‘അജിത് കുമാറിനെ കണ്ടിട്ടുണ്ടാകാം, ആർഎസ്എസുകാരെ കാണുന്നത് പാപമല്ല; കേരളത്തിൽ രാഷ്ട്രീയ അയിത്തം’
Mail This Article
കോഴിക്കോട്∙ എഡിജിപി എം.ആർ.അജിത് കുമാറിനെ താൻ കണ്ടിട്ടുണ്ടാകാമെന്ന് ആർഎസ്എസ് നേതാവ് റാം മാധവ്. അജിത് കുമാറിനെ കണ്ടതിനെക്കുറിച്ച് വ്യക്തമായ ഓർമയില്ലെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ സംഘടിപ്പിച്ച ഹോർത്തൂസ് കലാസാഹിത്യോത്സവത്തിൽ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു റാം മാധവ്.
‘‘ആർഎസ്എസുകാരെ കാണുന്നത് പാപമല്ല. ഇപ്പോഴത്തെ വിവാദത്തിനു കാരണം രാഷ്ട്രീയ അയിത്തമാണ്. ജാതി അയിത്തത്തെ അകറ്റിനിര്‍ത്തിയ കേരളത്തിൽ ഇപ്പോൾ രാഷ്ട്രീയ അയിത്തം ഉണ്ടാകുന്നത് നിർഭാഗ്യകരമാണ്. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ച നടത്താറുണ്ട്. വിമാനത്താവളത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടപ്പോൾ അഭിവാദ്യം ചെയ്തിരുന്നു. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതിൽ ബിജെപി–സിപിഎം ധാരണയില്ല’’– റാം മാധവ് പറഞ്ഞു.
റാം മാധവ് ഉൾപ്പെടെയുള്ള ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വലിയ വിവാദമാകുകയും തുടർന്ന് അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്ന് നീക്കുകയും ചെയ്തിരുന്നു, ജൂൺ 2ന് കോവളത്തെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് റാം മാധവിനെ അജിത് കുമാർ കണ്ടതെന്നാണ് വിവരം. അതിനു മുൻപ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെയും അജിത് കുമാർ സന്ദർശിച്ചിരുന്നു.