ADVERTISEMENT

കൊച്ചി∙ സംസ്ഥാനത്ത് രണ്ടു ദശകത്തിനിടെ ചെറുതും വലുതുമായ 750ലേറെ വെടിക്കെട്ട് അപകടങ്ങളിൽ കൊല്ലപ്പെട്ടത് 400ലേറെ പേർ. കാസർകോട് നീലേശ്വരത്ത് ഉണ്ടായ വെടിക്കെട്ട് അപകടം ഇതിന്റെ ഏറ്റവും ഒടുവിലുത്തേതാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ തൃപ്പൂണിത്തുറ ചൂരക്കാടുണ്ടായ വെടിക്കെട്ട് അപകടത്തിൽനിന്ന് അധികൃതരോ ഉത്സവം നടത്തിപ്പുകാരോ ഒന്നും പഠിച്ചിട്ടില്ല എന്നു കൂടിയാണ് കാസർകോട്ടെ അപകടം തെളിയിക്കുന്നത്. 

ഈ വർഷം ഫെബ്രുവരി 12ന് രാവിലെ 11 മണിയോടടുത്താണ് ചൂരക്കാടുള്ള ജനവാസ കേന്ദ്രത്തിനു നടുക്ക് വലിയ ശബ്ദത്തിലുള്ള സ്ഫോടനമുണ്ടാകുന്നത്. പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിന് തിരുവനന്തപുരത്തുനിന്നു കൊണ്ടുവന്ന വെടിക്കോപ്പുകൾ ചൂരക്കാട്ടെ സംഭരണ കേന്ദ്രത്തിലേക്കു മാറ്റുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. കിലോമീറ്ററുകൾ അപ്പുറം സ്ഫോടനശബ്ദം കേട്ട അപകടത്തിൽ രണ്ടു പേർ മരിക്കുകയും മുപ്പതോളം പേർക്കു പരുക്കേൽക്കുകയും ചെയ്തു. 321 വീടുകളാണു പൂർണമായും ഭാഗികമായും തകർന്നത്.

ക്ഷേത്രം ഭാരവാഹികളും പടക്കം കരാറുകാരും അടക്കമുള്ളവർ അന്ന് അറസ്റ്റിലായെങ്കിലും പിന്നീടു ജാമ്യത്തിൽ പുറത്തിറങ്ങി. ക്ഷേത്രം നടത്തിപ്പുകാർ തന്നെ ചില വീടുകൾ പുനർനിർമിച്ചു നൽകി. ചില സന്നദ്ധ സംഘടനകളുടെയും മറ്റും നേതൃത്വത്തിൽ ഇപ്പോഴും പുനർനിർമാണവും മറ്റും നടന്നു വരുന്നു. കോടതിയില്‍ കേസുമുണ്ട്. 

2016ൽ 110 പേർ കൊല്ലപ്പെട്ട കൊല്ലം പുറ്റിങ്ങലുണ്ടായ വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്നും വലിയ ചര്‍ച്ചകൾ നടന്നിരുന്നു. എല്ലാ വിധത്തിലുള്ള നിയമങ്ങളും ലംഘിച്ചതാണ് ചൂരക്കാട് അപകടത്തിനു കാരണമായത് എന്നു പിന്നീട് കണ്ടെത്തിയിരുന്നു. വെടിക്കോപ്പുകളുടെ കരാറുകാരന്റെ ലൈസൻസ് അദ്ദേഹത്തിന്റെ അമ്മയുടെ പേരിലായിരുന്നു. അമ്മ മരിച്ചിട്ടും ലൈസൻസ് പുതുക്കിയിരുന്നില്ല. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഒരു ടെംപോയില്‍ നിറച്ച് പ്ലാസ്റ്റിക് പടുത കൊണ്ട് മൂടിയാണ് തൃപ്പൂണിത്തുറ വരെ വെടിക്കോപ്പുകൾ എത്തിച്ചത്. അതായത്, യാത്രാമധ്യേ പോലും വലിയ ദുരന്തം ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്നു. 

സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ജനവാസ കേന്ദ്രത്തിന്റെ നടുക്കായിരുന്നു വെടിക്കോപ്പുകൾ സൂക്ഷിക്കാനുള്ള സ്ഥലം. അതും ഒരു ഷെഡ് മാത്രം. സ്ഫോടനത്തിൽ വെടിക്കോപ്പുകൾ കൊണ്ടു വന്ന വാഹനം ആകാശത്തേക്ക് ഉയർന്നു പൊങ്ങുക മാത്രമല്ല, അടുത്തുനിന്ന മാവിന്റെ ഉയരം വരെ കരിഞ്ഞുണങ്ങുകയും ചെയ്തു. സമീപ പ്രദേശങ്ങളിലുള്ള വീടുകൾ പൂർണമായി തകരുകയും ചെയ്തിരുന്നു.

ഇവിടെ വെടിക്കോപ്പുകൾ സൂക്ഷിക്കാൻ അനുമതിയില്ലായിരുന്നു എന്ന കാര്യം പിന്നീട് പുറത്തുവന്നു. മാത്രമല്ല, വെടിക്കെട്ടിനും അനുമതിയില്ലായിരുന്നു. അപകടമുണ്ടായതിന്റെ തലേന്ന് അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും ദുരന്തത്തിലേക്ക് നയിച്ച കാര്യങ്ങൾ തടയാൻ അധികൃതർക്കോ നടത്തിപ്പുകാർക്കോ സാധിച്ചില്ല. സമാനമായ വിധത്തില്‍ കാസർകോട്ടും മുന്നറിയിപ്പുകളൊന്നും വകവച്ചില്ല എന്നാണു പുറത്തു വരുന്ന വിവരം.

English Summary:

Over 400 Lives Lost: Kerala's Deadly Fireworks Crisis Demands Action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com