ADVERTISEMENT

ആലപ്പുഴ ∙ ചരിത്രം തിരുത്തിയെഴുതാൻ സംഘപരിവാർ ശ്രമമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതകളെ മറച്ച് അവരുടെ രീതിയിൽ ചരിത്രം മാറ്റുന്നു. വിദ്യാഭ്യാസ മേഖലയെ ഇതിനായി ഉപയോഗിക്കുന്നു. യഥാർഥ സംഭവങ്ങളെ മറയ്ക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു. രാജ്യത്തെ ദാരിദ്ര്യം അടക്കമുള്ള മറ്റു പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ കേന്ദ്ര സർക്കാർ വർഗീയത ഉപയോഗിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. 78-ാം പുന്നപ്ര വയലാർ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘മുണ്ടക്കൈ–ചുരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാർ ഒരു സഹായവും നൽകിയില്ല. നേരത്തേ ദുരന്തങ്ങൾ ഉണ്ടായപ്പോഴും കേന്ദ്ര സർക്കാർ കേരളത്തോടു നിഷേധാത്മക സമീപനമാണു സ്വീകരിച്ചത്. എല്ലാവരെയും സഹകരിപ്പിച്ച് സംസ്ഥാന സർക്കാർ പുനരധിവാസം ഉറപ്പാക്കും. പണമായും സാധനങ്ങളായും സഹായിക്കാൻ സന്നദ്ധരായവരെ ഒന്നിച്ചു കൂട്ടും. വയനാട്ടിലെ ഹതഭാഗ്യരെ കൈവിടില്ല, പുനരധിവാസം ഉറപ്പാക്കി സംരക്ഷിക്കും. ഇതിനുശേഷം ദുരന്തമുണ്ടായ സംസ്ഥാനങ്ങൾക്കു കേന്ദ്രം സഹായം നൽകി. പലതവണ ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. നിയമസഭ പ്രമേയം പാസാക്കി. ഇതുവരെ ഒരു സഹായവുമില്ല, പ്രതികരണവുമില്ല.

കേന്ദ്രസഹായം കിട്ടിയാലും ഇല്ലെങ്കിലും പുനരധിവാസം ഉറപ്പാക്കും. ദുരന്തം ഉണ്ടാകാനിടയില്ലാത്ത സ്ഥലങ്ങൾ കണ്ടെത്തി ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കും. നാലു വോട്ടിനുവേണ്ടി വർഗീയതയോടു സന്ധി ചേരില്ല. അങ്ങനെയൊരു നിലപാട് സ്വീകരിക്കില്ല. വർഗീയതയോടു യോജിപ്പില്ല എന്നു പറഞ്ഞിട്ടു കാര്യമില്ല, കമ്യൂണിസ്റ്റുകാർ പറയുന്നതുപോലെ കോൺഗ്രസിനു പറയാൻ പറ്റുമോ? ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ വൊളന്റിയർമാരെ അയച്ചുവെന്നാണു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞത്. ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ തിരിതെളിച്ചു പ്രതിപക്ഷ നേതാവ് കൈകൂപ്പി നിന്നു. സംഘപരിവാറിനായി കോൺഗ്രസ് ഒരു പാർട്ടിയെ ബലികൊടുത്തു, അതാണു തൃശൂരിലെ തിരഞ്ഞെടുപ്പിൽ കണ്ടത്.

പല ഘട്ടത്തിലും കോൺഗ്രസും ആർഎസ്എസും തമ്മിൽ ധാരണയുണ്ടായി. ഇഎംഎസ് പട്ടാമ്പിയിൽ മത്സരിച്ചപ്പോൾ കോൺഗ്രസ്– ജനസംഘം ധാരണ ഉണ്ടായിരുന്നു. മലപ്പുറത്തെക്കുറിച്ചു ഞാൻ പറഞ്ഞതിനെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജനസംഖ്യാനുപാതികമായി ഏറ്റവും കുറവ് കേസുകൾ ഉള്ളത് മലപ്പുറത്താണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല, അവരുടെ വിരൽത്തുമ്പിൽ കണക്കുകളുണ്ട്. ആർഎസ്എസിന്റെ മറ്റൊരു പതിപ്പാണ് ജമാഅത്തെ ഇസ്‍ലാമി. ജമാഅത്തെ ഇസ്‍ലാമിയും എസ്ഡിപിഐയും യുഡിഎഫിനെ സഹായിക്കുന്നു. കശ്മീരിൽ സിപിഎമ്മിന്റെ തരിഗാമിയെ തോൽപിക്കാൻ ആർഎസ്എസും ജമാ അത്തെ ഇസ്‌ലാമിയും കൂട്ടുചേർന്നു.

വർഗീയ പ്രശ്നങ്ങളോട് ഇടതുപക്ഷം ശക്തമായി ഇടപെടും, അതു തുടരും. അതുകൊണ്ടാണു കേരളത്തിൽ വർഗീയ സംഘർഷമില്ലാത്തത്. എൽഡിഎഫ് ന്യൂനപക്ഷ വിരുദ്ധമാണെന്നു വരുത്തിത്തീർക്കാൻ ശ്രമമുണ്ട്. മലപ്പുറം ജില്ലയെക്കുറിച്ചു പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. വർഗീയതയ്ക്കെതിരായ കോൺഗ്രസ് നിലപാടിനെ ആരാണു വിലവയ്ക്കുന്നത്? വർഗീയ ശക്തികൾക്ക് ആളെ കൂട്ടാൻ കോൺഗ്രസ് സഹായം ചെയ്യുന്നു. എൽഡിഎഫിനു തുടർഭരണം ലഭിച്ചതിന്റെ ഞെട്ടൽ ഇതുവരെ കോൺഗ്രസിനു മാറിയിട്ടില്ല. നിലതെറ്റിയ അവസ്ഥയിൽ എല്ലാവരെയും കൂടെ ചേർക്കുകയാണ് അവർ’’– പിണറായി പറഞ്ഞു.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗം എം.എ.ബേബി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ടി.എം.തോമസ്‌ ഐസക്‌, സി.എസ്‌.സുജാത തുടങ്ങിയവർ പ്രസംഗിച്ചു. പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്‍റെ ഭാഗമായി നടന്ന ദീപശിഖാപ്രയാണത്തിന് രാവിലെ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ജി.സുധാകരൻ ദീപശിഖ കൈമാറി തുടക്കമിട്ടു. മൂന്നിനു വയലാർ രാമവർമ അനുസ്‌മരണ സാഹിത്യസമ്മേളനം നടന്നു.

English Summary:

Punnapra-Vayalar uprising anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com