യുപിയില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് സുരക്ഷിതൻ, വിമാനത്തിന് തീപിടിച്ചു – വിഡിയോ
Mail This Article
ആഗ്ര∙ ഉത്തർപ്രദേശിൽ വ്യോമസേനയുടെ മിഗ്–29 യുദ്ധവിമാനം തകർന്നുവീണു. പൈലറ്റ് സുരക്ഷിതനായി പുറത്തുകടന്നു. വിമാനം വീഴുന്നതിനു തൊട്ടുമുൻപാണു പൈലറ്റ് പുറത്തേക്കു ചാടിയത്. നിലത്തുവീണ വിമാനത്തിനു തീ പിടിച്ചു. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.
ആഗ്രയിലെ സോംഗ ഗ്രാമത്തിലാണ് അപകടമുണ്ടായത്. തീ പിടിച്ച വിമാനത്തിനു ചുറ്റു നാട്ടുകാർ കൂടിനിൽക്കുന്ന വിഡിയോ പുറത്തുവന്നു. അപകട കാരണമെന്തെന്നു വ്യക്തമല്ല; വ്യോമസേനയുടെ പ്രതികരണം ഉടനുണ്ടാകും. സോവിയറ്റ് റഷ്യയിൽ നിർമിച്ച മിഗ്–29 വിമാനങ്ങൾ 1987ലാണ് ഇന്ത്യൻ സേനയുടെ ഭാഗമായത്. ആധുനികവൽക്കരിച്ച മിഗ്–29 യുപിജി വിമാനമാണ് അപകടത്തിൽപ്പെട്ടത് എന്നാണു റിപ്പോർട്ട്.
2 മാസത്തിനിടെ രണ്ടാമത്തെ സമാന സംഭവമാണിത്. സാങ്കേതികപ്രശ്നത്തെ തുടർന്നു സെപ്റ്റംബറിൽ മിഗ്–29 വിമാനം രാജസ്ഥാനിൽ തകർന്നിരുന്നു. അപകടസമയത്തു രക്ഷപ്പെടാൻ പൈലറ്റിനെ സഹായിക്കുന്ന ലോകത്തിലെതന്നെ മികച്ച ‘ഇജക്‌ഷൻ സീറ്റ്’ ആണു മിഗ്–29ൽ ഉള്ളതെന്നാണു വിലയിരുത്തൽ.