ടി.വി.പ്രശാന്തിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ; സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം
Mail This Article
തിരുവനന്തപുരം∙ എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിഷ്യനായ ടി.വി.പ്രശാന്തിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ. ആരോഗ്യസെക്രട്ടറി ഡോ.രാജന്‍ ഖോബ്രഗഡെയും ജോയിന്റ് ഡിഎംഒയും അടങ്ങിയ സമിതി റിപ്പോര്‍ട്ട് നല്‍കി. പ്രശാന്ത് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. പ്രശാന്തിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു. പ്രശാന്ത് സര്‍വീസില്‍ ഇരിക്കെ പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയതിനെക്കുറിച്ചാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സമിതി പരിയാരത്തെത്തി അന്വേഷണം നടത്തിയത്.
പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് ഡിഎംഇ അറിയിച്ചതിനാലാണ് തുടരന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. പ്രശാന്ത് സര്‍ക്കാര്‍ ജീവനക്കാരനല്ലെന്നും പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ ഉണ്ടായിരുന്ന ജീവനക്കാരനാണെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. പ്രശാന്തിനെ റെഗുലറൈസ് ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞിരുന്നു. പെട്രോള്‍ പമ്പിന് നിരാക്ഷേപ പത്രം (എന്‍ഒസി) നല്‍കാത്തത്തില്‍ അഴിമതി നടന്നതായി യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തത്.
ചെങ്ങളായി പഞ്ചായത്തിലെ നെടുവാലൂര്‍ ചേരന്‍കുന്നിലാണ് പെട്രോള്‍ പമ്പിനായി പ്രശാന്ത് അനുമതി തേടിയത്. ചേരന്‍കുന്ന് സെന്റ് ജോസഫ്‌സ് പള്ളിയുടെ ഇടതുവശത്തായുള്ള 40 സെന്റ് സ്ഥലമാണ് പെട്രോള്‍ പമ്പ് തുടങ്ങാനായി പ്രശാന്ത് പാട്ടത്തിനെടുത്തിരുന്നത്. ചെങ്ങളായിയില്‍ പെട്രോള്‍ പമ്പ് തുടങ്ങാന്‍ നാലരക്കോടി രൂപ വേണ്ടിവരുമെന്നാണു വിലയിരുത്തല്‍. പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ഇലക്ട്രിഷ്യനായ ടി.വി.പ്രശാന്തന് ഇത്രയും പണമുണ്ടോയെന്നാണ് ഉയർന്ന ചോദ്യം. പ്രശാന്തനെ മുന്നില്‍നിര്‍ത്തി ആരോ പണം മുടക്കാനിരുന്നെന്നാണ് ആക്ഷേപം.