ADVERTISEMENT

തിരുവനന്തപുരം∙ കാമുകനായ ഷാരോൺ രാജിനെ കൊലപ്പെടുത്താനായി ഗ്രീഷ്മ കഷായത്തിൽ ചേർത്തു നൽകിയ വിഷം 15 എംഎൽ ഉള്ളിൽ ചെന്നാൽ മരണം സുനിശ്ചിതമാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടറുടെ മൊഴി. മറുമരുന്നില്ലാത്ത വിഷമാണിതെന്നും ഡോക്ടർ നെയ്യാറ്റിൻകര അഡീഷനൽ സെക്‌ഷൻസ് കോടതിയിൽ മൊഴി നൽകി.

ഷാരോണിന് വിഷം നൽകിയ 2022 ഒക്ടോബർ 14ന് രാവിലെ ഏഴരയോടെയും വിഷത്തിന്റെ പ്രവർത്തനരീതിയെ സംബന്ധിച്ച് ഗ്രീഷ്മ ഇന്റർനെറ്റിൽ തിരച്ചിൽ നടത്തിയിരുന്നു. ഈ ഡിജിറ്റൽ തെളിവുകൾ കോടതി രേഖപ്പെടുത്തി. വിഷത്തിന്റെ പ്രവർത്തനരീതി മനസ്സിലാക്കിയിട്ടാണ് അന്ന് രാവിലെ പത്തരയോടെ ഷാരോണിനെ കുടിപ്പിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. 2022 ഓഗസ്റ്റിൽ അമിത അളവിൽ ഗുളികൾ കലർത്തി ജൂസ് ചാലഞ്ച് നടത്തി ഷാരോണിനെ കുടിപ്പിക്കാൻ ശ്രമിച്ചിരുന്നു. കയ്പ്പുകാരണം ഷാരോൺ തുപ്പി കളഞ്ഞു. 

ജൂസിൽ ഗുളിക കലർത്തിയതിന്റെ അന്നു രാവിലെയും അമിത അളവിൽ മനുഷ്യ ശരീരത്തിൽ കടന്നാലുള്ള ആഘാതങ്ങളെക്കുറിച്ച് ഗ്രീഷ്മ ഇന്റർനെറ്റിൽ പരതിയിരുന്നു. തിരുവനന്തപുരം ഫൊറൻസിക് ലാബിൽ ഷാരോണിന്റെയും ഗ്രീഷ്മയുടെയും മൊബൈൽ ഫോണുകളിൽനിന്ന് ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തിരുന്നു. ഈ തെളിവുകൾ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ സമർപിച്ചു. ജഡ്ജി എം.എം.ബഷീറാണ് കേസ് പരിഗണിക്കുന്നത്. കഷായത്തിൽ വിഷം ചേർത്ത് ഷാരോൺ രാജിനെ ഗ്രീഷ്മ കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ബന്ധത്തിൽനിന്ന് ഷാരോൺ പിൻമാറാത്തതിനെ തുടർന്നാണ് ഗ്രീഷ്മ കൊലപാതകം നടത്തിയത്.

English Summary:

Sharon Raj Murder: Digital Evidence Exposes Greeshma's Deadly Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com