ADVERTISEMENT

തിരുവനന്തപുരം ∙ എല്‍ഡിഎഫിലെ എംഎല്‍എമാരുമായി എന്‍സിപി അജിത് പവാര്‍ പക്ഷം ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് എന്‍.എ.മുഹമ്മദ് കുട്ടി. കോവൂര്‍ കുഞ്ഞുമോനെ ഇന്നേവരെ നേരിട്ടു കണ്ടിട്ടില്ല. തിരുവനന്തപുരത്ത് ഒരു വിവാഹച്ചടങ്ങില്‍ വച്ച് ആന്റണി രാജുവിനെ ഒരുവട്ടം കണ്ടിട്ടുണ്ടെന്നും മുഹമ്മദ് കുട്ടി പറഞ്ഞു. 

‘‘തോമസ് കെ.തോമസുമായി അജിത് പവാര്‍ പക്ഷത്തിന് ഒരു ബന്ധവുമില്ല. തോമസ് കെ.തോമസ് വ്യക്തിപരമായി എംഎല്‍എമാരോട് എന്തെങ്കിലും പറഞ്ഞോ എന്ന് അറിയില്ല. എന്‍സിപി രണ്ടായ സമയത്ത് തിരഞ്ഞെടുപ്പു കമ്മിഷനിലും സുപ്രീംകോടതിയിലും വിഷയം എത്തിയിരുന്നു. ആ സാഹചര്യത്തില്‍ രണ്ടു വിഭാഗവും ഒപ്പം നില്‍ക്കുന്ന ആളുകളില്‍നിന്നു സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങിയിരുന്നു. അപ്പോള്‍ തോമസ് കെ.തോമസോ എ.കെ.ശശീന്ദ്രനോ അജിത് പവാറിന് അനുകൂലമായി സത്യവാങ്‌മൂലം നല്‍കിയിട്ടില്ല. അങ്ങനെ ഉള്ള ഒരാളെ പാര്‍ട്ടിയിലേക്ക് ആളെക്കൂട്ടാന്‍ നിയോഗിക്കുമോ?

ലക്ഷദ്വീപില്‍ തിരഞ്ഞെടുപ്പ് ചാര്‍ജ് എനിക്കായിരുന്നു. ആകെ കേന്ദ്രനേതൃത്വം തന്നത് ഒരു കോടി രൂപയാണ്. ഇവിടെനിന്ന് പോസ്റ്റര്‍ ഉള്‍പ്പെടെ പ്രിന്റ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു. അപ്പോള്‍, പാര്‍ട്ടിക്കു യാതൊരു ബന്ധവുമില്ലാത്ത ആള്‍ക്ക് നൂറു കോടിയുടെ വാഗ്ദാനം നല്‍കി എന്നു പറയാന്‍ കഴിയുമോ? സ്വന്തം കക്ഷിക്കു വേണ്ടി തൊണ്ടിമുതല്‍ മാറ്റിയെന്ന് ആരോപണം നേരിടുന്ന ആളാണ് ആന്റണി രാജു. അങ്ങനെ ഒരാള്‍ പറയുന്നതു കേട്ട് മുഖ്യമന്ത്രി പോകുക എന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ആന്റണി രാജു മന്ത്രിയായിരിക്കെ ഉയര്‍ന്നുവന്ന ആരോപണത്തില്‍ മുഖ്യമന്ത്രി ഇടപെട്ടാണ് പ്രശ്‌നപരിഹാരം ഉണ്ടാക്കിയത്.

കേരളത്തില്‍ അജിത് പവാര്‍ വിഭാഗത്തിന് തോമസ് കെ.തോമസിനെ കിട്ടിയാല്‍ മെച്ചമുണ്ട്. രണ്ട് എംഎല്‍എമാരില്‍ ഒരാളെ ഒപ്പം ചേര്‍ക്കാന്‍ കഴിഞ്ഞു എന്നു പറയാം. കേസ് നടക്കുമ്പോള്‍ രണ്ട് എംഎല്‍എമാര്‍ക്കും യോഗങ്ങളില്‍ പങ്കെടുക്കാന്‍ നോട്ടിസ് നല്‍കിയിരുന്നു. രണ്ടുപേരും പങ്കെടുത്തില്ല. ആഴ്ചതോറും ഡല്‍ഹിയിലും മുംബൈയിലും പോകുമ്പോള്‍ തോമസ് കെ.തോമസ് ശരദ് പവാറിനെ മാത്രമാണ് കണ്ടിരുന്നത്. ഒരു തവണ പോലും അജിത് പവാറിനെ കണ്ടിട്ടില്ല. ഒരു പ്രാവശ്യം പ്രഫുല്‍ പട്ടേലിനെ കണ്ടത് മന്ത്രിസ്ഥാനം കിട്ടാന്‍ സഹായിക്കണമെന്നു പറയാനാണ്. മുന്‍പ് ഞാന്‍ അടക്കമുള്ള ഏഴു പേര്‍ അടങ്ങുന്ന കോര്‍ കമ്മിറ്റിയാണ് മന്ത്രിസ്ഥാനം രണ്ടര വര്‍ഷമായി വീതം വയ്ക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനം മുഖ്യമന്ത്രിയെ അറിയിച്ചത് പ്രഫുല്‍ പട്ടേല്‍ ആയിരുന്നു. അക്കാര്യം ഒന്നുകൂടി മുഖ്യമന്ത്രിയോടു പറഞ്ഞ് സഹായിക്കണമെന്ന് പ്രഫുല്‍ പട്ടേലിനോട് തോമസ് കെ.തോമസ് അഭ്യര്‍ഥിച്ചു. പക്ഷേ പ്രഫുല്‍ പട്ടേല്‍ അതിനു തയാറായില്ല’’ - മുഹമ്മദ് കുട്ടി പറഞ്ഞു.

English Summary:

Thomas K. Thomas's Allegiance: NCP Kerala Chief Denies Ajit Pawar Faction's Involvement with LDF MLAs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com