ഹവാലപ്പണം എത്തിയതിനു പിന്നിൽ ബിജെപി നേതാക്കള്‍ക്ക് പങ്ക്; കർണാടകയിലെ ഉന്നതന്റെ പേര് റിപ്പോർട്ടിൽ
Mail This Article
തിരുവനന്തപുരം∙ 2021 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിയേക്ക് ഹവാലപ്പണം എത്തിയതിന്റെ പിന്നില്‍ കര്‍ണാടകയിലെ ഉന്നത ബിജെപി നേതാവിന് ബന്ധമുണ്ടെന്ന് കേരളാ പൊലീസിന്റെ റിപ്പോര്‍ട്ട്. കേരളത്തില്‍ എത്തിച്ച ഹവാലപ്പണം കവര്‍ച്ച ചെയ്തതുമായി ബന്ധപ്പെട്ട് കേരളാ പൊലീസിന്റെ പ്രത്യേക അന്വേഷ സംഘത്തിന്റെ തലവനായിരുന്ന എസിപി വി.കെ.രാജു 2021 ജൂലൈ രണ്ടിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി)ക്കു നല്കിയ റിപ്പോര്‍ട്ടിലാണ് കര്‍ണാടക എംഎല്‍സിയായിരുന്ന ലെഹര്‍ സിങ്ങിനെക്കുറിച്ചു പരാമര്‍ശിച്ചിരിക്കുന്നത്.
പണം കടത്തിയതില്‍ ലെഹര്‍ സിങ്ങിന് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലെഹര്‍ സിങ്ങിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ബിജെപിയുടെ സംസ്ഥാന, ദേശീയ നേതാക്കളുമായി അടുത്ത ബന്ധമാണ് ലെഹര്‍ സിങ്ങിനുള്ളത്. 2010 മുതല്‍ 2022 വരെ കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നു ലെഹര്‍ സിങ്. കര്‍ണാടകയില്‍നിന്ന് നേരിട്ട് 14.40 കോടി രൂപയാണ് എത്തിച്ചതെന്നാണ് പൊലീസിന്റെ റപ്പോര്‍ട്ട്. ഹവാല റൂട്ട് വഴി 27 കോടി ഉള്‍പ്പെടെ 41.40 കോടിയാണ് കേരളത്തില്‍ എത്തിച്ചത്. രണ്ടു സംഭവങ്ങളിലായി കൊടകരയില്‍ 3.50 കോടിയും സേലത്ത് 4.40 കോടിയും കവര്‍ച്ച ചെയ്യപ്പെട്ടു. 33.50 കോടി രൂപയാണ് കേരളത്തില്‍ വിവിധയിടത്ത് വിതരണം ചെയ്തിരിക്കുന്നതെന്നും പൊലീസ് പറയുന്നു. ഇതിന്റെ വിശദാംശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
കോഴിക്കോട് സ്വദേശി ഷംജീര്‍ എന്നയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊടകര പൊലീസ് 2021 ഏപ്രില്‍ ഏഴിനാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഏപ്രില്‍ മൂന്നിനു പുലര്‍ച്ചെ കാറില്‍ പോകുമ്പോള്‍ പത്തോളം പേരടങ്ങുന്ന സംഘം 25 ലക്ഷം രൂപ കൊടകരയ്ക്കു സമീപത്തുവച്ച് കവര്‍ന്നുവെന്നായിരുന്നു പരാതി. കോഴിക്കോടുള്ള സുനില്‍ നായിക്ക് എന്നയാള്‍ നല്കിയ പണം എറണാകുളത്ത് ധര്‍മരാജനു കൊടുക്കാന്‍ കൊണ്ടുപോയെന്നാണ് ഷംജീര്‍ പൊലീസിനോടു പറഞ്ഞത്. എന്നാല്‍ സുനില്‍ നായിക്ക് ചോദ്യം ചെയ്യലില്‍ ഇതു നിഷേധിച്ചിരുന്നു. പൊലീസ് അന്വേഷണത്തില്‍ പരാതിക്കാരന് സഞ്ചരിച്ചിരുന്ന കാര്‍ ചാലക്കുട്ടി പോട്ടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പരിശോധിച്ചപ്പോള്‍ കാറില്‍ രണ്ടു രഹസ്യ അറകള്‍ തുറന്ന നിലയില്‍ കണ്ടെത്തി. 2021 ഏപ്രില്‍ 25ന് ചാലക്കുടി ഡിവൈഎസ്പി അന്വേഷണം ഏറ്റെടുത്തു. തുടര്‍ന്നു പ്രതികളെ അറസ്റ്റ് ചെയ്യുകയും പണം കണ്ടെത്തുകയും ചെയ്തു.
