ഡൽഹിയിൽ പലയിടത്തും വായു ഗുണനിലവാര സൂചിക 400 കടന്നു; ലഹോറിൽ എക്യുഐ 1900!
Mail This Article
ന്യൂഡൽഹി∙ ദീപാവലിക്കുശേഷം ഡൽഹിയിൽ വായു മലിനീകരണം കുത്തനെ ഉയർന്നു. ദേശീയ തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ എയർ ക്വാളിറ്റി ഇൻഡെക്സ് (എക്യുഐ) 400 കടന്നു. ആനന്ദ് വിഹാർ (433), അശോക് വിഹാർ (410), രോഹിണി (411), വിവേക് വിഹാർ (426) എന്നിവിടങ്ങളിൽ എക്യുഐ 400ന് മുകളിൽപ്പോയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. അതേസമയം, ലോകത്തെ പ്രമുഖ നഗരങ്ങളിലെ എക്യുഐ പുറത്തുവന്നപ്പോൾ ആദ്യസ്ഥാനം പാക്കിസ്ഥാനിലെ ലഹോറിനാണ് – 1900 ആണ് ശനിയാഴ്ചത്തെ തോത്.
ദ്വാരക, പ്രതാപ്ഗഞ്ച്, ജഹാംഗിർപുരി, പഞ്ചാബ് ബാഗ് എന്നിവടങ്ങളിലെ എക്യുഐ രൂക്ഷമായ നിലയിലാണ്. ഡൽഹിയുടെ പല ഭാഗങ്ങളിലും വായു ഗുണനിലവാരം വളരെ മോശമാണ്. സംസ്ഥാനത്തിന്റെ തിങ്കളാഴ്ച രാവിലെ 7 മണിക്കുള്ള ശരാശരി എക്യുഐ 373 ആണ്. ശനിയാഴ്ച ഇത് 316ഉം ഞായറാഴ്ച 382മായിരുന്നു. തിങ്കൾ മുതൽ ബുധനാഴ്ചവരെ പുലർച്ചെ സ്മോഗും മിസ്റ്റും ഉണ്ടായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചിരുന്നു.
ദേശീയ തലസ്ഥാന മേഖലയുടെ ഭാഗമായ നോയിഡയിൽ 305, ഗാസിയാബാദിൽ 295, ഗുരുഗ്രാമിൽ 276 എന്നിങ്ങനെയാണ് എക്യുഐ. എക്യുഐ 50ന് താഴെയാണെങ്കിലാണ് ഏറ്റവും മികച്ചത്. പരമാവധി ഈ തോത് 100 വരെയാകാം. നൂറിനു മുകളിൽപ്പോയാൽ അത് ആരോഗ്യത്തിന് ഹാനികരമാണ്.
ലഹോറിൽ വായു മലിനീകരണം അതിരൂക്ഷമായതിനാൽ ജീവനക്കാർക്ക് വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള സൗകര്യം ഉണ്ട്. വിവിധ നഗരങ്ങളിൽ പ്രൈമറി സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്.