണ്ടുപോകുകയാണെന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. പിന്നീട് ശ്രുതിയെ ആശാരിപള്ളം സര്‍ക്കാര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നു പറഞ്ഞു. എന്റെ കുഞ്ഞിന് എന്തു പറ്റിയെന്നു സത്യം പറയാന്‍ പറഞ്ഞപ്പോള്‍ ശ്രുതി തൂങ്ങിമരിക്കാന്‍ ശ്രമിച്ചുവെന്നു പറഞ്ഞു. അവള് ജീവനോടെ ഉണ്ടോ എന്നു പറയാന്‍ പല തവണ ചോദിച്ചപ്പോള്‍ ഒടുവില്‍ അവള് പോയി എന്ന് അവര്‍ പറഞ്ഞു. ഇതു കേട്ട് എന്റെ ഭാര്യ കാറില്‍ ബോധം കെട്ടുവീണു. ഒരു വിധത്തില്‍ പാഞ്ഞ് ആശുപത്രിയിലെത്തി. മോര്‍ച്ചറിയില്‍ എത്തി അവളെ കാണുമ്പോള്‍ ഉറങ്ങിയപോലെ കിടക്കുകയായിരുന്നു. തൂങ്ങിമരിച്ച ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. കാര്‍ത്തിക്കിന്റെ വീട്ടുകാര്‍ ആരും അങ്ങോട്ടു വന്നില്ല. പിന്നെ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്കി.
അപ്പോഴേക്കും വെളുപ്പിന് മൂന്നു മണി ആയിരുന്നു. ആര്‍ഡിഒ എത്തിയ ശേഷമേ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കഴിയൂ എന്നു പൊലീസുകാര്‍ പറഞ്ഞു. പിറ്റേന്ന് 11 മണിയോടെ ആര്‍ഡിഒ കാളീശ്വരി പരിശോധനയ്ക്ക് എത്തി. സ്ത്രീധനപ്രശ്നവും പീഡനവും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും അവരോടു പറഞ്ഞു. മൂന്നരയോടെ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് അവളെ ഞങ്ങള്‍ക്കു തന്നു. രാത്രി കോയമ്പത്തൂരിലെത്തി. ബുധനാഴ്ച രാവിലെ മോളുടെ സംസ്കാരചടങ്ങുകള്‍ നടത്തി. അവള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയണം. എല്ലാവരുടെയും സഹായം അതിനു വേണം. - ഒരു തേങ്ങലോടെയാണു തന്റെ മകള്‍ക്കുണ്ടായ ദുരന്തം ബാബു മനോരമ ഓണ്‍ലൈനോടു പങ്കുവച്ചത്. കൊല്ലം പത്തനാപുരം സ്വദേശിയായ ബാബു തമിഴ്നാട് വൈദ്യുതി വകുപ്പിലെ ജോലി സംബന്ധമായാണ് 35 വര്‍ഷമായി കോയമ്പത്തൂരില്‍ താമസിക്കുന്നത്.