ADVERTISEMENT

മുംബൈ ∙ എല്ലാ നഗ്നചിത്രങ്ങളും അശ്ലീലമല്ലെന്നും ഉദ്യോഗസ്ഥരുടെ നിലപാടുകളിൽ മുൻധാരണകളോ പ്രത്യയശാസ്ത്ര നിലപാടുകളോ സ്വാധീനം ചെലുത്താൻ പാടില്ലെന്നും ബോംബെ ഹൈക്കോടതി. എഫ്.എൻ. സൗസ, അക്ബർ പദംസി എന്നിവരുടെ ചിത്രങ്ങൾ ‘അശ്ലീലം’ എന്നാരോപിച്ച് കസ്റ്റംസ് തടഞ്ഞതിനെതിരെയുള്ള പരാതി പരിഗണിക്കുകയായിരുന്നു കോടതി. നഗ്നചിത്രങ്ങൾ വികൃതവും യുക്തിരഹിതവുമാണെന്നു മുദ്രകുത്തി കഴിഞ്ഞ ജൂലൈയിൽ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയ കോടതി, തടഞ്ഞ ചിത്രങ്ങൾ രണ്ടാഴ്ചയ്ക്കകം ഉടമസ്ഥന് തിരിച്ചുനൽകണമെന്നും നിർദേശിച്ചു.

ലൈംഗികതയും അശ്ലീലവും എപ്പോഴും പര്യായമല്ലെന്ന് മനസ്സിലാക്കുന്നതിൽ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ പരാജയപ്പെട്ടു. അശ്ലീല സാമഗ്രികൾ എന്നത് മനഃപൂർവം ലൈംഗികതയെ ഉത്തേജിപ്പിക്കുന്നതാണ്. നഗ്നചിത്രങ്ങളെ അത്തരത്തിൽ കണക്കാക്കാനാകില്ല. ഇത്തരം കലാസൃഷ്ടികൾ കാണണമെന്നോ ആസ്വദിക്കണമെന്നോ എല്ലാവരെയും നിർബന്ധിക്കുന്നില്ല. അതേസമയം കലാസൃഷ്ടികളെ വിലയിരുത്തുമ്പോൾ മുൻധാരണകളോ പ്രത്യയശാസ്ത്ര നിലപാടുകളോ സ്വാധീനം ചെലുത്താൻ പാടില്ല– കോടതി പറഞ്ഞു.

കസ്റ്റംസ് വിഭാഗത്തിന്റെ ഉത്തരവിനെതിരെ വ്യവസായിയും കലാസ്വാദകനുമായ മുസ്തഫ കറാച്ചിവാല നൽകിയ പരാതിയിലാണ് കോടതി ഇടപെടൽ. ഇന്ത്യൻ കലയിൽ ആധുനികത അവതരിപ്പിച്ച ചിത്രകാരന്മാരാണ് സൗസയും പദംസിയും. ലണ്ടനിൽ വച്ച് നടന്ന രണ്ട് ലേലങ്ങളിലാണ് ഇവരുടെ 7ചിത്രങ്ങൾ മുസ്തഫ വാങ്ങിയത്. എന്നാൽ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനിടെ അശ്ലീലം ആരോപിച്ച് ചിത്രങ്ങൾ തടയുകയായിരുന്നു.

English Summary:

Bombay HC: Nude Art Not Necessarily Obscene, Orders Return of Seized Paintings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com