ദിവ്യയ്ക്കെതിരെ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു; ഭരണസമിതി യോഗത്തിൽ ബഹളം
Mail This Article
കണ്ണൂർ ∙ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെയുള്ള അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഭരണസമിതി യോഗത്തിൽ ബഹളം. യുഡിഎഫ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ദിവ്യ ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ദിവ്യയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് എസ്പി ഓഫിസിലേക്ക് ബിജെപി മാർച്ച് നടത്തി.
ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം 11ന് ആരംഭിച്ചപ്പോൾ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകി. 7 ദിവസത്തിനു മുൻപ് നോട്ടിസ് നൽകണമെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. വൈസ് പ്രസിഡന്റ് ബിനോയ് കുര്യനായിരുന്നു അധ്യക്ഷൻ. 7 യുഡിഎഫ് അംഗങ്ങൾ ഇതിനെതിരെ പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. നടപടികൾ വേഗത്തിൽ പൂർത്തിയാക്കി യോഗം പിരിഞ്ഞു.
കണ്ണൂർ എസ്പി ഓഫിസിലേക്ക് ബിജെപി നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. ദിവ്യയുടെ അറസ്റ്റ് വൈകുന്നത് പൊലീസും സിപിഎമ്മും ഒത്തുകളിക്കുന്നതിനാലാണെന്ന് ബിജെപി ആരോപിച്ചു. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഹർജിയിൽ പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയും. ദിവ്യ ഒളിവിലാണ്. എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു.