‘അഭിനയിക്കുന്നവർ അരങ്ങുവാഴുന്ന കാലത്ത് ആത്മാർഥതയ്ക്ക് എന്തുവില’: ഷുക്കൂറിനെ ഉന്നമിട്ട് പാർട്ടികൾ
Mail This Article
പാലക്കാട് ∙ ‘‘അഭിനയിക്കുന്നവർ അരങ്ങുവാഴുന്ന കാലത്ത് ആത്മാർഥതയ്ക്ക് എന്തുവില? ആട്ടും തുപ്പുമേറ്റ് എന്തിന് ഇതിൽ നിൽക്കണം? ഇനിയില്ല ഈ കൊടിക്കൊപ്പം...’’ സിപിഎമ്മിൽനിന്നു രാജി വച്ച ഏരിയാ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂറിന്റെ വാട്സാപ് സ്റ്റാറ്റസ് ഇപ്രകാരമായിരുന്നു. പാർട്ടിയിലെ കടുത്ത അവഗണനയിൽ മനംനൊന്താണ് രാജിയെന്ന് ഷുക്കൂർ ചൂണ്ടിക്കാട്ടുകയും ചെയ്തു. അബ്ദുൽ ഷുക്കൂറിനെ സ്വീകരിക്കാൻ ഇരുകയ്യും നീട്ടി ബിജെപിയും കോൺഗ്രസും ഉടനെത്തി. ഉപതിരഞ്ഞെടുപ്പു കാലമായതിനാൽ ഷുക്കൂർ ഒപ്പമുണ്ടാകുന്നത് നേട്ടമായി കണ്ടായിരുന്നു നീക്കം. ഇരുമുന്നണികളഉടെയും നേതാക്കൾ ഷുക്കൂറിന്റെ വസതിയിലെത്തി ചർച്ച നടത്തിയതോടെ ഷുക്കൂറിനെ അനുനയിപ്പിക്കാൻ സിപിഐ – സിപിഎം നേതാക്കളും മുന്നിട്ടിറങ്ങി. ഇന്നു വൈകിട്ടു നടക്കുന്ന തിരഞ്ഞെടുപ്പു സമ്മേളനങ്ങളിൽ ഷുക്കൂർ മുൻനിരയിലുണ്ടാകുമെന്നാണ് പാർട്ടി പ്രവർത്തകർ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
അതിനിടെ, ഷുക്കൂറിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഷുക്കൂറുമായി ബന്ധപ്പെട്ടെന്ന് എംപി വി.കെ. ശ്രീകണ്ഠൻ സ്ഥിരീകരിച്ചു. ഷുക്കൂറിന്റെ കോൺഗ്രസിലേക്ക് അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. ഡിസിസി നേതൃത്വം ഷുക്കൂറുമായി ബന്ധപ്പെട്ടുവെന്നും തീരുമാനം പറയേണ്ടത് ഷുക്കൂറാണെന്നുമാണ് പാലക്കാട് ഡിസിസി നേതൃത്വം അറിയിച്ചത്. ബിജെപി ദേശീയ കൗൺസിൽ അംഗം എൻ.ശിവരാജൻ നേരിട്ടെത്തിയാണ് ഷുക്കൂറിന്റെ കുടുംബാംഗങ്ങളുമായി ചർച്ച നടത്തിയത്. ഷുക്കൂറിന്റെ സഹോദരിയും കൗൺസിലറുമായ സെലീനയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം, ‘കാത്തിരുന്നു കാണൂ’ എന്നായിരുന്നു എൻ.ശിവരാജൻ മാധ്യമങ്ങളോടു പ്രതികരിച്ചത്.
കോൺഗ്രസും ബിജെപിയും പ്രതീക്ഷയിലാണെങ്കിലും, അടുത്ത നീക്കമെന്തെന്ന് ഷുക്കൂർ തീരുമാനിച്ചിട്ടില്ലെന്നാണ് സൂചന. കുറേക്കാലമായി പൊതുപ്രവർത്തനം നടത്തുന്നയാളാണെന്നും എന്തുവേണമെന്ന് ആലോചിച്ചുമാത്രം തീരുമാനിക്കുമെന്നുമാണ് ഷുക്കൂറിന്റെ നിലപാട്. ഊഹോപോഹങ്ങളിൽ വിശ്വസിക്കരുതെന്നു കുടുംബാംഗങ്ങളും പറയുന്നു. ഷുക്കൂറിനൊപ്പം സെലീനയും പാർട്ടി വിട്ടേക്കുമെന്നാണു സൂചന. അങ്ങനെയെങ്കിൽ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് അതു തിരിച്ചടിയാകും.
നഗരമേഖലയിലെ അണികൾക്കിടയിൽ സ്വാധീനമുള്ളയാളാണ് ഷുക്കൂർ. പി.സരിന്റെ സിപിഎം പ്രവേശനവുമായി ബന്ധപ്പെട്ട് ഷുക്കൂർ നടത്തിയ പരാമർശങ്ങൾ ചർച്ചയായിരുന്നു. സരിനെ ജില്ലാ സെക്രട്ടറി സ്വീകരിച്ചതുപോലെ പാർട്ടി സ്വീകരിച്ചിട്ടില്ലെന്നായിരുന്നു ഷുക്കൂർ അഭിപ്രായപ്പെട്ടത്. പക്ഷേ, പാർട്ടി നിർദേശിച്ച പ്രകാരം സരിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുകയും ചെയ്തു. എന്നാൽ പ്രചാരണത്തിൽ ഷുക്കൂർ സജീവമല്ലെന്നു തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ ജില്ലാ സെക്രട്ടറി പരസ്യമായി വിമർശിച്ചതോടെയാണ് ഷുക്കൂറിനു മനംമാറ്റമുണ്ടായത്. ഇത്രകാലം പ്രവർത്തിച്ച പാർട്ടി തന്നെ അവഗണിച്ചുവെന്നും ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും ഷുക്കൂർ ആരോപിച്ചു.
‘‘വല്ലപ്പോഴും എന്നിലെ തെറ്റുമാത്രം കണ്ടെത്താതെ എന്നിലെ ശരിയും കണ്ടെത്തുക. അല്ലെങ്കിൽ വലിയ തെറ്റുകാരനാണ് ഞാനെന്ന് ഞാൻ തന്നെ വിശ്വസിച്ചേക്കാം’’ – എന്നു വാട്സാപ് സ്റ്റാറ്റസിൽ കുറിച്ച ഷുക്കൂറിനെ എല്ലാ മുന്നണികൾക്കും വേണം. എന്നാൽ ഷുക്കൂർ ഇനി ആരെ തിരഞ്ഞെടുക്കുമെന്നാണ് പാലക്കാട് ഉറ്റുനോക്കുന്നത്.