ADVERTISEMENT

ലോകത്തെ ജനാധിപത്യ രാജ്യങ്ങളില്‍ ഭൂരിഭാഗം ഇടങ്ങളിലും അവിടുത്തെ ഭരണാധികാരിയെ തിരഞ്ഞെടുക്കുന്നതു ജനങ്ങള്‍ നേരിട്ടാണ്. രാജ്യത്തെ ജനങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിക്കോ നേതാവിനോ നേരിട്ടു വോട്ടു ചെയ്തു തിരഞ്ഞെടുക്കുന്ന ലളിതമായ രീതി. എന്നാല്‍ ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ജനാധിപത്യ രാജ്യമായ അമേരിക്കയില്‍ തിരഞ്ഞെടുപ്പു കുറച്ചു സങ്കീര്‍ണമാണ്. പ്രത്യേകിച്ചും രാജ്യത്തിന്റെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ഫെഡറല്‍ തിരഞ്ഞെടുപ്പില്‍. ഇവിടെ ജനകീയ വോട്ടെടുപ്പുണ്ടെങ്കിലും ജനങ്ങളുടെ വോട്ടുകളല്ല, മറിച്ച് ഇലക്ടറല്‍ കോളജ് എന്ന രീതിയാണ് അന്തിമ വിജയിയെ തീരുമാനിക്കുന്നത്. എന്താണ് ഈ ഇലക്ടറല്‍ കോളജ്? വിശദമായി അറിയാം.

∙ എന്താണ് ഇലക്ടറല്‍ കോളജ്

ഇലക്ടറല്‍ കോളജ് ഒരു തിരഞ്ഞെടുപ്പ് രീതിയാണ്. അതൊരു സമിതിയല്ല. യുഎസ് ഭരണഘടന പ്രകാരം ഇലക്ടര്‍മാരാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടത്. യുഎസിലെ 50 സംസ്ഥാനങ്ങള്‍ക്കും തലസ്ഥാനമായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയ്ക്കും (വാഷിങ്ടൻ ഡിസി) ജനസംഖ്യ അനുസരിച്ച് യുഎസ് കോണ്‍ഗ്രസ്, സെനറ്റ് അംഗങ്ങള്‍ക്കു തുല്യമായ അത്രയും ഇലക്ടര്‍മാരുണ്ടാകും. രണ്ട് സെനറ്റര്‍മാരടക്കം എല്ലാ സംസ്ഥാനങ്ങള്‍ക്കും കുറഞ്ഞത് 3 ഇലക്ടര്‍മാരെങ്കിലും ഉണ്ടാകുമെന്നു ഭരണഘടന ഉറപ്പുവരുത്തിയിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ 538 ഇലക്ടറൽ വോട്ടുകളാണുള്ളത്. ട്രംപിനോ കമലാ ഹാരിസിനോ പ്രസിഡന്റാകണമെങ്കില്‍ ഇവരില്‍ 270 പേരുടെയോ അതില്‍ക്കൂടുതലോ ഇലക്ടര്‍മാരുടെ വോട്ടുവേണം. കേവല ഭൂരിപക്ഷം നേടുന്നയാള്‍ പ്രസിഡന്റാകും.

