ADVERTISEMENT

തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്‍ ഹോസ്റ്റലില്‍ ക്രൂരമായ റാഗിങ്ങിനെ തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച് ഏഴു മാസം പിന്നിട്ടിട്ടും കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാരോ സര്‍വകലാശാലയോ തയാറായിട്ടില്ലെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി. സിദ്ധാർഥന്റെ സഹോദരന്റെ തുടര്‍പഠന ചെലവിനുള്ള  സാമ്പത്തിക സഹായം നല്‍കാന്‍ സർവകലാശാലയ്ക്ക് നിർദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്കും സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നിവേദനം നല്‍കി.

‘‘മരണത്തിന് ഉത്തരവാദികള്‍ എന്ന കാരണത്താല്‍ ഏതാനും വിദ്യാർഥികളെയും കോളജ് ഡീന്‍, വാര്‍ഡന്‍ എന്നിവരെയും കോളജില്‍ നിന്നും പുറത്താക്കി എന്നതൊഴിച്ചാല്‍ കുടുംബത്തെ സഹായിക്കാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഓര്‍മയായി സൂക്ഷിക്കാന്‍ സിദ്ധാർഥന്റെ വസ്ത്രങ്ങള്‍, കണ്ണട, പഴ്‌സ്, ഐഡി കാര്‍ഡ്, പുസ്തകങ്ങള്‍ എന്നിവ പോലും മാതാപിതാക്കള്‍ക്ക് കൈമാറാതെ യൂണിവേഴ്‌സിറ്റി അധികൃതര്‍ നഷ്ടപ്പെടുത്തി.’’– സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ആരോപിച്ചു.

ഒരു വര്‍ഷം മുന്‍പ് കുസാറ്റില്‍ എന്‍ജിനീയറിങ് വിദ്യാർഥികള്‍ സംഘടിപ്പിച്ച സംഗീതനിശയ്ക്കിടെ തിരക്കില്‍പെട്ട് മരിച്ച 4 വിദ്യാർഥികളുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ തയാറായ സര്‍ക്കാര്‍, സിദ്ധാർഥന്റെ കുടുംബത്തെ പരിഗണിക്കാന്‍ വിമുഖത കാട്ടുകയാണ്. ഒരു വിഭാഗം വിദ്യാർഥികള്‍ നടത്തിയ ആള്‍ക്കൂട്ട കൊലപാതകമാണെന്നത് മറച്ചു വയ്ക്കുന്നതിന്റെ ഭാഗമായാണ് സിദ്ധാർഥന്റെ കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാരോ സര്‍വകലാശാലയോ തയാറാകാത്തത്. 

സിദ്ധാർഥന്റെ  മരണത്തില്‍ പരോക്ഷമായോ പ്രത്യക്ഷമായോ ഉത്തരവാദിത്തമുള്ള ഡീന്‍, വാര്‍ഡന്‍ എന്നിവരെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കുന്നതിനുള്ള നിയമപോരാട്ടം നടത്താന്‍ ഫണ്ട് സ്വരൂപിക്കുമ്പോള്‍, സിദ്ധാർഥന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതില്‍ സർവകലാശാല അധികൃതരും അധ്യാപകരും പിന്തിരിഞ്ഞു നില്‍ക്കുന്നത് നീതീകരിക്കാനാവില്ലെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി വ്യക്തമാക്കി.

English Summary:

Pookode Veterinary College Ragging Death: Campaign Demands Financial Aid for Siddharthan's Family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com