ദിവ്യയെ തുണച്ച് സിപിഎം; പാർട്ടി നടപടി ഉടനില്ല, ചർച്ച ചെയ്യാതെ ജില്ലാ സെക്രട്ടേറിയറ്റ്
Mail This Article
കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ റിമാൻഡിൽ കഴിയുന്ന പി.പി. ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ല. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യാതെ പിരിഞ്ഞു. നാളെ മുതല്‍ പാര്‍ട്ടി ഏരിയ സമ്മേളനങ്ങള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ അക്കാര്യങ്ങളാണ് ചര്‍ച്ചയായത്. പൂര്‍ണ സെക്രട്ടേറിയറ്റ് യോഗമല്ല ഇന്ന് ചേര്‍ന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത്നിന്നും നീക്കിയ ദിവ്യയ്‌ക്കെതിരെ പാർട്ടി തലത്തിൽ നടപടിയെടുത്തിരുന്നില്ല. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത്നിന്ന് നീക്കിയത് തന്നെ അവര്‍ക്കെതിരയുള്ള നടപടിയായി ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്. സമ്മേളന കാലയളവില്‍ നടപടി വേണ്ടെന്നാണ് നേതാക്കൾക്കിടയിലെ പൊതുവികാരം.
ഇന്നലെ ദിവ്യ പൊലീസിൽ കീഴടങ്ങാനെത്തിയപ്പോഴും പാർട്ടി പ്രവർത്തകർ ഒപ്പമുണ്ടായിരുന്നു. പിന്നീട് പൊലീസ് ദിവ്യയുമായി മജിസ്ട്രേറ്റിന്റെ വസതയിൽ എത്തിയപ്പോഴും പിന്തുണയുമായി ഡിവൈഎഫ്ഐ, ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകർ എത്തിയിരുന്നു. നടപടി സ്വീകരിക്കാതിരിക്കുന്നതോടെ ദിവ്യയ്ക്ക് ഇനിയും പാർട്ടി തലത്തിൽ സംരക്ഷണമുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.