തുടര്‍ന്ന് ഷംജീറിനെയും ധര്‍മരാജനെയും വിശദമായി ചോദ്യം ചെയ്തതില്‍നിന്നു കാറിലുണ്ടായിരുന്നത് 25 ലക്ഷമല്ല 3.5 കോടി രൂപയായിരുന്നുവെന്നു തെളിഞ്ഞു. എറണാകുളത്തേക്കു വ്യാപാര ആവശ്യത്തിനു കൊണ്ടുപോയി എന്നാണ് ഇവര്‍ പറഞ്ഞത്. ഇതിനുശേഷം എസിപി വി.കെ.രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം മേയ് 10ന് അന്വേഷണം ഏറ്റെടുത്തു. പ്രതികളെയും സാക്ഷികളെയും ചോദ്യം ചെയ്തതിനെ തുടര്‍ന്ന് 1,16,04,701 രൂപയും 13,29,100 രൂപ വില വരുന്ന സ്വര്‍ണവും മൊബൈല്‍ ഫോണുകളും വാച്ചുകളും കണ്ടെത്തി. പ്രതികള്‍ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്ന 17,00,000 രൂപയും അന്വേഷണസംഘം തിരിച്ചറിഞ്ഞു മരവിപ്പിച്ചു. 3.5 കോടിയില്‍ 56,64,710 രൂപ പ്രതികള്‍ ചെലവഴിച്ചു. രണ്ടു കോടിയോളം രൂപ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പൊലീസ് ഇഡിയെ അറിയിച്ചിട്ടുണ്ട്. 22 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.
2021 മാര്‍ച്ച് ആറിനു സമാനമായ മോഷണം സേലത്തിനു സമീപം കൊങ്കണപുരത്തുവച്ചും നടന്നുവെന്ന ധര്മരാജന് പൊലീസിനോടു പറഞ്ഞിരുന്നു. 4.4 കോടി രൂപയാണ് അന്നു മോഷണം പോയത്. ധര്‍മരാജന്റെ നിര്‍ദേശപ്രകാരം ബെംഗളൂരുവില്‍നിന്ന് പാലക്കാട്ടേക്കാണു പണം കൊണ്ടുവന്നിരുന്നത്. മോഷണം നടക്കുമ്പോള്‍ ധര്‍മരാജന്റെ സഹോദരന് ധനരാജ് വാഹനത്തിലുണ്ടായിരുന്നു. വിജിത്ത് എന്നയാളാണു വാഹനം ഓടിച്ചിരുന്നത്. ഇതേക്കുറിച്ച് ധര്മരാജന് പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. കാര്‍ ആക്രമിച്ചു കവര്‍ച്ച നടത്തിയതില്‍ കൊങ്കണപുരം പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ചോദ്യം ചെയ്യലില്‍ ഷംജീറും ധര്‍മരാജനും പരസ്പരവിരുദ്ധമായ മൊഴികളാണു നല്‍കിയത്. തുടര്‍ന്ന് ധര്‍മരാജനെ വിശദമായി ചോദ്യം ചെയ്തതില്‍നിന്നു തന്റെ ഡ്രൈവറായ കോഴിക്കോട് സ്വദേശി ഷിജിന് ആണ് 3.5 കോടി രൂപ 2021 മാര്‍ച്ച് 27-ന് ബെംഗളൂരുവില്‍നിന്നു കൊണ്ടുവന്നതെന്ന് പൊലീസിനോടു പറഞ്ഞു. പാഴ്സല്‍ ലോറിയിലാണു പണം എത്തിച്ചതെന്ന് ഷിജിനും പൊലീസിനോടു സമ്മതിച്ചു. ബെംഗളൂരുവില്‍ സുന്ദര്‍ലാല്‍ എന്ന ആളെയാണു പണത്തിനായി ബന്ധപ്പെട്ടിരുന്നത്. 41.40 കോടി രൂപയാണ് കര്‍ണാടകയില്‍നിന്നു നിയമസഭാ തിരഞ്ഞെടുപ്പിനായി കേരളത്തിലേക്ക് എത്തിച്ചതെന്നു ധര്മരാജന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് ഇഡിക്കു നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്, ഓര്‍ഗനൈസിങ് സെക്രട്ടറി എം.ഗണേഷ്, സംസ്ഥാന ഓഫിസ് സെക്രട്ടറി ഗിരീശന് നായര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണു പണം കൊണ്ടുവന്നതെന്നും ധര്മരാജന് പൊലീസിനോടു പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ എത്തി ആര്‍ക്കൊക്കെ എത്ര രൂപയാണ് നല്‍കിയതെന്നും ധര്മരാജന് പറഞ്ഞു. ഷംജീര്‍, ഷിജിന്, ഷൈജു, വിജിത്ത് എന്നിവരാണു പണം കടത്താന്‍ സഹായിച്ചത്.
