നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും
Mail This Article
തിരുവനന്തപുരം∙ കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ തിങ്കളാഴ്ച അര്‍ധരാത്രി കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ പരുക്കേറ്റ 154 പേരില്‍ 10 പേരുടെ നില ഗുരുതരമാണ്. ഇവര്‍ കോഴിക്കോട് (4 പേര്‍), കണ്ണൂര്‍ (5), മംഗളൂരു (1) എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.
ക്ഷേത്ര ഭാരവാഹികളടക്കം 8 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ 3 പേരെ അറസ്റ്റ് ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കത്തിനു തീ കൊളുത്തിയ പി.രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. പി.വി.ഭാസ്‌കരന്‍, തമ്പാന്‍, ബാബു, ചന്ദ്രന്‍, ശശി എന്നിവര്‍ക്കെതിരെ കേസുണ്ട്.
തിങ്കളാഴ്ച രാത്രി 11.55നു കുളിച്ചുതോറ്റം ചടങ്ങിനിടെ പടക്കം പൊട്ടിച്ചപ്പോഴാണ് തീപ്പൊരി തൊട്ടടുത്തുള്ള ഷെഡിന്റെ മേല്‍ക്കൂരയുടെ വിടവിലൂടെ ഉള്ളിലേക്കു വീണത്. വെടിക്കെട്ട് നടന്ന സ്ഥലവും പടക്കങ്ങള്‍ സൂക്ഷിച്ച ഷെഡും തമ്മില്‍ ഒന്നര മീറ്റര്‍ മാത്രമായിരുന്നു അകലം. തെയ്യക്കോലം കാണാന്‍ ഈ ഷെഡിന്റെ വരാന്തയില്‍ സ്ത്രീകളും കുട്ടികളുമടക്കം തിങ്ങിനിറഞ്ഞിരുന്നു. വെടിക്കെട്ടിന് എഡിഎമ്മിന്റെയോ പൊലീസിന്റെയോ അഗ്‌നിരക്ഷാ സേനയുടെയോ അനുമതി വാങ്ങിയിരുന്നില്ല.