പൊതുനന്മയുടെ പേരിൽ എല്ലാ സ്വകാര്യ വസ്തുക്കളും ഏറ്റെടുക്കാൻ സർക്കാരിനാകില്ല: സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി∙ പൊതുനന്മയ്ക്കുള്ള പൊതുസ്വത്ത് (മെറ്റീരിയൽ റിസോഴ്സസ് ഓഫ് ദ് കമ്യൂണിറ്റി) എന്നതിന്റെ പരിധിയിലാക്കി എല്ലാ സ്വകാര്യവസ്തുക്കളും ഏറ്റെടുക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി ഭൂരിപക്ഷ വിധിയിലൂടെ വ്യക്തമാക്കി. സ്വകാര്യ വസ്തുക്കളെ പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനർവിതരണം ചെയ്യാൻ സർക്കാരുകൾക്ക് അധികാരമുണ്ടോ എന്ന വിഷയമാണ് കോടതി പരിഗണിച്ചത്.
പൊതുനന്മയ്ക്കായി ഉപയോഗിക്കാവുന്ന പൊതുസ്വത്ത് എല്ലാവർക്കുമായി പങ്കുവയ്ക്കാൻ ഭരണഘടനയുടെ നിർദേശകതത്വത്തിലെ 39(ബി) വകുപ്പ് സർക്കാരിനോട് നിർദേശിക്കുന്നുണ്ട്. സ്വകാര്യ സ്വത്തും അർഥവ്യാഖ്യാനത്തിൽ ഈ ഗണത്തിൽ വരുമെങ്കിലും എല്ലാ സ്വകാര്യ സ്വത്തിനെയും പൊതുനന്മയ്ക്കുള്ള പൊതുസ്വത്തായി കരുതാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. അതേസമയം, ചില സ്വകാര്യ സ്വത്തുക്കൾ 39(ബി) വകുപ്പിന്റെ പരിധിയിൽ വരുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര ഹൗസിങ് ആൻഡ് ഏരിയ ഡെവലപ്മെന്റ് ആക്ട്(മേഡ) നിയവുമായി ബന്ധപ്പെട്ട കേസിലാണ് 9 അംഗ ബെഞ്ചിന്റെ വിധി. നിയമത്തിൽ 1986–ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം 70% താമസക്കാരുടെ അനുമതിയുണ്ടെങ്കിൽ, മാസവാടകയുടെ 100 ഇരട്ടി നൽകി സ്വകാര്യ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടങ്ങൾ ഏറ്റെടുത്ത് അറ്റകുറ്റപണി ചെയ്യാനും പൊതുനന്മയ്ക്കായി പുനർവിതരണം ചെയ്യാനും സർക്കാരിനു കഴിയും. ഇതാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. 1992–ൽ ഫയൽചെയ്യപ്പെട്ട ഹർജി 2002ലാണ് 9 അംഗ ബെഞ്ചിലേക്ക് വിട്ടത്. രണ്ടു പതിറ്റാണ്ടിനു ശേഷമാണ് 9 അംഗ ബെഞ്ച് വാദം കേട്ടത്.