∙ ഇലക്ടര്‍മാര്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് 

ഇലക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിനു രണ്ടു ഘട്ടങ്ങളാണുള്ളത്. ആദ്യഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ നടപടിക്രമങ്ങള്‍ അനുസരിച്ചു പാര്‍ട്ടി കണ്‍വന്‍ഷനിലൂടെയോ മറ്റോ ഇലക്ടര്‍ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നു. നവംബര്‍ 5ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഫലത്തില്‍ ജനങ്ങള്‍ വോട്ടുചെയ്യുന്നത് ഇലക്ടര്‍മാര്‍ക്കാണ്. ബാലറ്റില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ പേരിനൊപ്പം അതാതു പാര്‍ട്ടികളുടെ ഇലക്ടര്‍ സ്ഥാനാര്‍ഥിയുടെ പേര് ഉണ്ടാകുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം. അത് അതാത് സംസ്ഥാനങ്ങളിലെ ബാലറ്റ് പേപ്പറിന്റെ രീതിയുമായി ബന്ധപ്പെട്ടിരിക്കും. ജനകീയ തിരഞ്ഞെടുപ്പിന്റെ വോട്ടുകള്‍ തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ തന്നെ എണ്ണിത്തുടങ്ങും. ജനകീയ വോട്ടെണ്ണുന്ന രീതിയും വ്യത്യസ്തമാണ്. യുഎസില്‍ മെയ്ന്‍, നെബ്രാസ്‌ക എന്നീ സംസ്ഥാനങ്ങളൊഴികെ മറ്റ് 48 സംസ്ഥാനങ്ങളും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയും ‘വിന്നര്‍ ടേക്‌സ് ഓള്‍’ എന്ന രീതിയാണ് അവലംബിക്കുന്നത്. അതായത് ആ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടുനേടുന്ന സ്ഥാനാര്‍ഥിക്ക് അവിടുത്തെ മുഴുവന്‍ ഇലക്ടര്‍മാരുടെയും വോട്ട് ലഭിക്കും.

ഉദാഹരണത്തിന്, 40 ഇലക്ടര്‍മാരുള്ള ടെക്‌സസില്‍ ജനകീയ വോട്ടെണ്ണുമ്പോള്‍ മുപ്പതിടത്ത് ഡമോക്രാറ്റുകളും പത്തിടത്ത് റിപ്പബ്ലിക്കന്‍മാരും വിജയിച്ചെന്നും ആകെ 51% വോട്ടുനേടി ഡമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസ് മുന്നിലെത്തിയെന്നും കരുതുക. എങ്കില്‍ ടെക്‌സസിലെ 40 ഇലക്ടര്‍മാരും കമലയ്ക്ക് അനുകൂലമായി വോട്ടുചെയ്യണം. മറിച്ച് ട്രംപിനാണ് വോട്ടു കൂടുതലെങ്കില്‍ 40 വോട്ടും അദ്ദേഹത്തിനു ലഭിക്കും. അതേസമയം മെയ്‌നും നെബ്രാസ്‌കയും സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ച വോട്ടിന് ആനുപാതികമായി തങ്ങളുടെ ഇലക്ടറൽ വോട്ടുകള്‍ വീതിക്കുകയാണ് ചെയ്യുന്നത്. നാല് ഇലക്ടര്‍മാരുള്ള മെയ്‌നും 5 പേരുള്ള നെബ്രാസ്‌കയും 2 വോട്ട് ഏറ്റവും കൂടുതല്‍ വോട്ടുനേടിയ സ്ഥാനാര്‍ഥിക്കും ബാക്കി വോട്ടുകള്‍ അതാത് കോണ്‍ഗ്രഷനല്‍ മണ്ഡലത്തില്‍ മുന്നിലെത്തിയ സ്ഥാനാര്‍ഥിക്കുമാണു നല്‍കുക. 

