മിസൈൽ പരീക്ഷണം സ്ഥിരീകരിച്ച് ഉത്തര കൊറിയ; പരീക്ഷണം കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിൽ
Mail This Article
സോൾ ∙ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി സ്ഥിരീകരിച്ച് ഉത്തര കൊറിയ. ഹ്വാസോങ്-19 എന്ന് പേരിട്ട ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ഉത്തര കൊറിയ പരീക്ഷിച്ചത്. ഭരണാധികാരി കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലാണു മിസൈൽ പരീക്ഷണം. യുക്രെയ്നിൽ യുദ്ധം ചെയ്യാൻ സൈനികരെ നൽകിയതിനു പകരം റഷ്യ ഉത്തര കൊറിയയ്ക്കു മിസൈൽ സാങ്കേതികവിദ്യ കൈമാറാനിടയുണ്ടെന്നു ദക്ഷിണ കൊറിയ ആരോപിച്ചതിനു പിന്നാലെയാണ് മിസൈൽ പരീക്ഷണം.
മിസൈൽ വിക്ഷേപണം വിജയമാണെന്നും അണ്വായുധ വികസനത്തിൽ തന്റെ രാജ്യം നേടിയ മേൽക്കോയ്മ അവഗണിക്കാനാവില്ലെന്നും ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ പറഞ്ഞതായി സർക്കാർ മാധ്യമമായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
കൊറിയൻ ഉപദ്വീപിന്റെ കിഴക്കൻ തീരത്തുള്ള കടലിൽ പതിക്കുന്നതിനു മുമ്പ് മിസൈൽ 1,001.2 കിലോമീറ്റർ ദൂരം 5,156 സെക്കൻഡ് പറന്നതായും 7,687.5 കിലോമീറ്റർ ഉയരം രേഖപ്പെടുത്തിയതായും കെസിഎൻഎ റിപ്പോർട്ട് ചെയ്തു. കിഴക്കൻ കടലിലേക്ക് ഉത്തര കൊറിയ വ്യാഴാഴ്ച പുലർച്ചെ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് വെളിപ്പെടുത്തിയിരുന്നു.