‘ലോകം മുഴുവൻ രാഹുലിനെതിരെ തിരിഞ്ഞപ്പോൾ വയനാട്ടുകാർ മാത്രമാണ് കൂടെ നിന്നത്; വയനാട്ടുകാരെ നിരാശപ്പെടുത്തില്ല’
Mail This Article
ഈങ്ങാപ്പുഴ∙ ജനാധിപത്യ രാജ്യത്തിൽ ജനങ്ങൾക്കാണ് അധികാരം എന്ന് ബിജെപിയെ ബോധ്യപ്പെടുത്തണമെന്ന് വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. ‘‘കഴിഞ്ഞ 10 വർഷമായി ഭരണകൂടം രാജ്യത്തെ ജനങ്ങളെ ബഹുമാനിക്കുന്നില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കേന്ദ്രം ഒരു സഹായവും നൽകാത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാലോ അഞ്ചോ ബിസിനസുകാരായ സുഹൃത്തുക്കൾക്കു വേണ്ടിയാണു നയങ്ങൾ രൂപീകരിക്കുന്നത്. അധികാരത്തിനു വേണ്ടി ജനങ്ങളെ വിഭജിക്കുന്നു. മണപ്പുരിൽ അതാണ് ചെയ്യുന്നത്. ’’ – പ്രിയങ്ക ഗാന്ധി ആരോപിച്ചു.
‘‘വയനാടിന്റെ കാര്യത്തിൽ രാഹുൽ ഗാന്ധി കേന്ദ്ര–സംസ്ഥാന സർക്കാരുകളുമായി നിരന്തരം ബന്ധപ്പെട്ടു. എന്നാൽ യാതൊരു നടപടിയും സ്വീകരിച്ചില്ല. റബറിന്റെ താങ്ങുവില വർധിപ്പിച്ചില്ല. മനുഷ്യ–വന്യജീവി സംഘർഷം വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്. മെഡിക്കൽ കോളജ് എന്ന് ബോർഡ് മാത്രമാണുള്ളത്. ’’ – പ്രിയങ്ക ഗാന്ധി പറഞ്ഞു.
‘‘ലോകം മുഴുവനും എന്റെ സഹോദരനെതിരെ തിരിഞ്ഞപ്പോൾ വയനാട്ടിലെ ജനം മാത്രമാണു കൂടെ നിന്നത്. എല്ലാ പിന്തുണയും നൽകി നിങ്ങൾ കൂടെ നിന്നു. അദ്ദേഹം സത്യത്തിനു വേണ്ടി പോരാടുന്നുവെന്നു ലോകം തിരിച്ചറിയുന്നതിനു മുമ്പേ വയനാട്ടിലെ ജനം തിരിച്ചറിഞ്ഞു. രാഹുൽ ഗാന്ധി വലിയ വേദനയോടെയാണ് വയനാട് വിടാൻ തീരുമാനിച്ചത്. ’’ – പ്രിയങ്ക ഗാന്ധി വിശദീകരിച്ചു.
‘‘ബ്രിട്ടിഷുകാർക്കെതിരെ പോരാടിയതിന്റെ വലിയ ചരിത്രം വയനാടിനുണ്ട്. നിങ്ങളുടെ പിന്തുണ ഇല്ലാതെ എനിക്ക് ഈ വേദിയിൽ നിൽക്കാൻ സാധിക്കില്ല. സാഹോദര്യത്തോടെ ജീവിക്കണമെന്നാണ് ശ്രീ നാരായണ ഗുരു ഉൾപ്പെടെയുള്ളവർ പറഞ്ഞത്. സത്യം, സ്നേഹം, തുല്യത, സമത്വം എന്നിവയിലൂടെയാണു രാജ്യം നിലനിൽക്കുന്നത്. വയനാട്ടുകാർ ജീവിക്കുന്നതും ഈ മൂല്യം മുൻനിർത്തിയാണ്. വയനാട്ടുകാരുടെ സ്നേഹം പരിപാവനമായി കാണുന്നു. ഞാൻ ഒരിക്കലും വയനാട്ടുകാരെ നിരാശപ്പെടുത്തില്ല’’ – പ്രിയങ്ക ഗാന്ധി പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, എം.കെ.രാഘവൻ എംപി എന്നിവരും ഒപ്പമുണ്ടായിരുന്നു.