അതുകൊണ്ടുതന്നെ രാജ്യത്താകെ ഏറ്റവും കൂടുതല്‍ ജനകീയ വോട്ടുനേടുന്ന സ്ഥാനാര്‍ഥി പ്രസിഡന്റാകുമെന്ന് ഉറപ്പില്ല. ഇക്കാരണത്താലാണ് റിപ്പബ്ലിക്കന്‍, ഡമോക്രാറ്റിക് പാര്‍ട്ടികളില്‍ പിന്തുണയാര്‍ക്കെന്ന് ഉറപ്പില്ലാത്ത സ്വിങ് സ്റ്റേറ്റുകള്‍ യുഎസ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്നത്. ഇലക്ടര്‍മാര്‍ കൂറുമാറാനും സാധ്യതയുണ്ട്. ജനകീയ വോട്ടില്‍ മുന്നിലെത്തിയ സ്ഥാനാര്‍ഥിക്കുതന്നെ ഇലക്ടര്‍മാര്‍ വോട്ടുചെയ്യണമെന്നു നിബന്ധന ഭരണഘടനയിലോ ഫെഡറല്‍ നിയമത്തിലോ ഇല്ല. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ കൂറുമാറ്റം നിയമംമൂലം നിരോധിച്ചിട്ടുണ്ട്. ഇതുപ്രകാരം കൂറുമാറിയാല്‍ പിഴയോ അയോഗ്യതയോ ശിക്ഷ ലഭിക്കും. ഇതുവരെ ആര്‍ക്കും പിഴ ശിക്ഷ ലഭിച്ചിട്ടില്ലെങ്കിലും കൂറുമാറിയവരില്‍ ചിലരെ അയോഗ്യരാക്കി പകരം പുതിയ ഇലക്ടര്‍മാരെ തിരഞ്ഞെടുത്തിട്ടുണ്ട്. ജനകീയ വോട്ടിനെ മാനിക്കുമെന്നു രാഷ്ട്രീയ പാര്‍ട്ടികളും ഇലക്ടര്‍മാരില്‍നിന്നു സത്യപ്രസ്താവന എഴുതിവാങ്ങും. ഡിസംബര്‍ 17നാണ് ഇലക്ടര്‍മാര്‍ വോട്ടു ചെയ്യുക.

usnewinfo1
usinfo2
us3
info4
info5
info6
usnewinfo1
usinfo2
us3
info4
info5
info6

∙ ഇലക്ടറല്‍ കോളജ് എന്തിനു വേണ്ടി?

എഡി 1787ലാണ് അമേരിക്കന്‍ ഭരണഘടനയില്‍ ഇലക്ടറല്‍ സംവിധാനം ഉള്‍പ്പെടുത്തുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനാ ചട്ടങ്ങള്‍ രൂപീകരിക്കുന്നതില്‍ യുഎസിന്റെ ഭരണഘടനാശില്‍പികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. പ്രസിഡന്റിനെ ജനകീയ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കണമെന്ന് ഒരുപക്ഷവും യുഎസ് കോണ്‍ഗ്രസ് തിരഞ്ഞെടുക്കണമെന്നു മറുപക്ഷവും വാദിച്ചു. ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുക്കുന്നതിനെക്കാള്‍ നല്ലത് പ്രസിഡന്റിനെ സംസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കുന്നതാണെന്ന ഒത്തുതീര്‍പ്പില്‍ അവസാനം എത്തിച്ചേര്‍ന്നു. ഇതാണ് ഇലക്ടറല്‍ കോളജ് സംവിധാനത്തിനു വഴി തുറന്നത്. 

എന്നാല്‍ കറുത്ത വര്‍ഗക്കാരടക്കമുള്ളവര്‍ അധികാരസ്ഥാനത്തെത്തരുതെന്ന വെള്ളക്കാരുടെ വാശിയും ഈ തീരുമാനത്തിനു പിന്നിലുണ്ടെന്നു ചരിത്രകാരന്മാര്‍ പറയുന്നു. വംശം, അടിമത്തം എന്നിവയും ഇലക്ടറല്‍ കോളജ് സംവിധാനത്തിന്റെ രൂപകല്‍പ്പനയില്‍ പങ്കുവഹിച്ചു.

