ADVERTISEMENT

കോഴിക്കോട്∙ സാങ്കേതിക–പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിച്ചാൽ സിൽവർലൈൻ പദ്ധതിയുടെ അംഗീകാരത്തിനു സന്നദ്ധമാണെന്ന റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിഷേധവുമായി കെ-റെയിൽ വിരുദ്ധ സമര സമിതി. കാട്ടിൽപീടികയിൽ സമരസമിതി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കുക, മുഴുവൻ കേസുകളും പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നിയിച്ചാണ് ഇന്നു രാവിലെ പ്രതിഷേധം സംഘടിപ്പിച്ചത്. വരും ദിവസങ്ങളിലും പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് സമര സമിതി അറിയിച്ചു.  ‌

പൂർണമായി പിൻവലിക്കണമെന്നും അല്ലെങ്കിൽ കൂടുതൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് വെങ്ങളം കെ–റെയിൽ പ്രതിരോധ ജനകീയ സമിതി കൺവീനർ പി.കെ.സഹീർ പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരം നടത്തുന്നവർ ഇന്നു രാവിലെ ഓൺലൈൻ യോഗം ചേർന്ന് പ്രതിഷേധം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. 13ന് ആലുവയിൽ പ്രതിഷേധക്കാരുടെ സംസ്ഥാന കൂട്ടായ്മ നടത്തി തുടർ സമര പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

രൂപരേഖയിലെ സാങ്കേതിക–പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിച്ചാൽ കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതിയുടെ അംഗീകാരത്തിനും തുടർ നടപടിക്കും കേന്ദ്രം സന്നദ്ധമാണെന്നായിരുന്നു കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് ഇന്നലെ അറിയിച്ചത്. നിലവിലെ പദ്ധതി രേഖയുമായി മുന്നോട്ടു പോകാൻ സാധിക്കില്ലെന്നും മാറ്റങ്ങൾ വരുത്തിയാൽ പരിഗണിക്കാമെന്നും മുഖ്യമന്ത്രിയോട് ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ് സമരം കൂടുതൽ ശക്തിപ്പെടുത്താൻ പ്രതിരോധ സമിതി തീരുമാനിച്ചത്. 

English Summary:

Despite the Railway Minister's conditional approval, the controversial SilverLine project in Kerala faces strong opposition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com