ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്ന് നവീന്റെ കുടുംബം; ജാമ്യഹർജിയിൽ വിധി വെള്ളിയാഴ്ച
Mail This Article
കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലുള്ള ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ പി.പി.ദിവ്യയുടെ ജാമ്യഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി വെള്ളിയാഴ്ച വിധിപറയും. ജാമ്യാപേക്ഷയെ എതിർത്ത് നവീന്റെ ഭാര്യ മഞ്ജുഷയും ഹർജിയിൽ കക്ഷിചേർന്നിരുന്നു. നിലവിൽ പള്ളിക്കുന്ന് വനിതാ ജയിലിൽ കഴിയുകയാണ് ദിവ്യ. ടൗൺ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിനെത്തുടർന്നാണ് ദിവ്യ കീഴടങ്ങിയത്.
അന്വേഷണവുമായി ദിവ്യ സഹകരിച്ചെന്നും പൊലീസിൽ കീഴടങ്ങിയെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. പമ്പ് സ്ഥാപിക്കാൻ സംരംഭകനായ പ്രശാന്ത് എഡിഎമ്മിന് കൈക്കൂലി കൊടുത്തെന്ന് ഡിഎംഇയുടെ റിപ്പോർട്ടുണ്ട്. തനിക്ക് തെറ്റുപറ്റിയെന്ന് നവീൻ ബാബു കലക്ടറോട് പറഞ്ഞിരുന്നു. തെറ്റുപറ്റിയെന്ന് പറയുന്നത് പണം വാങ്ങിയതിനു തുല്യമാണെന്നും ദിവ്യയുടെ അഭിഭാഷകൻ വാദിച്ചു. പമ്പിന് അനുമതിപത്രം ലഭിക്കുന്നതിന് എഡിഎമ്മിന് കൈക്കൂലി നൽകിയെന്ന് പ്രശാന്തും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഈ മൊഴിയാണ് മുഖവിലയ്ക്കെടുക്കേണ്ടത്. എഡിഎമ്മും പ്രശാന്തും തമ്മിൽ കണ്ടതിന് സിസിടിവി ദൃശ്യങ്ങൾ തെളിവായുണ്ടെന്നും അഭിഭാഷകൻ വാദിച്ചു.
ജാമ്യം നൽകിയാൽ പി.പി.ദിവ്യ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. എഡിഎമ്മിനെതിരായ കൈക്കൂലി ആരോപണത്തിൽ തെളിവില്ല. പെട്രോൾ പമ്പിനുള്ള നിരാക്ഷേപ പത്രം എഡിഎം വൈകിച്ചിട്ടില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പി.പി.ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്ന് എഡിഎമ്മിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. കലക്ടർ അരുൺ കെ.വിജയൻ നവീൻബാബുവുമായി സൗഹൃദമുള്ള ആളല്ല. കലക്ടറോട് നവീൻ ബാബു കുറ്റസമ്മതം നടത്തിയെന്ന ദിവ്യയുടെ വാദം തെറ്റാണ്. കലക്ടർ അവധിപോലും നൽകാത്ത ആളാണ്. മാനസിക ഐക്യം ഇല്ലാത്ത ആളോട് ആരും കുറ്റസമ്മതം നടത്തില്ല. എഡിഎമ്മിന് കൈക്കൂലി കൊടുത്തെങ്കിൽ എന്തുകൊണ്ട് പ്രശാന്തിനെതിരെ നടപടിയെടുത്തില്ലെന്നും കുടുംബത്തിന്റെ അഭിഭാഷകൻ ചോദിച്ചു.
എഡിഎം ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട പി.പി.ദിവ്യ മരണം നടന്ന് 14–ാം ദിവസമാണ് കീഴടങ്ങിയത്. ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിലെ വാദങ്ങൾ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.ടി.നിസാർ അഹമ്മദ് നേരത്തെ തള്ളിയിരുന്നു. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ വിളിക്കാതെ എത്തിയ ദിവ്യ വിമർശനം ഉന്നയിച്ചതിനു പിറ്റേന്നാണ് എഡിഎം ആത്മഹത്യ ചെയ്ത്. പെട്രോൾ പമ്പിന് നിരാക്ഷേപ പത്രം വൈകിയത് എഡിഎം കൈക്കൂലി ചോദിച്ചതു കൊണ്ടാണെന്ന സൂചനയാണ് ദിവ്യയുടെ പ്രസംഗത്തിൽ ഉണ്ടായിരുന്നത്.
നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്നായിരുന്നു റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ. വിവാദത്തെ തുടർന്ന് ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം ഒഴിവാക്കി. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. 36–ാം വയസ്സിലാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റാകുന്നത്. കല്യാശ്ശേരി ഡിവിഷനിൽനിന്ന് 22,576 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. അതിനു മുൻപുള്ള ഭരണസമിതിയിൽ വൈസ് പ്രസിഡന്റായിരുന്നു.