ADVERTISEMENT

കൊച്ചി∙ എറണാകുളം മഹാരാജാസ് കോളജിന്റെ ഗവേണിങ് ബോഡി മാനദണ്ഡങ്ങൾ ലംഘിച്ച് സർക്കാർ പുനഃസംഘടിപ്പിച്ചതായി ആക്ഷേപം. ഓട്ടോണമസ് പദവി തുടർന്നും  ലഭിക്കുന്നതിന് യുജിസി വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം ഗവേണിങ് ബോഡിയെ നാമനിർദേശം ചെയ്യേണ്ടതുണ്ട്. ഗവേണിങ് ബോഡിയിൽ വിദ്യാഭ്യാസ വിദഗ്ധൻ, വ്യവസായി, പ്രഫഷനൽ എന്നിവർ ഉണ്ടാകണം. ഇവരെ സർക്കാരാണ് നാമനിർദേശം ചെയ്യേണ്ടത്. എന്നാൽ കോളജിലെ അധ്യാപകരെ തന്നെ വ്യവസായി, പ്രഫഷനൽ മേഖലകളുടെ പ്രതിനിധികളായി സർക്കാർ നിയമിച്ചിരിക്കുകയാണ്. 

സീനിയോരിറ്റിയുടെ അടിസ്ഥാനത്തിൽ കോളജിലുള്ള രണ്ട് അധ്യാപകരെ നാമനിർദേശം ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ കോളജിലെ പ്രഫസർമാരെ ഒഴിവാക്കി താരതമ്യേന ജൂനിയർ ആയ അധ്യാപകരെയാണ് പ്രിൻസിപ്പൽ നാമനിർദേശം ചെയ്തത്. പ്രിൻസിപ്പൽ നാമനിർദേശം ചെയ്യേണ്ട  വിദ്യാഭ്യാസ വിദഗ്ധനെ സർക്കാർ തന്നെ നാമനിർദേശം ചെയ്തത് ചട്ടവിരുദ്ധമാണ്. യുജിസി യോഗ്യതയില്ലാത്ത അധ്യാപികയെ പ്രിൻസിപ്പലായി തുടരാൻ അനുവദിച്ചിരിക്കുന്നത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ്.

സ്വയംഭരണ പദവി തുടർന്ന് ലഭിക്കുന്നതിനുള്ള അപേക്ഷ പോലും കൃത്യമായി നൽകാൻ കഴിയാത്തവരെ തന്നെ യുജിസി വ്യവസ്ഥകൾ അവഗണിച്ച് വീണ്ടും ഗവേണിങ് ബോഡിയിലേയ്ക്ക് നാമനിർദേശം ചെയ്ത നടപടി സർക്കാർ അടിയന്തിരമായി പുനഃപരിശോധിക്കണമെന്നും, അതുവരെ കോളജിന്റെ ഓട്ടോണമസ് പദവി  പുനഃസ്ഥാപിക്കാനുള്ള നടപടികൾ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി യുജിസി ചെയർമാനും, ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും, കോളജ് വിദ്യാഭ്യാസ ഡയറക്ടർക്കും നിവേദനം നൽകി.

ഗവേണിങ് ബോഡിയിൽ സർക്കാർ നാമനിർദേശം ചെയ്യുന്ന മൂന്നു പേരെ കൂടാതെ, പ്രിൻസിപ്പൽ നാമനിർദേശം ചെയ്യുന്ന രണ്ട് അധ്യാപകർ, ഒരു വിദ്യാഭ്യാസ വിദഗ്ധൻ, കോളജിലെ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, സംസ്ഥാന സർക്കാരിന്റെ പ്രതിനിധി, സർവകലാശാല പ്രതിനിധി, കോളജ് പ്രിൻസിപ്പൽ എന്നിവരാണ് ഗവേണിങ് ബോഡിയിലെ അംഗങ്ങൾ. ചെയർമാനെ സർക്കാരാണ് നിയമിക്കുന്നത്. കോളജിന് സ്വയംഭരണാവകാശം തുടർന്ന് ലഭിക്കാത്തത് കൊണ്ട് ഗവേണിങ് ബോഡിയിൽ യുജിസിയുടെ പ്രതിനിധിയെ നൽകിയിട്ടില്ല. യുജിസി പ്രതിനിധിയെ ഒഴിവാക്കിയാണ് സർക്കാരിന്റെ പുനഃസംഘടനയെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ പരാതിയിൽ പറയുന്നു.

English Summary:

Controversy Erupts Over Maharaja's College Governing Body restructuring

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com