‘ചങ്കിടിപ്പ് അറിയാൻ സാധിക്കും’; പി.സരിന്‍ ചിഹ്നമായി: സ്റ്റെതസ്കോപ്പിന് വോട്ടുതേടി എൽഡിഎഫ്
Mail This Article
പാലക്കാട് ∙ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ.പി.സരിനു തിരഞ്ഞെടുപ്പ് ചിഹ്നമായി സ്റ്റെതസ്കോപ് അനുവദിച്ചു. മുൻപു ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്ന സരിനു ജോലിയുടെ ഭാഗമായുള്ള ഉപകരണം തന്നെ ചിഹ്നമായി ലഭിച്ചതു നേട്ടമാകുമെന്നാണ് ഇടതുമുന്നണി കരുതുന്നത്. സിപിഎം ചിഹ്നത്തിൽ ഡമ്മിയായി നാമനിർദേശപത്രിക നൽകിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളുടെ പത്രിക പിൻവലിക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണു സരിൻ ഇടതുപാളയത്തിലെത്തിയത്.
ചിഹ്നത്തെക്കുറിച്ചു ചോദിച്ചപ്പോൾ, ചിലരുടെയെല്ലാം ചങ്കിടിപ്പ് അറിയാൻ സ്റ്റെതസ്കോപ്പിലൂടെ സാധിക്കും എന്നായിരുന്നു സരിന്റെ പ്രതികരണം.
കഴിഞ്ഞദിവസം പാലക്കാട് മണ്ഡലത്തിൽ സൂക്ഷ്മ പരിശോധനയില്‍ 4 പേരുടെ പത്രിക തള്ളിയിരുന്നു. 12 സ്ഥാനാർഥികളാണു മത്സര രംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിലിന് 2 അപരന്മാരുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ (ഐഎന്‍സി), സരിന്‍.പി (എല്‍ഡിഎഫ് സ്വതന്ത്രന്‍), സി. കൃഷ്ണകുമാര്‍ (ബിജെപി), രാഹുല്‍.ആര്‍ മണലാഴി വീട് (സ്വതന്ത്രന്‍), ഷമീര്‍.ബി (സ്വതന്ത്രന്‍), രമേഷ് കുമാര്‍ (സ്വതന്ത്രന്‍), സിദ്ധീഖ്. വി (സ്വതന്ത്രന്‍), രാഹുല്‍ ആര്‍.വടക്കാന്തറ (സ്വതന്ത്രന്‍), സെല്‍വന്‍. എസ് (സ്വതന്ത്രന്‍), കെ. ബിനുമോള്‍ (സിപിഎം- ഡെമ്മി), രാജേഷ്.എം (സ്വതന്ത്രന്‍), എന്‍.ശശികുമാര്‍ (സ്വതന്ത്രന്‍) എന്നിവരാണു സ്ഥാനാർഥികൾ.