ധര്മരാജന് ഇരിങ്ങാലക്കുട കോടതിയില്‍ പണത്തിന്റെ ഉറവിടത്തെക്കുറിച്ചു നല്കിയ കാര്യങ്ങള്‍ തെറ്റാണെന്നു പൊലീസ് ഇഡിയെ അറിയിച്ചിട്ടുണ്ട്. 41.4 കോടിയില്‍ ബാക്കിയുള്ള 37.90 കോടി രൂപ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും ധര്‍മരാജനു കഴിഞ്ഞിട്ടില്ല. തൃശൂരുള്ള സുധീര്‍ സിങ്, ബെംഗളൂരുവിലെ സുന്ദര്‍ലാല്‍, മഹാരാഷ്ട്രയിലെ സച്ചിന് സേതു, തൃശൂര്‍ സ്വദേശി ബി. പ്രദീപ്, ബെംഗളൂരുവിലുള്ള വിക്കി, ലെഹര്‍ സിങ് എന്നിവര്‍ ബിജെപിക്കു വേണ്ടിയുള്ള ഹവാലപ്പണക്കടത്തുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കണ്ടെത്തിയ പണം അനധികൃതമായതിനാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്, ആദായനികുതി വകുപ്പ് എന്നിവര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും പൊലീസ് ഇഡിയെ അറിയിച്ചു.
പൊലീസ് റിപ്പോര്‍ട്ടില്‍ പണം കൈമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍
2021 മാര്‍ച്ച് 5 - ഷംജീറും റഷീദും ചേര്‍ന്ന് കാറില്‍ രണ്ടു കോടി രൂപ തിരുവനന്തപുരത്ത് ബിജെപി ഓഫിസ് അറ്റന്‍ഡര്‍ ബിനീതിന് എത്തിച്ചു നല്കി. മാര്‍ച്ച് 8നും ബിനീതിന് ഇവര്‍ 3.5 കോടി നല്കി. മാര്‍ച്ച് 12ന് ബിജെപി തൃശൂര്‍ ജില്ലാ ട്രഷറര്‍ സുജയ് സേനന് രണ്ടു കോടിയും 13ന് 1.5 കോടിയും 14ന് 1.5 കോടിയും നല്കി. 16ന് ധര്മരാജന് കെഎസ്ആര്‍ടിസി ബസില്‍ ആലുവയില്‍ എത്തി സോമശേഖരന്‍ എന്നു സംശയിക്കുന്ന ആളിന് അരക്കോടി കൈമാറി. 18ന് ഷിജിന് ലോറിയില്‍ അരൂരിനു സമീപത്തുവച്ച് ബിജെപി ആലപ്പുഴ മേഖലാ സെക്രട്ടറി പദ്മകുമാറിന് 1.1 കോടി നല്കി.
20ന് ഷിജിന്, ധര്മരാജന്, ഷൈജു, ധനരാജ്, ഷാജി എന്നിവര്‍ ഏഴു കോടി രൂപ ബെംഗളൂരുവില്‍നിന്നും മറ്റുമാണ് ശേഖരിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കണ്ണൂര്‍ ബിജെപി ഓഫിസിലെ ശരത് - 1.4 കോടി, കോഴിക്കോട് ബിജെപി മേഖലാ സെക്രട്ടറി കെ.പി.സുരേഷ് - 1.5 കോടി, കോഴിക്കോട് ബിജെപി വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് - 1 കോടി, ആലപ്പുഴ മേഖലാ സെക്രട്ടറി പദ്മകുമാര്‍ - 2.5 കോടി എന്നിങ്ങനെ തുക നല്കിയെന്നു പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 25ന് ഷിജിന് 1.1 കോടി രൂപ ലോറിയില്‍ തിരുവനന്തപുരത്ത് എത്തിച്ച് ധര്‍മരാജനു നല്കി. അടുത്ത ദിവസങ്ങളില്‍ ഷിജിന് കര്‍ണാടകയില്‍നിന്ന് 6.5 കോടി പാഴ്സല്‍ ലോറിയില്‍ കേരളത്തില്‍ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ വിവിധ ബിജെപി നേതാക്കള്‍ക്കു കോടികള്‍ എത്തിച്ചു നല്‍കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മാര്‍ച്ച് മൂന്നിന് കാറില്‍ ആലപ്പുഴയിലേക്കു കൊണ്ടുപോയ 3.5 കോടിയാണ് കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത്.