അറസ്റ്റോ കീഴടങ്ങലോ? ഒളിച്ച് കളിച്ച് പൊലീസ്; ‘ദിവ്യ’മായ അറസ്റ്റ് ഇങ്ങനെ
Mail This Article
കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി.പി. ദിവ്യ കസ്റ്റഡിയിലായി ചോദ്യം ചെയ്യുമ്പോഴും പൊലീസിന്റെ ഒളിച്ചുകളി. പൊലീസുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് ദിവ്യ കീഴടങ്ങിയത്. ദൃശ്യങ്ങൾ പുറത്തു പോകാതിരിക്കാൻ പൊലീസ് ശ്രദ്ധിച്ചു. കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിനു സമീപത്തെ സ്ഥലത്ത് നിന്നായിരുന്നു കീഴടങ്ങൽ. രണ്ട് പാർട്ടി പ്രവർത്തകരും ദിവ്യയ്‌ക്കൊപ്പമുണ്ടായിരുന്നു. എന്നാൽ മാധ്യമങ്ങൾക്കു പൊലീസ് നൽകിയ വിവരം ദിവ്യയെ കസ്റ്റഡിയിലെടുത്തുവെന്നാണ്.
പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്ന് വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാർ എവിടെ വച്ചാണ് അറസ്റ്റ് ചെയ്തതെന്നടക്കമുള്ള മറ്റ് വിവരങ്ങൾ പുറത്തുവിട്ടില്ല. ദിവ്യ നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്. അറസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് വൈകാതെ അന്വേഷണ സംഘം നീങ്ങും. പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ച ശക്തമായ വാദങ്ങളായിരുന്നു പി.പി.ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളാൻ കാരണം. കുറഞ്ഞത് 10 തവണ വിധിപ്പകർപ്പിൽ പ്രൊസിക്യൂഷനെ കോടതി പരാമർശിച്ചിട്ടുണ്ട്.
അതേസമയം ജാമ്യം നിഷേധിക്കപ്പെട്ട് അധികം വൈകാതെ തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കാനും പൊലീസിനു സാധിച്ചു. ദിവ്യയെ കമ്മിഷണർ ഓഫീസിലേക്ക് ഉടൻ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴും ദിവ്യയെ എവിടെ വച്ചാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പറയാൻ ജില്ലാ പൊലീസ് മേധാവി തയാറായില്ല. ദിവ്യയോട് അടിയന്തരമായി കീഴടങ്ങണമെന്ന് പാർട്ടി കേന്ദ്രങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരോട് താൻ കീഴടങ്ങാൻ തയാറാണെന്ന് ദിവ്യ അറിയിച്ചത്. ഇതോടെ പൊലീസും പ്രതിക്ക് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു.