‘ഗുരുതര ചട്ടലംഘനം’: ടി.വി.പ്രശാന്തിന് സസ്പെൻഷൻ, കടുത്ത അച്ചടക്ക നടപടി പിന്നീട്
Mail This Article
കണ്ണൂർ∙ വിവാദ പെട്രോൾ പമ്പ് അപേക്ഷൻ ടി.വി.പ്രശാന്തിന് സസ്‌പെൻഷൻ. പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരനായ പ്രശാന്തിനെതിരെ ആരോഗ്യ വകുപ്പമാണ് നടപടിയെടുത്തത്. ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ടലംഘനവും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സർക്കാർ സർവീസിലിരിക്കെ പെട്രോൾ പമ്പിന് അപേക്ഷിച്ചതും, കൈക്കൂലി നൽകിയെന്നു പറഞ്ഞതും സർവീസ് ചട്ടലംഘനമെന്ന് സസ്‌പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. കൈക്കൂലി നൽകുന്നതും വാങ്ങുന്നതും ഗുരുതരമായ ചട്ടലംഘനമാണ്. കടുത്ത അച്ചടക്ക നടപടിക്ക് മുന്നോടിയായാണ് സസ്പെൻഷൻ.
കൂടുതൽ അന്വേഷണത്തിനും അച്ചടക്ക നടപടി ആരംഭിക്കുന്നതിനുമായി സേവനത്തിൽ നിന്ന് ഉടൻ സസ്‌പെൻഡ് ചെയ്യുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. ഇയാൾ പത്തുദിവസത്തെ കൂടി അവധിക്ക് അപേക്ഷിച്ചിരുന്നു. ഇതിനിടയിലാണ് സസ്‌പെൻഷൻ ഉത്തരവ് വന്നിരിക്കുന്നത്.
എഡിഎമ്മിന്റെ മരണത്തെ തുടർന്ന് ആരോഗ്യവകുപ്പിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. സർക്കാർ സർവീസിലിരിക്കുന്ന പ്രശാന്തിന് എങ്ങനെയാണ് പെട്രോൾ പമ്പ് അപേക്ഷ നൽകാൻ സാധിക്കുക, പ്രശാന്തിന് എതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങൾ ആരോഗ്യമന്ത്രി വീണാ ജോർജും അഭിമുഖീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രശാന്തിനെതിരെ അന്വേഷണം നടത്തുന്നതും ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടപടിയെടുക്കുന്നതും.