ADVERTISEMENT

കോഴിക്കോട് ∙ ഹോർത്തൂസ് വേദിയിൽ എത്തിയപ്പോൾ സ്വന്തം വീട്ടിൽ നിൽക്കുന്നതുപോലെ തോന്നുന്നുവെന്നു തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. മലയാള മനോരമ സംഘടിപ്പിക്കുന്ന കലാസാഹിത്യോത്സവമായ ഹോർത്തൂസിന്റെ രണ്ടാം ദിനം ലിറ്റററി എക്കോസ് ഇൻ ദ്രവീഡിയൻ പൊളിറ്റിക്സ് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘കേരളവുമായുള്ള അടുപ്പം തമിഴ്നാടിനു മുൻപേയുണ്ട്. ഫാഷിസത്തിനെതിരെ കേരളവും തമിഴ്നാടും പൊരുതുന്നു. തമിഴ് വ്യക്തിത്വത്തിന്റെ കേന്ദ്രം ദ്രാവിഡ പ്രസ്ഥാനമാണ്. സാമൂഹിക മാറ്റത്തിനുള്ള ഉപാധിയായി അത് ഭാഷയെയും സാഹിത്യത്തെയും കണ്ടു. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ പ്രതികരിച്ചു’’ – ഉദയനിധി പറഞ്ഞു.

ഇന്ത്യയിൽ പ്രാദേശിക ഭാഷകൾ നിലനിൽക്കുന്നതിന്റെ പ്രധാന കാരണം തമിഴിനായി ദ്രവീഡിയൻ പ്രസ്ഥാനം മുന്നോട്ടു വന്നതാണ്. ദ്രവീഡിയൻ പ്രസ്ഥാനത്തിന്റെ പ്രധാന ആയുധമായി ഭാഷ മാറി. ഉത്തരേന്ത്യയിലെ പല ഭാഷകൾക്കും സ്വന്തമായ സിനിമാ വ്യവസായം ഇല്ല. മിക്കതും ദുർബലമാണ്. ബോളിവുഡ് അവയെ വിഴുങ്ങി. ദക്ഷിണേന്ത്യൻ സിനിമകൾക്ക് അതു സംഭവിച്ചില്ല. അവ സ്വന്തം വ്യക്തിത്വം നിലനിർത്തി. സംസ്കൃതത്തിന്റെ മേധാവിത്വത്തിനെതിരെ തമിഴ്‌നാട് പൊരുതി. തന്തൈ പെരിയാർ അതിനു നേതൃത്വം നൽകി. ഭാഷയ്ക്കു വേണ്ടി പൊരുതിയവരെ തമിഴ്നാട് ആദരവോടെ കാണുന്നു, ഓർക്കുന്നു. ഫാഷിസ്റ്റുകൾ കവിതയിലും സാഹിത്യത്തിലും കാവി പൂശാൻ ശ്രമിക്കുന്നു. കേരളത്തിനും തമിഴ്നാടിനും സംസ്കാരത്തോടു സ്നേഹമുണ്ട്. നമ്മുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും വേണ്ടി ഒരുമിച്ചു നിൽക്കാമെന്നും അദ്ദേഹം പറഞ്ഞു.

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിലാണ് അരങ്ങേറുന്നത്. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/

English Summary:

Manorama Hortus: A Celebration of Art & Literature in Kozhikode– Day 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com