യാക്കോബായ സഭയെ വളർത്തിയെടുത്ത സഭാ നേതാവ്; വിശ്വാസികൾക്ക് ഒപ്പംനിന്ന ശ്രേഷ്ഠ ജീവിതം
Mail This Article
ഇല്ലായ്മകളിൽനിന്ന് ആരംഭിച്ച് അത്യുന്നതമായ ആത്മീയപദവിയിൽ എത്തിയ ശ്രേഷ്ഠജീവിതമായിരുന്നു കാലംചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടേത്. യാക്കോബായ സഭയെ വളർത്തിയെടുത്ത സഭാനേതാവായിരുന്നു അദ്ദേഹം. പ്രാര്‍ഥന, ധ്യാനം പിന്നെ കര്‍മം, വിശ്രമം. കര്‍മം ബാക്കിവച്ചെങ്കില്‍ അതു പാപവും. വെറുംവാക്ക് പറയാത്ത ശ്രേഷ്ഠബാവായുടെ ജീവിത ദര്‍ശനം ഇതായിരുന്നു.
95 വര്‍ഷത്തെ ജീവിതംകൊണ്ട് അദ്ദേഹം ഇതു തെളിയിക്കുകയും ചെയ്തു. ഉറപ്പുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ആര്‍ക്കുവേണ്ടിയും കാത്തുനിന്നില്ല. പ്രക്ഷോഭങ്ങളെ പ്രാര്‍ഥനയായി കണ്ടു വിശ്വാസികള്‍ക്ക് ഒപ്പംനിന്നു. അവര്‍ നടന്നപ്പോള്‍ മുന്‍പേ നടന്നു. പ്രക്ഷോഭച്ചൂടില്‍ അരമനയുടെ തണല്‍ തേടാതെ തെരുവില്‍ വിശ്വാസികള്‍ക്കൊപ്പം വിയര്‍ത്തിരുന്നു. സഭാതര്‍ക്കം 600ൽ അധികം കേസുകളില്‍ പ്രതിസ്ഥാനത്തു നിര്‍ത്തിയപ്പോഴും അചഞ്ചലനായി നിന്നു. ജീവിതസായാഹ്നത്തിൽപ്പോലും ശ്രേഷ്ഠബാവാ ഇതായിരുന്നു. ഒട്ടും വിഭിന്നനല്ല വടയമ്പാടി ചെറുവിള്ളില്‍ മത്തായി – കുഞ്ഞമ്മ ദമ്പതികളുടെ മകന്‍ മാത്രമായിരുന്ന കാലത്തെ തോമസും.
നിര്‍ധനന്‍, രോഗം കവര്‍ന്ന ചെറുപ്പം, വിദ്യാഭ്യാസകാലം, ആടുമേച്ച് ആദ്യകാല ഉപജീവനം, പിന്നെ വിശന്നൊട്ടിയ വയറുമായി കൗമാരക്കരുത്തില്‍ വടയമ്പാടിയില്‍നിന്ന് തൃപ്പൂണിത്തുറയ്ക്കു തപാലുരുപ്പടികളുമായുള്ള അഞ്ചലോട്ടം. ഒടുവില്‍ അപസ്മാരത്തെ മറികടക്കാന്‍ അമ്മ നടത്തിയ പ്രാര്‍ഥനകളോട് ഐക്യപ്പെട്ട് വൈദികവൃത്തിയും.കൊൽക്കത്തയിലും കശ്മീരിലും മിഷൻ പ്രവർത്തനങ്ങൾക്കിറങ്ങി. അത്യുജ്ജ്വലമായ വാക്ചാതുരി കൊണ്ട് ആയിരങ്ങളെ ആകർഷണ വലയത്തിലാക്കിയിരുന്നു അദ്ദേഹം.
പ്രതിസന്ധിഘട്ടത്തിൽ യാക്കോബായ സഭയെ ഹൃദയത്തോടു ചേർത്തുപിടിച്ച നായകനാണ് തോമസ് പ്രഥമൻ ബാവാ. കാറും കോളും നിറഞ്ഞ കാലഘട്ടത്തിൽ സഭയെ നയിക്കാൻ ലഭിച്ചത് ദൈവനിയോഗമെന്നാണ് ബാവാ വിശേഷിപ്പിച്ചിരുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം ലഭിച്ചിട്ടില്ലെങ്കിലും അനുഭവസമ്പത്തിലും സഭാ വിശ്വാസികളുടെ പിന്തുണയിലും സഭയെ നയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. സഭാസ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാന്‍ ആജ്ഞാശക്തിയുള്ള ആ കരം പലപ്പോഴും കൈക്കോട്ടേന്തി. അല്‍മായര്‍ക്കൊപ്പം ചേര്‍ന്നു കല്ലും മണ്ണും ചുമന്നു. തോമസച്ചന്‍ തോമസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പൊലീത്തയായപ്പോഴും ആ ശൈലി മാറിയില്ല. 1998 ഫെബ്രുവരി 22ന് സഭാ സുന്നഹദോസ് അധ്യക്ഷനായി. 2000 ഡിസംബർ 27ന് നിയുക്‌ത ശ്രേഷ്‌ഠ കാതോലിക്കാ ബാവയും 2002 ജൂലൈ 26ന് ശ്രേഷ്ഠ കാതോലിക്കാ സ്ഥാനത്ത് അഭിഷിക്തനുമായി.
സിറിയന്‍ ഓര്‍ത്തോഡോക്സ് സഭയുടെ പരമാധ്യക്ഷനായി പരിശുദ്ധ ഇഗ്നത്തിയോസ് അപ്രേം ദ്വീതിയന്‍ പാത്രിയാര്‍ക്കീസ് ബാവയെ വാഴിച്ച ചടങ്ങിന് ദമാസ്കസിലെ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രലിൽ മുഖ്യകാര്‍മികത്വം വഹിച്ചതും ശ്രേഷ്‌ഠബാവാ തന്നെ. വീര്യം ചോരാത്തൊരു പോരാട്ടചരിത്രം വിശ്വാസികള്‍ക്ക് ബാക്കിവച്ചാണ് ശ്രേഷ്ഠബാവാ ഓർമയാവുന്നത്.