കാൽ തൊട്ടുവന്ദിച്ചു, മാസ്ക് ധരിച്ചയാൾ വെടിയുതിർത്തു, 2 പേർ കൊല്ലപ്പെട്ടു; കൗമാരക്കാരനായ ബന്ധു അറസ്റ്റിൽ
Mail This Article
ന്യൂഡൽഹി ∙ ശാഹ്ദ്രയിൽ ദീപാവലി ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പിൽ അമ്മാവനും മരുമകനും കൊല്ലപ്പെട്ട കേസിൽ പ്രായപൂർത്തിയാകാത്ത ബന്ധു അറസ്റ്റിലായി. വ്യാഴാഴ്ച രാത്രിയാണ് ആകാശ് ശർമ (42), മരുമകൻ ഋഷഭ് ശർമ (16) എന്നിവർ അക്രമി സംഘത്തിന്റെ വെടിയേറ്റു മരിച്ചത്. ആകാശിന്റെ മകൻ ക്രിഷ് ശർമ(10) ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്.
സംഭവമിങ്ങനെ: ആകാശും അകന്ന ബന്ധുവായ കൗമാരക്കാരനും തമ്മിൽ 70,000 രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ടു തർക്കമുണ്ടായിരുന്നു. കടംവാങ്ങിയ തുക ആകാശ് തിരികെ നൽകി. എന്നാൽ, പലതവണ കൗമാരക്കാരൻ വിളിച്ചിട്ടും ആകാശ് ഫോണെടുക്കാൻ കൂട്ടാക്കിയില്ല. ഇവർക്കിടയിൽ മറ്റു സ്വത്തുതർക്കങ്ങളും ഉണ്ടായിരുന്നു. കൗമാരക്കാരനിൽ നിന്നുൾപ്പെടെ വധഭീഷണിയുമുണ്ടെന്നാണു വിവരം. കഴിഞ്ഞ ദിവസം മധുരപലഹാരങ്ങളുമായി വീട്ടിലെത്തിയ ഇയാളെ സ്വീകരിക്കാതെ മടക്കി അയച്ചെന്നും ആകാശിന്റെ അമ്മ ശശി പറഞ്ഞു.
‘ഇവരുമായുള്ള വഴക്കിന്റെ പേരിലാണ് ഭർത്താവിനെ നഷ്ടപ്പെട്ടത്. ഇപ്പോൾ മകനെയും ചെറുമകനെയും നഷ്ടപ്പെട്ടു’– ശശി പറഞ്ഞു. അവഗണിച്ചതിലുള്ള വൈരാഗ്യമാകാം കൗമാരക്കാരനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ആകാശിനെ കൊല്ലാൻ ഇയാൾ വാടകക്കൊലയാളിയെ ഏർപ്പെടുത്തി. സംഭവ ദിവസം ബൈക്കിലെത്തിയ സംഘത്തിൽ കൗമാരക്കാരനുമുണ്ടായിരുന്നു. ഇയാൾ ആകാശിന്റെ കാൽ തൊട്ടുവന്ദിച്ചു.
മാസ്ക് ധരിച്ച് ഒപ്പമെത്തിയയാൾ പെട്ടെന്നു വെടിവയ്ക്കുകയായിരുന്നു. അക്രമികൾ ഓടിരക്ഷപെടുന്നതിനിടെ പിന്തുടർന്നപ്പോഴാണ് ഋഷഭിനും ക്രിഷിനും നേർക്ക് വെടിയുതിർത്തത്. മൂവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ആകാശും ഋഷഭും മരിച്ചുവെന്ന് ശാഹ്ദ്ര ഡിസിപി പ്രശാന്ത് ഗൗതം പറഞ്ഞു. വീടിനോട് ചേർന്ന് കോസ്മെറ്റിക് ഷോപ്പ് നടത്തിയിരുന്ന ആകാശ് ചൂതാട്ടം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ്.