∙ വോട്ടില്ലാത്ത അടിമകള്‍, ‘അഞ്ചില്‍ മൂന്ന്’ മനുഷ്യര്‍

അടിമത്തം യുഎസില്‍ നിയമപരമായിരുന്ന കാലത്ത് അടിമകള്‍ക്കു വോട്ടവകാശമുണ്ടായിരുന്നില്ല. അടിമവ്യാപാരത്തെ എതിര്‍ക്കുന്ന, വെള്ളക്കാര്‍ കൂടുതലുള്ള ന്യൂയോര്‍ക്ക്, പെന്‍സില്‍വേനിയ, മാസച്യുസെറ്റ്‌സ്, കണക്ടികട്ട്, ന്യൂ ഹാംഷെയര്‍ എന്നീ വടക്കന്‍ സംസ്ഥാനങ്ങള്‍ അതുകൊണ്ടുതന്നെ വെള്ളക്കാര്‍ക്കു മാത്രം വോട്ടവകാശം മതി എന്നായിരുന്നു വാദിച്ചിരുന്നത്. എന്നാല്‍ അടിമത്ത അനുകൂലികളായ വിര്‍ജീനിയ, നോര്‍ത്ത് കാരലൈന, മേരിലാന്‍ഡ്, സൗത്ത് കാരലൈന, ന്യൂജഴ്‌സി, ജോര്‍ജിയ തുടങ്ങിയ തെക്കന്‍ സംസ്ഥാനങ്ങളില്‍ അടിമകള്‍ കൂടുതലുണ്ടായിരുന്നതിനാല്‍ തങ്ങള്‍ക്കു പ്രതിനിധിസഭകളില്‍ പ്രാതിനിധ്യം നഷ്ടപ്പെടുമെന്നു ഭയന്നു. ജനസംഖ്യ അടിസ്ഥാനമാക്കിയാണ് പാര്‍ലമെന്റ് സീറ്റുകളടക്കം ലഭിക്കുന്നത് എന്നതിനാല്‍ ആ ഭയം സ്വാഭാവികം. അതുകൊണ്ടുതന്നെ അടിമകളെയും ജനസംഖ്യയില്‍ കണക്കാക്കണമെന്നു തെക്കന്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. ഒടുവില്‍ 1787ലെ ഭരണഘടനാ കണ്‍വന്‍ഷനില്‍ അഞ്ചില്‍ മൂന്ന് കരാര്‍ എന്ന ഒത്തുതീര്‍പ്പിലെത്തിയാണ് ഈ പ്രശ്‌നം പരിഹരിച്ചത്. ഇതുപ്രകാരം അഞ്ച് അടിമകളില്‍ മൂന്നുപേരെ ആ സംസ്ഥാനങ്ങളിലെ ജനസംഖ്യയില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ അടിമകള്‍ക്കു വോട്ടവകാശം ഉണ്ടാകില്ല. ഇതുവഴി കൂടുതല്‍ പാര്‍ലമെന്റ് സീറ്റും ഇലക്ടറല്‍ വോട്ടും തെക്കന്‍ സംസ്ഥാനങ്ങള്‍ നേടിയെടുത്തു.

USElection-InforCards3
USElection-InforCards5
USElection-InforCards6
USElection-InforCards4
USElection-InforCards7
USElection-InforCards8
USElection-InforCards
USElection-InforCards2
USElection-InforCards3
USElection-InforCards5
USElection-InforCards6
USElection-InforCards4
USElection-InforCards7
USElection-InforCards8
USElection-InforCards
USElection-InforCards2

