ചേലക്കരയുടെ സ്വന്തം കുത്താമ്പുള്ളി; നെയ്ത്ത് ഗ്രാമം ഇത്തവണ ആർക്ക് വോട്ട് ചെയ്യും?
Mail This Article
ചേലക്കര∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉത്സവാന്തരീക്ഷത്തിലാണ് ചേലക്കരയും പരിസര പ്രദേശങ്ങളും. മണ്ഡലത്തിലെ പ്രസിദ്ധമായ നെയ്ത്ത് ഗ്രാമമാണ് തിരുവില്വാമല പഞ്ചായത്തിലെ കുത്താമ്പുള്ളി. കുത്താമ്പുള്ളി കൈത്തറികളുടെയും അവിടത്തെ നെയ്ത്ത് ശാലകളിൽ നെയ്തെടുക്കുന്ന വസ്ത്രങ്ങളുടെയും പ്രശസ്തി കേരളത്തിൽ പ്രസിദ്ധമാണ്. എന്നാൽ കുത്താമ്പുള്ളിയുടെ പ്രസിദ്ധി ഇന്നും ഉണ്ടോ? ഒരു കാലത്ത് കൈത്തറികളാൽ സമ്പന്നമായ കുത്താമ്പുള്ളിയിൽ ഇന്ന് എന്താണ് അവസ്ഥ?
കുത്താമ്പുള്ളി എത്തുന്നതിന് മുൻപേ തന്നെ ഇരുവശത്തും വസ്ത്ര വിപണന ശാലകൾ സജീവമാണ്. ഗായത്രി പുഴയുടെ തീരത്തെ കുത്താമ്പുള്ളിയിലെ സാരികൾക്കും മുണ്ടുകൾക്കും ആവശ്യക്കാർ ഏറെയാണ്. എന്നാൽ കൈത്തറികൾ അവശേഷിക്കുന്ന ചുരുക്കം ചില വീടുകൾ മാത്രമാണ് കുത്താമ്പുള്ളിയിൽ ഇന്ന് അവശേഷിക്കുന്നത്. ആയിരക്കണക്കിന് കൈത്തറികൾ ഉണ്ടായിരുന്നിടത്ത് ഇന്ന് അവശേഷിക്കുന്നത് നൂറിൽ താഴെ മാത്രം കൈത്തറികൾ. അതിൽ സജീവമായി നെയ്ത്ത് നടക്കുന്നതാകട്ടെ ചിലതിൽ മാത്രം.
ഗായത്രി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കുത്താമ്പുള്ളിയുടെ പ്രശസ്തി ഇന്ന് ആ ഗ്രാമത്തിനില്ല. നെയ്ത്ത് ശാലകളുടെ ‘ടക്ക് ടക്ക്’ ശബ്ദം കുത്താമ്പുള്ളിക്കാർക്ക് ഇന്ന് അന്യമായിരിക്കുന്നു. 45 വർഷമായി തന്റെ വീട്ടിലെ ഉമ്മറത്തോട് ചേർന്ന് നെയ്ത്ത് നടത്തുന്ന രാജേന്ദൻ ചേട്ടനുണ്ടായിരുന്നു അവിടെ. പവർലൂം കമ്പനികളും തമിഴ്നാട്ടിലെയും കേരളത്തിലെയും പല കടകളുടെ ഷോറൂമുകളും ഇവിടെ വന്നതോടെ കുത്താമ്പുള്ളി കൈത്തറി വ്യവസായം ഏതാണ്ട് അവസാനിച്ചുവെന്നും ഇത്തരം കമ്പനികൾ കൊണ്ടുവയ്ക്കുന്ന മെഷീൻ തുണിത്തരങ്ങൾക്ക് മുന്നിൽ കുത്താമ്പുള്ളിയുടെ തനത് നെയ്ത്ത് ശാലയിലെ ഉൽപ്പന്നങ്ങൾക്ക് പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ലെന്നും രാജേന്ദ്രൻ ചേട്ടൻ പറയുന്നു. ‘‘400-500നും രൂപയ്ക്കാണ് സാരികളും മുണ്ടുകളും പവർ ലൂം കമ്പനികൾ തമിഴ്നാട്ടിൽ നിന്ന് കുത്താമ്പുള്ളിയിലേക്ക് എത്തിക്കുന്നത്. അതിന് മുന്നിൽ വിലകൂടിയ ഞങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ല. നല്ല വില ലഭിച്ചിരുന്ന കുത്താമ്പുള്ളി സാരികളും മുണ്ടുകളും ഇന്ന് വില കുറച്ച് കൊടുക്കേണ്ട അവസ്ഥയിലാണ്. 1000 രൂപയ്ക്ക് വരെ വിൽക്കേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ഒരു സാരി നെയ്തെടുക്കണമെങ്കിൽ 5 മുതൽ 6 ദിവസത്തെ അധ്വാനം ഉണ്ട്. രാവിലെ തുടങ്ങി രാത്രി ഇരുട്ടന്നത് വരെ നെയ്തെടുക്കുന്നതാണ് കുത്താമ്പുള്ളിയുടെ തനത് ഉൽപ്പനങ്ങൾ.’’ – രാജേന്ദ്രൻ ചേട്ടൻ പറയുന്നു.
