ADVERTISEMENT

തിരുവനന്തപുരം∙ കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതിയെ (24) ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാഗര്‍കോവില്‍ ആര്‍ഡിഒ എസ്.കാളീശ്വരി ശ്രുതിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. 21ന് രാത്രിയാണ് ശ്രുതിയെ ഭര്‍ത്താവ് കാര്‍ത്തിക്കിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ തൂങ്ങിമരിച്ചതല്ലെന്നും അന്നേദിവസം രാത്രി വീട്ടില്‍ എന്താണു സംഭവിച്ചതെന്നു കണ്ടെത്തണമെന്നും ആര്‍ഡിഒയോട് ആവശ്യപ്പെട്ടതായി ശ്രുതിയുടെ പിതാവ് ബാബു പറഞ്ഞു. 

മരിക്കുന്നതിനു മുന്‍പ് ശ്രുതി അമ്മയ്ക്ക് അയച്ച ശബ്ദസന്ദേശങ്ങള്‍ ഉള്‍പ്പെടെ ആര്‍ഡിഒയ്ക്കു നല്‍കിയെന്നും രണ്ടു മണിക്കൂറോളം ആര്‍ഡിഒ വിവരങ്ങള്‍ ചോദിച്ചറിഞ്ഞുവെന്നും ബാബു പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ ശ്രുതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കും. അതിനു ശേഷം നടപടി സ്വീകരിക്കാമെന്ന് ആര്‍ഡിഒ കുടുംബത്തെ അറിയിച്ചു. നവംബര്‍ ഏഴിന് വീണ്ടും ഹാജരാകാന്‍ ആര്‍ഡിഒ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ അന്വേഷണം ആരംഭിച്ചതിനു പിന്നാലെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത ശ്രുതിയുടെ ഭര്‍തൃമാതാവ് ചെമ്പകവല്ലിയുടെ സംസ്‌കാരം ഇന്ന് നടന്നു. 

കേസിലെ പ്രധാനപ്രതി മരിച്ചത് അന്വേഷണത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ശ്രുതിയുടെ കുടുംബം. ‘‘21ന് രാത്രി വീട്ടില്‍ എന്താണു സംഭവിച്ചതെന്ന് മൂന്നു പേര്‍ക്കു മാത്രമേ അറിയൂ. അതില്‍ ശ്രുതിയും ചെമ്പകവല്ലിയും മരിച്ചു. ഈ സാഹചര്യത്തില്‍ ശ്രുതിയുടെ ഭര്‍ത്താവ് കാര്‍ത്തിക്കിനെ ചോദ്യം ചെയ്ത് സത്യം പുറത്തുകൊണ്ടുവരണം. ശ്രുതി തൂങ്ങി മരിച്ചെന്നു കാര്‍ത്തിക്കിന്റെ കുടുംബം പറഞ്ഞ കാര്യം മാത്രമേ എല്ലാവര്‍ക്കും അറിയു. മകള്‍ അങ്ങനെ ചെയ്യുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. അത്ര ഉയരത്തിലുള്ള കമ്പിയില്‍ കയര്‍ കുരുക്കാനൊന്നും അവള്‍ക്കു കഴിയില്ല. അതുകൊണ്ടാണ് സത്യം പുറത്തുവരണമെന്ന് ആവശ്യപ്പെടുന്നത്’’– ബാബു പറഞ്ഞു. കാര്‍ത്തിക്കിന്റെയും അയല്‍വാസികളുടെയും മൊഴി രേഖപ്പെടുത്തുമെന്ന് ആര്‍ഡിഒ അറിയിച്ചു. ശ്രുതിക്കു നല്‍കി ആഭരണത്തിന്റെയും പണത്തിന്റെയും കാര്യത്തിലും പിന്നീടു തീരുമാനമെടുക്കും. കോയമ്പത്തൂരിലാണ് ബാബുവും കുടുംബവും താമസിക്കുന്നത്.

തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനും ശുചീന്ദ്രം തെക്കുമണ്‍ സ്വദേശിയുമായ കാര്‍ത്തിക്കിന്റെ ഭാര്യ ശ്രുതിയെ തിങ്കളാഴ്ചയാണ് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ചെമ്പകവല്ലി മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് നവവധു മരിച്ചതെന്നു ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭര്‍തൃമാതാവിന്റെ മാനസിക പീഡനം സഹിക്കാന്‍ കഴിയുന്നില്ലെന്ന് ശ്രുതി 21ന് അമ്മയ്ക്ക് വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു. പീഡനത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന സന്ദേശങ്ങളും പൊലീസിന് കൈമാറിയിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ചായിരുന്നു പീഡനമെന്നും സന്ദേശത്തിലുണ്ട്. ഭര്‍ത്താവിനൊപ്പം ഇരിക്കാനോ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാനോ അനുവദിച്ചിരുന്നില്ലെന്നും ശ്രുതി പറഞ്ഞതായി വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. 10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണാഭരണവും വിവാഹ സമ്മാനമായി നല്‍കിയിരുന്നു. സ്ത്രീധനം കുറഞ്ഞു പോയെന്നു പറഞ്ഞ് ചെമ്പകവല്ലി നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നും എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നെന്നും ശ്രുതിയുടെ വാട്‌സാപ് സന്ദേശത്തില്‍ പരാമര്‍ശിച്ചിരുന്നു.

ശ്രുതിയുടെ മരണവിവരം അറിഞ്ഞ് ശുചീന്ദ്രത്ത് എത്തിയ പിതാവ് ബാബുവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. വിവാഹം കഴിഞ്ഞ ആറു മാസക്കാലയളവിനുള്ളില്‍ വധു ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവം ആയതിനാല്‍ ആര്‍ഡിഒ നേരിട്ട് അന്വേഷണം ഏറ്റെടുത്തു. തുടര്‍ന്ന് കാര്‍ത്തിക്, മാതാവ് ചെമ്പകവല്ലി എന്നിവരുടെ മൊഴിയെടുത്തിരുന്നു.

English Summary:

Nagercoil RDO S. Kaliswari recorded statement of Shruti's parents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com