ഉദാഹരണത്തിന്, 1800ല്‍ തെക്കന്‍ സംസ്ഥാനമായ വിര്‍ജീനിയയിലും വടക്കന്‍ സംസ്ഥാനമായ പെന്‍സില്‍വേനിയയിലും ഏതാണ്ട് ആറുലക്ഷത്തിനടുത്തായിരുന്നു അടിമകളല്ലാത്തവരുടെ ജനസംഖ്യ. എന്നാല്‍ വിര്‍ജീനിയയില്‍ മൂന്നരലക്ഷത്തിലേറെ അടിമകളുണ്ടായിരുന്നു. പെന്‍സില്‍വേനിയയില്‍ രണ്ടായിരത്തില്‍ താഴെയും. ഇതുപ്രകാരം വിര്‍ജീനിയയ്ക്ക് ലഭിച്ചത് 21 ഇലക്ടറല്‍ കോളജ് വോട്ടാണ്. പെന്‍സില്‍വേനിയയ്ക്ക് ലഭിച്ചത് വെറും 15 വോട്ടും. അടിമത്തം നിരോധിച്ച് കറുത്തവര്‍ഗക്കാര്‍ക്ക് വോട്ടവകാശം നല്‍കിയിട്ടും അവരെ അധികാരത്തിനു പുറത്തുനിര്‍ത്താന്‍ വെള്ളക്കാര്‍ സകല പണിയും പയറ്റി.

∙ അബദ്ധ പഞ്ചാംഗമായിട്ടും കൈവിടാതെ

ഇലക്ടറല്‍ കോളജ് സംവിധാനം ഉപേക്ഷിക്കണമെന്ന് യുഎസില്‍ ഏറെനാളായി ആവശ്യമുയര്‍ന്നിട്ടുണ്ട്. കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളേക്കാള്‍ കുറവ് ജനസംഖ്യയുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കുന്നുവെന്നതാണ് ഇലക്ടറല്‍ കോളജ് സംവിധാനത്തെക്കുറിച്ച് ഇപ്പോള്‍ ഉയരുന്ന പ്രധാന വിമര്‍ശനം. ഉദാഹരണത്തിന്, മൂന്ന് ഇലക്ടറല്‍ വോട്ടുള്ള, ജനസംഖ്യ കുറഞ്ഞ അലാസ്‌ക സംസ്ഥാനത്തില്‍നിന്ന് ഒരു ഇലക്ടറല്‍ വോട്ടു ലഭിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ 2,44,463 പേരുടെ വോട്ടുനേടണം. 28 ഇലക്ടറല്‍ വോട്ടുള്ള ന്യൂയോര്‍ക്കിലാണെങ്കില്‍ ഇതേ ഒരു ഇലക്ടറല്‍ വോട്ടിന് 7,21,473 പേരുടെ വോട്ടാണു വേണ്ടത്. അതിനാല്‍ ന്യൂയോര്‍ക്കിനെക്കാള്‍ മൂല്യം രാഷ്ട്രീയ പാര്‍ട്ടികള്‍ അലാസ്‌കയിലെ വോട്ടിന് നല്‍കുന്നു.

60% അമേരിക്കക്കാരും ഇലക്ടറല്‍ കോളജിനു പകരം ജനകീയ വോട്ടിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്ന രീതി വരണമെന്ന് ആഗ്രഹിക്കുന്നതായി പ്യൂ റിസര്‍ച്ച് സെന്റര്‍ ഇക്കൊല്ലം നടത്തിയ സര്‍വേയില്‍ പറയുന്നു. ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കപ്പെട്ടതിനാല്‍ ഇലക്ടറല്‍ കോളജ് സംവിധാനം ഉപേക്ഷിക്കണമെങ്കില്‍ യുഎസ് പ്രതിനിധിസഭയുടെയും സെനറ്റിന്റെയും അംഗീകാരം വേണം. എന്നാല്‍ 700ലേറെത്തവണ ഇതിനുള്ള ബില്‍ അവതരിപ്പിച്ചെങ്കിലും പാസായില്ല. തെക്കന്‍ സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരാണു പ്രധാനമായും ബില്ലിനെ എതിര്‍ക്കുന്നത്. ഇലക്ടറല്‍ കോളജ് സംവിധാനം വേണ്ടെന്നു ഭൂരിപക്ഷം ഡമോക്രാറ്റുകളും അഭിപ്രായപ്പെടുമ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പകുതിയിലേറെപ്പേര്‍ക്കും ഇലക്ടറല്‍ കോളജിനോട് അനുകൂല നിലപാടാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com