ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിലെ പ്രതിപക്ഷ കക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നേതാവായി കെമി ബേഡനോക്കിനെ തിരഞ്ഞെടുത്തു. ഋഷി സുനക് പ്രധാനമന്ത്രിയായിരുന്നപ്പോൾ മന്ത്രിസഭയിലുണ്ടായിരുന്ന കെമി (44) നൈജീരിയൻ വംശജയാണ്. സുനകിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള വോട്ടെടുപ്പിന്റെ അവസാനഘട്ടത്തിൽ കെമിയും മുൻമന്ത്രി റോബർട്ട് ജെൻറിക്കുമാണ് ഉണ്ടായിരുന്നത്. കെമി 53,806 വോട്ടുകളും റോബർട്ട് ജെൻറിക്കിന് 41,388 വോട്ടുകളും നേടി. ഇതോടെ പാർട്ടിയുടെ തലപ്പത്ത് എത്തുന്ന ആദ്യ കറുത്ത വർഗക്കാരിയായി കെമി ബേഡനോക്ക് മാറി.

ബ്രിട്ടനിൽ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയുടെ തലപ്പത്തെത്തുന്ന ആദ്യത്തെ കറുത്ത വർഗക്കാരി കൂടിയാണ് കെമി ബേഡനോക്ക്. “നമുക്ക് മുന്നിലുള്ള ദൗത്യം കഠിനവും എന്നാൽ ലളിതവുമാണ്. ലേബർ പാർട്ടി സർക്കാരിനെ പ്രതിജ്ഞാബദ്ധമാക്കുക എന്നതാണ് അടുത്ത നടപടി. പാർട്ടി സത്യസന്ധരായിരിക്കണം. ഞങ്ങൾ തെറ്റുകൾ വരുത്തിയതിനെക്കുറിച്ച് സത്യസന്ധത പുലർത്തണം. നമ്മുടെ മഹത്തായ കൺസർവേറ്റീവ് പാർട്ടിയെ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ടത് എനിക്ക് ലഭിക്കുന്ന ഒരു ബഹുമതിയാണ്. ഞാൻ സ്നേഹിക്കുന്ന, എനിക്ക് ഒരുപാട് അവസരം തന്ന ഒരു പാർട്ടിയാണ്. മത്സരത്തിൽ എതിരാളിയായിരുന്ന റോബർട്ട് ജെൻറിക്ക് വരും വർഷങ്ങളിൽ ഞങ്ങളുടെ പാർട്ടിയിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്നതിൽ എനിക്ക് സംശയമില്ല. എന്നിൽ വിശ്വാസമർപ്പിച്ച എല്ലാ അംഗങ്ങൾക്കും നന്ദി. മാറ്റത്തിനുള്ള സമയമാണിത്.”, പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കെമി പറഞ്ഞു.

ബ്രിട്ടൻ–ഇന്ത്യ സ്വതന്ത്രവ്യാപാരക്കരാർ ഒപ്പിടുന്നതു സംബന്ധിച്ച ചർച്ചകളിൽ വ്യാപാരമന്ത്രിയായിരിക്കെ കെമിയും പങ്കെടുത്തിരുന്നു. വീസ എണ്ണം കൂട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തിൽത്തട്ടിയാണ് കരാർ ചർച്ച സ്തംഭിച്ചതെന്ന് അവർ ഈയിടെ പറഞ്ഞിരുന്നു. നൈജീരിയൻ ദമ്പതികളുടെ മകളായി യുകെയിലാണു കെമിയുടെ ജനനം. ഭർത്താവ് ഹാമിഷ് ബേഡനോക്, ഡോയ്ചെ ബാങ്ക് ഉദ്യോഗസ്ഥനും മുൻ കൗൺസിലറുമാണ്.

English Summary:

Britain’s Conservative Party picks first Black woman, Kemi Badenoch, to lead party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com