‘ആർക്കു വേണ്ടിയും എന്റെ ശൈലി മാറ്റില്ല; യുഡിഎഫ് ആത്മവിശ്വാസത്തിൽ’: ചേലക്കര തിരിച്ചുപിടിക്കാൻ രമ്യ
Mail This Article
ചേലക്കര ∙ ഇത്തവണ ചേലക്കരയിൽ കേരളം ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് ഫലം ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. ചിട്ടയായ പ്രവർത്തനവും ഒത്തൊരുമിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണവും വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും മനോരമ ഓൺലൈനോട് രമ്യ പ്രതികരിച്ചു. മുള്ളൂർക്കര പഞ്ചായത്തിലെ തിരക്കിട്ട പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അവർ.
‘‘ചേലക്കര മണ്ഡലം സംസ്കാരത്താൽ സമ്പന്നമാണ്. എണ്ണിയാൽ തീരാത്ത ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങൾ ഈ മണ്ഡലത്തിലുണ്ട്. എന്നാൽ ചേലക്കര മുഖ്യധാരയിലേക്ക് ഇനിയും എത്തിയിട്ടില്ല. വരുംനാളുകളിൽ കേരളത്തിലെ ടൂറിസ്റ്റ് ഡെസ്റ്റിഷേനുകളിൽ ഒന്നായി ചേലക്കര മാറും. പാഞ്ഞാളും ദേശമംഗലവും തിരുവില്വാമലയും അടങ്ങുന്ന ചേലക്കരയുടെ പ്രസിദ്ധി ഇന്ത്യയാകമാനം അറിയിക്കണം. അതിന് കോൺഗ്രസിന് സാധിക്കും. വികസനത്തിലേക്ക് ചേലക്കരയെ നയിക്കാൻ കോൺഗ്രസിന് കഴിഞ്ഞ നാളുകളിൽ കഴിഞ്ഞു. ഇനിയും അതിനു ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്.
യുഡിഎഫും കോൺഗ്രസും ചിട്ടയായ പ്രവർത്തനമാണ് മണ്ഡലത്തിൽ നടത്തുന്നത്. വളരെ ആത്മവിശ്വാസത്തിലാണ് പ്രവർത്തകർ. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ പല പ്രവർത്തകരും സ്വന്തം കയ്യിൽനിന്ന് പണം മുടക്കിയാണ് എന്റെ ഫ്ലക്സുകൾ ആദ്യ ദിവസം തന്നെ മണ്ഡലത്തിൽ സ്ഥാപിച്ചത്. അവർ അത്രയും ആത്മവിശ്വാസത്തിലാണ്. ഞങ്ങൾക്ക് മികച്ച വിജയം ലഭിക്കും. യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഊർജസ്വലമായാണ് മുന്നോട്ട് പോകുന്നത്. ചേലക്കര ഞങ്ങൾ തിരിച്ചുപിടിക്കും.
ബ്ലോക്ക് പഞ്ചായത്തിൽനിന്ന് തുടങ്ങിയതാണ് തിരഞ്ഞെടുപ്പ് ജീവിതം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ അപ്രതീക്ഷിതമായാണ് 2019ൽ ആലത്തൂരിലേക്ക് സാധാരണക്കാരിയായ എന്നെ പാർട്ടി പരിഗണിച്ചത്. 2019ലും 2024ലും നല്ല രീതിയിൽ പ്രകടനം കാഴ്ചവച്ചു. ചേലക്കരയിൽ 2 തവണയും മികച്ച പിന്തുണ ലഭിച്ചിട്ടുമുണ്ട്. അത് മൂന്നാം തവണയും ഉണ്ടാകും. പാർട്ടി നേതൃത്വം ഒന്നായി എടുത്ത് തീരുമാനമാണ് എന്റെ സ്ഥാനാർഥിത്വം. ആലത്തൂരിന്റെ ഭാഗം തന്നെയാണ് ചേലക്കര. ഞാൻ ഇവിടെ കഴിഞ്ഞ 6 വർഷമായി പ്രവർത്തിക്കുന്നുണ്ട്. ചേലക്കരക്കാർക്ക് എന്നെ അറിയാം.
എൻ.കെ സുധീർ മത്സരിക്കുന്നത് വ്യക്തിപരമായ കാരണം കൊണ്ടാണ്. ആലത്തൂർ ഇടതുപക്ഷ കോട്ടയാണ്, അങ്ങോട്ട് പോകണ്ടെന്നായിരുന്നു 2019ൽ അടുത്ത സുഹൃത്തുക്കൾ പോലും പറഞ്ഞത്. ജയവും തോൽവിയും നോക്കിയല്ല, പാർട്ടി പറഞ്ഞാൽ ആ ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നതാണ് എന്റെ രീതി. 2019ൽ അത് ചെയ്തു, വിജയിച്ചു. 2024ലും എല്ലാവരും പിന്തുണച്ചു. പാർട്ടി എടുത്ത തീരുമാനമാണ് ചേലക്കരയിലേക്ക് രമ്യ വരണമെന്നത്. എന്നെ വളർത്തിയ പാർട്ടിയാണ്. ആ ആശയത്തിൽ ഞാൻ എന്നും മുറുകെ പിടിക്കും.
എന്റെ ശൈലിയല്ല മറ്റുള്ളവർക്ക്. അപ്പുറത്തും ഇപ്പുറത്തും നിൽക്കുന്നവർ എന്ത് വിചാരിക്കും എന്ന് നോക്കിയല്ല പ്രവർത്തനം. ഒരു പാട്ട് പാടണമെന്ന് വോട്ടർമാർ ആവശ്യപ്പെട്ടാൽ പാടും. ആരോടും അസഹിഷ്ണുത പുലർത്തുന്ന ആളല്ല. പെട്ടെന്ന് ശൈലി മാറ്റാൻ എനിക്ക് സാധിക്കില്ല. കുട്ടിക്കാലംം മുതൽ ശീലിച്ചതാണ്. രാഷ്ട്രീയ പോരാട്ടത്തിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും അതിന്റെതായ ശൈലി എനിക്കുണ്ട്. അത് ആർക്കുവേണ്ടിയും മാറ്റില്ല. കൃത്യമായ രാഷ്ട്രീയ വീക്ഷണത്തോടെ തന്നെയാണ് ചേലക്കരയിലെ വോട്ടർമാരെ സമീപിക്കുന്നത്. കേരളം ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് ഫലം ചേലക്കരയിൽ ഉണ്ടാകും.’’ – രമ്യ പറഞ്ഞു.