കിഴക്കൻ ലഡാക്കിൽ ഇന്ത്യ, ചൈന സൈനിക പിൻമാറ്റം ആരംഭിച്ചു; പൂർത്തിയായ ശേഷം പട്രോളിങ്
Mail This Article
ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ ഇന്ത്യ, ചൈന സൈനിക പിൻമാറ്റം ആരംഭിച്ചു. 29ന് പിൻമാറ്റം പൂർത്തിയാകും. കിഴക്കൻ ലഡാക്കിലെ ഡെപ്സങ്, ഡെംചോക് പ്രദേശങ്ങളിൽ നിന്നുള്ള സൈനിക പിൻമാറ്റമാണ് ആരംഭിച്ചത്. സേനാ പിൻമാറ്റം പൂർത്തിയായ ശേഷം പട്രോളിങ് ആരംഭിക്കും.
ഇരുപ്രദേശങ്ങളിലും താൽക്കാലികമായി നിർമിച്ച സംവിധാനങ്ങളും പൊളിച്ചുനീക്കും. 2020 ഏപ്രിലിനു മുൻപത്തെ നിലയിലേക്കു ഘട്ടം ഘട്ടമായി മടങ്ങാനാണ് തീരുമാനം. പാംഗോങ് തടാക തീരത്ത് 2020 മേയ് 5നു ചൈനീസ് സേന കടന്നുകയറിയതോടെയാണു ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ആരംഭിച്ചത്.
സമാധാനപരമായ ബന്ധം നിലനിർത്താൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായിരുന്നു. റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്സ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്ങും നടത്തിയ ചർച്ചയിലാണ് ഈ ധാരണയിലെത്തിയത്. കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കത്തിൽ നിർണായക തീരുമാനമുണ്ടായതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച.