സൈനിക പിന്മാറ്റം പൂർത്തിയായി, ഇന്ത്യ–ചൈന അതിർത്തിയിൽ പട്രോളിങ് തുടങ്ങി; താൽക്കാലിക നിർമാണങ്ങൾ പൊളിച്ചു
Mail This Article
ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിലെ ഡെപ്‌സാങ്, ഡെംചോക് മേഖലകളിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനിക പിന്മാറ്റ നടപടികള്‍ പൂർത്തിയാക്കി അതിർത്തിയിൽ പട്രോളിങ് ആരംഭിച്ചു. സൈനിക പിന്മാറ്റത്തിനൊപ്പം മേഖലയിലെ താൽക്കാലിക നിർമാണങ്ങളും പൊളിച്ചുമാറ്റി. പ്രതിരോധ സാമഗ്രികളും സൈനിക വാഹനങ്ങളും ബേസ് ക്യാംപുകളിലേക്കു തിരികെക്കൊണ്ടുപോയി. മേഖലയിൽ മുഖാമുഖം വരാതെയാണ് ഇരു സേന വിഭാഗങ്ങളുടെയും പട്രോളിങ്.
സേനകളുടെ പിന്മാറ്റം സംബന്ധിച്ച വ്യക്തതയ്ക്കായി ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ചും നേരിട്ടും സൈന്യം പരിശോധന നടത്തും. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിൽ സൈനിക വിന്യാസം കുറയ്ക്കുന്നതിനുള്ള 3 ഘട്ട പ്രക്രിയയുടെ ആദ്യപടിയാണിത്. സംഘർഷാവസ്ഥ കുറയ്ക്കൽ, സൈനികരെ പിൻവലിക്കൽ തുടങ്ങിയവയാണ് മറ്റ് ഘട്ടങ്ങൾ. കഴിഞ്ഞ ദിവസം റഷ്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ആശയവിനിമയവും സഹകരണവും മെച്ചപ്പെടുത്തേണ്ടത് ഇരു രാജ്യങ്ങളുടെയും ആവശ്യമാണെന്നായിരുന്നു നിലപാട്.
നിയന്ത്രണ രേഖയിൽനിന്ന് പിൻവാങ്ങുന്നതിൽ ധാരണയായതായി കഴിഞ്ഞ ആഴ്‌ചയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. പട്രോളിങ് 2020 ഏപ്രിലിന് മുൻപുള്ള നിലയിലാണ് പുനരാരംഭിച്ചത്. 2020 ജൂണിൽ ഗാൽവാൻ സംഘർഷത്തെ തുടർന്നാണ് നിയന്ത്രണ രേഖയിൽ ഇരു രാജ്യങ്ങളും സൈനിക സാന്നിധ്യം വർധിപ്പിച്ചത്. വ്യാഴാഴ്ച ദീപാവലി ദിനത്തിൽ ഇരുപക്ഷത്തെയും സൈനികർ മധുരപലഹാരങ്ങൾ കൈമാറും.