കാഫിർ സ്ക്രീൻഷോട്ട്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും വകുപ്പുതല അന്വേഷണം
Mail This Article
കോഴിക്കോട്∙ കാഫിർ സ്ക്രീൻഷോട്ട് പ്രചാരണ വിവാദവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും വകുപ്പുതല അന്വേഷണം. റിബേഷിനെതിരായ അന്വേഷണം തൃപ്തികരമല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.
റിബേഷിനെതിരായ അന്വേഷണത്തിന് തോടന്നൂർ എഇയെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ചുമതലപ്പെടുത്തിയിരുന്നത്. ഇദ്ദേഹത്തെ തന്നെ വീണ്ടും അന്വേഷണത്തിനായി നിയോഗിച്ചു. നാളെ പുതിയ റിപ്പോർട്ട് നൽകുമെന്ന് എഇഒ പറഞ്ഞു.
ഷാഫി പറമ്പിലിനെതിരായ സ്ക്രീൻഷോട്ട് റിബേഷ് പ്രചരിപ്പിച്ചിരുന്നുവെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ടുണ്ടായിരുന്നു. അധ്യാപകനായ റിബേഷ് സർവീസ് ചട്ടം ലംഘിച്ചു എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിരിക്കുന്ന പരാതി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫാണ് പരാതി നൽകിയത്. ഇടത് അധ്യാപക സംഘടനാ നേതാവ് കൂടിയാണ് റിബേഷ് രാമകൃഷ്ണൻ.