ADVERTISEMENT

മുംബൈ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡിയിലും (ഇന്ത്യാമുന്നണി) മഹായുതിയിലും (എൻഡിഎ) സീറ്റ് വിഭജനം നീളുന്നു. ഇന്ത്യാമുന്നണിയിൽ ശിവസേനയും (ഉദ്ധവ്) കോൺഗ്രസും തമ്മിലുള്ള തർക്കമായിരുന്നു ഇതുവരെ കല്ലുകടിയായിരുന്നതെങ്കിൽ 5 സീറ്റുകൾ വേണമെന്ന അവകാശവാദവുമായി സമാജ്‌വാദി പാർട്ടി (എസ്പി) രംഗത്തെത്തിയത് പുതിയ തലവേദനയായി. 5 സീറ്റുകൾ നൽകിയില്ലെങ്കിൽ 25 സീറ്റുകളിൽ മത്സരിക്കുമെന്ന് എസ്പി മഹാരാഷ്ട്രാ ഘടകം ഇന്ത്യാമുന്നണി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി.

എൻഡിഎയിൽ പതിനഞ്ചിലേറെ സീറ്റുകളിൽ തീരുമാനമാകാനുണ്ട്. അഭിപ്രായവ്യത്യാസങ്ങൾ പരസ്യമാക്കരുതെന്നും വിമതസ്ഥാനാർഥികൾ ഉണ്ടാകുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്നുമുള്ള കർശന നിർദേശമാണ് ബിജെപി കേന്ദ്ര നേതൃത്വം നൽകിയിരിക്കുന്നത്. തർക്കം നിലനിൽക്കുന്നതൊഴികെയുള്ള സീറ്റുകളിൽ സ്ഥാനാർഥി പ്രഖ്യാപനം വേഗത്തിലാക്കാനും മുന്നണിയിൽ ധാരണയായി.

മോദി 12 റാലികളിൽ

നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 12 പൊതുയോഗങ്ങളിൽ പങ്കെടുക്കുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുളെ അറിയിച്ചു. ഗോണ്ടിയ, അകോള, ധുളെ, മുംബൈ, നവിമുംബൈ ഉൾപ്പെടെയുള്ള മേഖലകളിൽ മോദി പ്രചാരണത്തിനെത്തും.

ഇന്ത്യയ്ക്ക് കരുത്തായി കേജ്‌രിവാൾ

ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ ഇന്ത്യാമുന്നണിക്കായി പ്രചാരണത്തിനെത്തും. ശിവസേനയുടെയും (ഉദ്ധവ്) എൻസിപിയുടെയും (ശരദ്) ക്ഷണത്തെത്തുടർന്നാണിത്. എഎപി മുംബൈയിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും ഡൽഹിയിൽ കൂടുതൽ ശ്രദ്ധിക്കാനായി തീരുമാനം ഉപേക്ഷിച്ചതായി നേതാക്കൾ വ്യക്തമാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹി, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി സഖ്യം ചേർന്നു മത്സരിച്ച എഎപി പഞ്ചാബിൽ ഒറ്റയ്ക്കാണ് ജനവിധി തേടിയത്. അടുത്തിടെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലും ഒറ്റയ്ക്കാണു മത്സരിച്ചത്.

English Summary:

Maharashtra Elections: Seat Sharing Deadlock Threatens Both Alliances

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com