പ്രിയപ്പെട്ട ഇടത്തേക്ക് മടക്കം: ശ്രേഷ്ഠ ബാവായെ ഏറ്റുവാങ്ങാനൊരുങ്ങി പുത്തൻകുരിശ് ഗ്രാമം
Mail This Article
കൊച്ചി ∙ കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായെ ഏറ്റുവാങ്ങാനൊരുങ്ങി പുത്തൻകുരിശ്. യാക്കോബായ സുറിയാനി സഭയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഇവിടം കേന്ദ്രീകരിച്ചാണ് പതിറ്റാണ്ടുകളായി തന്റെ ആത്മീയ, ഭൗതിക പ്രവർത്തനങ്ങൾ ബാവാ നിർവഹിച്ചിരുന്നുത്. ബാവായെ സംസ്കരിക്കുന്നതിനുള്ള തയാറെടുപ്പുകൾ പാത്രീയാർക്കീസ് സെന്ററിനോടു ചേർന്നുള്ള സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പൂർത്തിയായി വരികയാണ്.
എവിടെവച്ചു മരിച്ചാലും അന്ത്യ വിശ്രമത്തിനായി തന്നെ പാത്രിയർക്കാ സെന്ററിലേക്ക് കൊണ്ടുവരണമെന്ന് ബാവാ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബാവാ പണികഴിപ്പിച്ചതാണ് സഭാ ആസ്ഥാനമായ പാത്രിയർക്കാ സെന്ററും അതിനോട് അനുബന്ധിച്ചുള്ള ദേവാലയമടക്കമുള്ള കാര്യങ്ങളും.
സെന്റ് അത്തനേഷ്യസ് കത്തീഡ്രലിന്റെ മദ്‌ബഹായിൽനിന്ന് അഞ്ച് മീറ്ററോളം മാറി ഇടതുഭാഗത്തായാണ് ശ്രേഷ്ഠ ബാവായ്ക്ക് കല്ലറയൊരുങ്ങുന്നത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന സംസ്കാര ചടങ്ങിന്റെ സമാപന ചടങ്ങുകൾ അഞ്ചുമണിയോടെ അവസാനിക്കും എന്നാണ് കരുതുന്നത്.ഗവർണർ, മുഖ്യമന്ത്രി അടക്കമുള്ളവർ നാളെ അന്തിമോപചാരമർപ്പിക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് കബറടക്കം നടക്കുക.