ADVERTISEMENT

കൊച്ചി ∙ വെള്ളിയാഴ്ച രാത്രി കോതമംഗലത്തുനിന്നു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര പുത്തൻകുരിശിലെ പാത്രിയർക്കാ സെന്ററിലെത്തുമ്പോൾ കോരിച്ചൊരിയുന്ന മഴയായിരുന്നു. ശനിയാഴ്ച പകൽ മുഴുവൻ പ്രകൃതി വിറങ്ങലിച്ചു നിന്നു. പ്രാർഥനാ ഗാനങ്ങളും അനുശോചന സന്ദേശങ്ങളുമുയർന്ന ശനിയാഴ്ച പകലിന് ശാന്തതയായിരുന്നു. ഒടുവിൽ വൈകിട്ട് അഞ്ചരയോടെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിന്റെ മുറ്റത്തുയർന്ന കൂറ്റൻ പന്തലിൽ നിരന്നിരുന്ന ആയിരക്കണക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ശ്രേഷ്ഠ ബാവായുടെ ഭൗതികദേഹം കബറടക്കിയതിനു പിന്നാലെ പ്രകൃതി ഇരുണ്ടു മൂടി, മഴ കനത്തു പെയ്തു. പതിറ്റാണ്ടുകൾ നീണ്ട തന്റെ പൗരോഹിത്യശുശ്രൂഷകളും സഭയ്ക്കും വിശ്വാസികൾക്കും വേണ്ടി നടത്തിയ അസംഖ്യം പോരാട്ടങ്ങളും അവസാനിപ്പിച്ച് ശ്രേഷ്ഠ ബാവാ നിത്യവിശ്രമത്തിലായി. 

വിശ്വാസികള്‍ക്കിടയിൽ ശ്രേഷ്ഠ ബാവായ്ക്കുള്ള വിശ്വാസവും ആശ്വാസവും എത്രത്തോളമുണ്ടെന്നതിന്റെ നേർസാക്ഷ്യമായിരുന്നു വെള്ളിയാഴ്ച കോതമംഗലത്തെ പള്ളികളിലും പാതയോരങ്ങളിലും ഒടുവിൽ പാത്രിയർക്കീസ് സെന്ററിലും തടിച്ചുകൂടിയ ജനക്കൂട്ടം. കോതമംഗലത്തെ ചെറിയ പള്ളിയിലും വലിയ പള്ളിയിലും ആരംഭിച്ച കബറടക്ക ശുശ്രൂഷകളിൽ പകുതിയിലേറെ ഉച്ചയോടെ പൂർത്തിയായി. ഇതിനിടെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എംപിമാരും എംഎല്‍എമാരും, വിവിധ മതമേലധ്യക്ഷന്മാർ അടക്കം രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖരുടെ ആദരാഞ്ജലി. വൈകിട്ട് നാലു മണിയോടെ കബറടക്ക ചടങ്ങുകൾ അന്തിമഘട്ടത്തിലേക്ക് കടന്നു. 

പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ ദൂതരായി എത്തിയ അമേരിക്കയിലേയും യൂറോപ്പിലേയും ആർച്ച് ബിഷപ്പുമാരും ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയാസിന്റെ നേതൃത്വത്തിൽ കബറടക്ക ചടങ്ങുകൾ അവസാനഘട്ടത്തിലേക്ക്. തന്റെ കുട്ടിക്കാലവും വൈദികവൃത്തിയും ശുശ്രൂഷാചുമതലകളും മുതൽ സഭയും അതിന്റെ ഭാവിയും വിശ്വാസികളും വിശ്വാസത്തിന്റെ ദാർഢ്യവുമെല്ലാം ഇടംപിടിച്ച, ശ്രേഷ്ഠ ബാവാ 2021ൽ തയാറാറാക്കിയ വിൽപത്രത്തിന്റെ വായന അര ‌മണിക്കൂർ നീണ്ടു. 

catholicos-baselios-thomas-1
ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടക്കു ചടങ്ങുകളിൽ നിന്ന് (ചിത്രം : മനോരമ)

സഭയെ ഒരുമിപ്പിച്ചു നിർത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും ശ്രേഷ്ഠ ബാവാ വഹിച്ച പങ്കിനെ എടുത്തുപറഞ്ഞുകൊണ്ടുള്ള പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ അനുശോചന സന്ദേശവും വിശ്വാസി സമൂഹം കാതുകൂർപ്പിച്ചു കേട്ടു. പിന്നാലെ ഭൗതികദേഹം പള്ളിക്കു ചുറ്റും പ്രദക്ഷിണം വച്ച് അന്ത്യയാത്രക്കായി മദ്ബഹയിലേക്ക്. ഭൗതികദേഹം മദ്ബഹയ്ക്കു സമീപം തയാറാക്കിയ കല്ലറയിലേക്ക് ഇറക്കുന്നതിനു മുൻപുള്ള പ്രാർഥനാ ചടങ്ങുകൾ. ശ്രേഷ്ഠ ബാവായുടെ അധികാര ചിഹ്നവും തിരുശേഷിപ്പുകളും ജോസഫ് മാർ ഗ്രിഗോറിയാസും സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലനും ചേർന്ന് സ്വീകരിക്കുമ്പോൾ പല കണ്ഠങ്ങളില്‍ നിന്നും വിതുമ്പലുയർന്നു. ഒടുവിൽ‍ മുഖംമൂടി ഭൗതികദേഹം കല്ലറയിലേക്ക്. യാക്കോബായ സഭയുടെ ശ്രേഷ്ഠ ഇടയന് താൻ പണികഴിപ്പിച്ച ഇടത്തു തന്നെ അന്ത്യവിശ്രമം. 

catholicos-baselios-thomas-3
ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടക്കു ചടങ്ങുകളിൽ നിന്ന് (ചിത്രം : മനോരമ)
English Summary:

Rain-Soaked Farewell: Catholicos Baselios Thomas's Final Journey to Puthencruz

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com