ADVERTISEMENT

ടെഹ്റാൻ ∙ ഇറാനിലെ വസ്ത്രധാരണ നിയന്ത്രണത്തിനെതിരെ പ്രതിഷേധിച്ച യുവതി എവിടെയെന്നറിയാതെ ലോകം. കഴിഞ്ഞ ദിവസമാണു ടെഹ്‌റാൻ സർവകലാശാല ക്യാംപസിൽ ഒരു യുവതി ഉൾവസ്ത്രം മാത്രം ധരിച്ചു പ്രത്യക്ഷപ്പെട്ടത്. രാജ്യത്തു സ്ത്രീകളുടെ വസ്ത്രധാരണരീതി നിയന്ത്രിക്കുന്ന നിയമത്തിനെതിരായ പ്രതിഷേധമായി ഇതു വ്യാഖ്യാനിക്കപ്പെട്ടു. ഇന്റർനെറ്റിൽ ഉൾപ്പെടെ വലിയ ചർച്ചയുമായി.

ഇസ്‌ലാമിക് ആസാദ് സർവകലാശാല ക്യാംപസിൽ യുവതി ഉൾവസ്ത്രമിട്ടു നടക്കുന്നതും അവരെ ആശ്ചര്യത്തോടെ ആളുകൾ നോക്കി നിൽക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിനു പിന്നാലെ സുരക്ഷാ ജീവനക്കാർ യുവതിയെ കസ്റ്റഡിയിലെടുത്തു. ഇപ്പോൾ അവർ എവിടെയാണെന്നു വ്യക്തമല്ല എന്നതാണു രാജ്യത്തിനകത്തും പുറത്തും ആശങ്കയാകുന്നത്. ദൃശ്യങ്ങൾ വൈറലായെങ്കിലും ഈ യുവതി ആരാണ് എന്നതിനെപ്പറ്റിയുള്ള വിവരങ്ങളും പുറത്തുവന്നിട്ടില്ല. യാഥാസ്ഥിതിക വസ്ത്രധാരണം ഉപേക്ഷിച്ച യുവതിയുടേതു പ്രതിഷേധമാണെന്നാണു സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ.

യുവതിക്കു ‘മാനസിക വെല്ലുവിളി’ ഉണ്ടെന്നും ‘കടുത്ത സമ്മർദത്തിൽ’ ആയിരുന്നെന്നുമാണു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നു സർവകലാശാല വക്താവ് ആമിർ മഹ്ജോബ് പറഞ്ഞു. 2 കുട്ടികളുടെ മാതാവായ യുവതി പങ്കാളിയിൽനിന്നു വേർപിരിഞ്ഞാണു താമസമെന്നും സർവകലാശാല വ്യക്തമാക്കി. വസ്ത്രനിയമം പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി, സന്നദ്ധ അർധസൈനിക വിഭാഗമായ ബാസിജ് അംഗങ്ങൾ യുവതിയെ ശല്യപ്പെടുത്തിയിരുന്നു. തുടർന്നാണു യുവതി ഉൾ‌വസ്ത്രം മാത്രം ധരിച്ച് പ്രതിഷേധിച്ചതെന്ന് ഇറാനിലെ വിദ്യാർഥികളുടെ സമൂഹമാധ്യമ ചാനലായ ആമിർ കബീർ അഭിപ്രായപ്പെട്ടു. 

യുവതിയെ ബലമായാണ് അറസ്റ്റ് ചെയ്തെന്ന് ആംനെസ്റ്റി പറഞ്ഞു. 2 സുരക്ഷാ ഉദ്യോഗസ്ഥർ അവരോടു ‘ശാന്തമായി സംസാരിച്ചു’ എന്നും വസ്ത്രധാരണ നിയമം പാലിക്കാൻ ആവശ്യപ്പെട്ടെന്നും ഇറാനിലെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിദ്യാർഥിയും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിട്ടില്ലെന്നു സർവകലാശാല വക്താവ് പറഞ്ഞു. സഹപാഠികളുടെ അനുവാദമില്ലാതെ ഇവർ വിഡിയോ ചിത്രീകരിച്ചു. വിദ്യാർഥികളുടെയും പ്രഫസർമാരുടെയും സ്വകാര്യത ലംഘിച്ചതിനെ തുടർന്നാണു വിവരം സുരക്ഷാസേനയെ അറിയിച്ചതെന്നും സർവകലാശാല വക്താവ് പറഞ്ഞു.

ആളുകൾ ഒരു സ്ത്രീയെ കാറിൽ കയറ്റുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുവതിയെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നുമാണു സർവകലാശാല വക്താവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. യുവതിയുടെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് വ്യക്തമായ ഉത്തരമില്ലാത്തതിനാൽ സുരക്ഷയെപ്പറ്റി ആശങ്ക ഉയർന്നു. വസ്ത്രധാരണ നിയമം ലംഘിച്ചെന്നാരോപിച്ച് അറസ്റ്റിലായ ഇറാനിയൻ-കുർദിഷ് വനിത മഹ്‌സ അമിനി മരിച്ചതിനെ തുടർന്ന് 2022ൽ ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. ആയിരക്കണക്കിനു പേർ അറസ്റ്റിലാവുകയും 500ലേറെ പ്രതിഷേധക്കാർ കൊല്ലപ്പെടുകയും ചെയ്തു.

English Summary:

Woman Disappears After Daring Underwear Protest Against Iran's Dress Code

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com