‘ആക്രമണത്തിന് ഇസ്രയേൽ കനത്തവില നൽകേണ്ടി വരും’: മുന്നറിയിപ്പുമായി ഇറാൻ
Mail This Article
ടെഹ്റാൻ ∙ ശനിയാഴ്ച പുലർച്ചെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനു കനത്തവില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇറാൻ. ‘ഇറാനിയൻ ആകാശത്തെ കടന്നുകയറ്റത്തിന് ഇസ്രയേൽ വലിയവില നൽകേണ്ടിവരും. ബങ്കറുകളിലെ ജീവിതവുമായി ഇസ്രയേലുകാർ പൊരുത്തപ്പെടേണ്ടിവരും’ എന്നായിരുന്നു റവല്യൂഷനറി ഗാർഡിലെ മുതിർന്ന അംഗവും ഇറാന്റെ സുപ്രീം സെക്യൂരിറ്റി കൗൺസിൽ അംഗവുമായ ജനറൽ ഇസ്മയിൽ കോസ്‌രിയുടെ വാക്കുകൾ.
ഇസ്രയേൽ ആക്രമണത്തെ ആദ്യം ചെറുതായാണ് ഇറാൻ കണക്കാക്കിയത്. ആക്രമണത്തെ ഇറാൻ വിജയകരമായി ചെറുത്തെന്നും നാശനഷ്ടങ്ങൾ ചെറുതാണ് എന്നുമായിരുന്നു ഔദ്യോഗിക വൃത്തങ്ങളുടെ പ്രതികരണം. നാശനഷ്ടങ്ങളുടെ തീവ്രതയും ആഴവും മനസ്സിലാക്കിയതോടെയാണ് ഇറാൻ സ്വരം മാറ്റിയത്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്കും മിസൈലുകൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്തിയെന്നാണു യുഎസും ഇസ്രയേലും വിലയിരുത്തുന്നത്. പ്രതികരിക്കണോ വേണ്ടയോ എന്നതും ഏതു രീതിയിൽ തിരിച്ചടിക്കണം എന്നതും തീരുമാനിക്കേണ്ടത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയാണ്. പ്രതീക്ഷിച്ചതിനേക്കാൾ വലിയ തിരിച്ചടി നേരിട്ടതിനാൽ ഇറാൻ അടങ്ങിയിരിക്കില്ലെന്നാണു പ്രതിരോധ വിദഗ്ധർ കണക്കുകൂട്ടുന്നത്.
വ്യോമാക്രമണങ്ങളുടെ ആഘാതം പെരുപ്പിച്ചു കാണിക്കാൻ ഇസ്രയേൽ ശ്രമിച്ചുവെന്ന് ആയത്തുല്ല ഖമനയി പറഞ്ഞു. ‘‘ഇസ്രയേലിന്റെ ആക്രമണത്തെ പെരുപ്പിച്ചു കാണുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യേണ്ടതില്ല. എന്നാൽ ഇസ്രയേൽ ഭരണകൂടത്തിന്റെ കണക്കുകൂട്ടലുകളിലെ പാളിച്ചകൾ തകർക്കണം. അവർക്ക് ഇറാനിയൻ ജനതയുടെ ശക്തിയും കഴിവുകളും ഇച്ഛാശക്തിയും പൂർണമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. അത് അവരെ മനസ്സിലാക്കിക്കൊടുക്കണം.’’– ഖമനയി പറഞ്ഞു.