രാജേന്ദ്രൻ ചേട്ടന്റെ വീട്ടിൽ നിന്നിറങ്ങി, തിരികെ പോകാൻ നേരം വിജയകുമാർ എന്ന വസ്ത്ര വ്യാപാരിയെ കണ്ടു. ‘‘സേലം, ഈറോഡ് എന്നിവിടങ്ങളിൽ നിന്നാണ് ഇപ്പോൾ കുത്താമ്പുള്ളി സാരിയും മുണ്ടും വരുന്നത്. ഇത്തരം ലോറികൾ കുത്താമ്പുള്ളിയുടെ ചെറിയ തെരുവുകളിലേക്ക് എന്നും അതിർത്തി കടന്നെത്തും. അവിടത്തെ പവർലൂമുകളിൽ നിന്ന് ഓർഡർ അനുസരിച്ച് എത്തുന്ന ഇത്തരം വസ്ത്രങ്ങളാണ് പല കടകളിലും വിൽക്കുന്നത്. കേരളത്തിലെ പല മുൻനിര വസ്ത്രവ്യാപാര ശൃംഖലകൾക്കും ഇവിടെ നിന്നാണ് വസ്ത്രങ്ങൾ പോകുന്നത്. ഹോൾസെയിൽ റെയിറ്റിന് സാധനം തമിഴ്നാട്ടിൽ നിന്നെത്തുമ്പോൾ ലാഭവും കൂടും.’’ – വിജയകുമാർ പറഞ്ഞു.
കുത്താമ്പുള്ളിയിലെ പരമ്പരാഗത നെയ്ത്ത് തൊഴിലാളികളുടെ ഈ അവസ്ഥയ്ക്ക് കാരണം സർക്കാരുകളുടെ നിസംഗതയാണെന്നും നെയ്ത്ത് തൊഴിലാളികളും പ്രദേശവാസികളും ആരോപിക്കുന്നു. നെയ്ത്ത് തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളുടെ പോരായ്മയാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് കുത്താമ്പുള്ളിയിലെ പരമ്പരാഗത വ്യവസായത്തെ പ്രോത്സാഹിപ്പിക്കാൻ യാതൊരു താല്പര്യവുമില്ലെന്നാണ് ഇവിടത്തുകാർ പറയുന്നത്. ചേലക്കര മണ്ഡലത്തിലെ തിരുവില്വാമല പഞ്ചായത്തിലാണ് കുത്താമ്പുള്ളി. ചേലക്കര വോട്ടാവേശത്തിലേക്ക് നീങ്ങുമ്പോൾ കുത്താമ്പുള്ളിയിൽ ആ തിരഞ്ഞെടുപ്പ് ആവേശമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കുത്താമ്പുള്ളിക്കാർ ആർക്ക് വോട്ട് ചെയ്യണം. നെയ്ത്ത് ശാലകളിലേക്ക് വോട്ടഭ്യർഥിച്ചെത്തുന്ന സ്ഥാനാർഥികൾ എന്ത് പറഞ്ഞാകും ഇനി ഇവരോട് വോട്ട് ചോദിക്കുക.