ADVERTISEMENT

കൽപറ്റ∙ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കി കേന്ദ്രത്തിന് റിപ്പോർട്ട് നൽകാത്തതിനാലാണ് ഫണ്ട് അനുവദിക്കാത്തതെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ‘‘ബട്ടൺ അമർത്തിയാൽ കാശ് വരില്ല. അതിന് ചില നടപടിക്രമങ്ങൾ പൂർത്തിയാക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തെങ്കിലും വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ അത് നടപ്പാക്കിയിരിക്കും. ഞാൻ അതിന് ദൃക്സാക്ഷിയാണ്’’. കേന്ദ്രം പണം അനുവദിക്കുന്നില്ലെന്നത് കേരളം കാലങ്ങളായി നിരന്തരം ഉന്നയിക്കുന്ന ആരോപണമാണെന്നും രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  

സിൽവൽ ലൈൻ പോലുള്ള ലക്ഷം കോടിയുടെ പദ്ധതികൾ അവതരിപ്പിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നത്. അതിന് ഞങ്ങൾ അനുവദിക്കില്ല. തെക്കൻ കേരളവും വടക്കൻ കേരളവും തമ്മിൽ യാത്രാസൗകര്യം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിന് വേണ്ടി അസാധ്യമായ പദ്ധതി അവതരിപ്പിച്ച് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിനെ ചെറുക്കും. സാധ്യമായ മറ്റ് പല പദ്ധതികളുമുണ്ടായിട്ടും എന്തുകൊണ്ടാണ് അതൊന്നും പരിഗണിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. 

‘‘രാഹുൽ ഗാന്ധി വയനാട്ടുകാരെ വഞ്ചിച്ചു. കേരളം കൊടുത്ത സ്നേഹത്തിന് പകരം രാഹുൽ ഒന്നും തിരികെ നൽകിയില്ല. ഉത്തർപ്രദേശിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഒരു വാക്കുപോലും വയനാട്ടുകാരോട് പറഞ്ഞില്ല. രാഹുൽ ഗാന്ധിയെപ്പോലെ വാഗ്ദാനം നൽകുക മാത്രമാണ് കോൺഗ്രസ് ചെയ്യുന്നത്. നമുക്ക് വേണ്ടത് പ്രവർത്തിക്കുന്ന എംപിയെയാണ്. കർഷകരെ വഞ്ചിച്ച് പോകുന്ന ആളെയല്ല. ഇത്രയും കാലത്തിനിടെ പ്രിയങ്ക ഗാന്ധി സമൂഹത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല, ഒന്നുമായിട്ടുമില്ല. നവ്യ ഹരിദാസ് സ്വന്തം പ്രയത്നത്തിൽ ഉയർന്നു വന്നയാളാണ്. വയനാടിന് പുത്തൻ വികസനം നൽകാൻ നവ്യയ്ക്ക് സാധിക്കും’’– രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

English Summary:

Rajeev Chandrasekhar Slams Kerala Government over Landslide Relief Funds, SilverLine Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com