ട്രംപിനും കമലയ്ക്കും മാത്രമല്ല; ഗർഭഛിദ്രം മുതൽ മരിജുവാന വരെയുള്ള വിഷയങ്ങളിലും വോട്ടെടുപ്പ്
Mail This Article
ന്യൂയോർക്ക്∙ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഎസിൽ വിധിയെഴുത്ത് ആരംഭിച്ചു. പ്രത്യക്ഷത്തിൽ ഡമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി കമല ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും തമ്മിലാണ് പോരാട്ടം. ഈ പ്രസിഡന്റ് സ്ഥാനാർഥികളുടെ പേരിന് നേർക്ക് മാത്രമല്ല യുഎസ് ജനത മഷി കറുപ്പിക്കുന്നത്. ഭരണകൂടം തീരുമാനിക്കേണ്ട, ജനഹിതം മനസ്സിലാക്കേണ്ട വിഷയങ്ങളിലും യുഎസ് ജനത വിധിയെഴുതുകയാണ്.
വോട്ടെടുപ്പ് നടക്കുന്ന 10 സംസ്ഥാനങ്ങളിൽ ഗർഭഛിദ്ര നിയന്ത്രണത്തെ പറ്റിയുള്ള ജനഹിതവും വോട്ടർമാർക്ക് രേഖപ്പെടുത്താം. അരിസോണയും നെവാഡയും ഉൾപ്പെടുന്ന സംസ്ഥാനങ്ങളിലാണ് ഇക്കാര്യം ബാലറ്റ് പേപ്പറിലൂടെ തീരുമാനിക്കുന്നത്. മരിജുവാന മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് 4 സംസ്ഥാനങ്ങളാണ് വിധിയെഴുതുന്നത്. ഫ്ലോറിഡ, നെബ്രാസ്ക, നോർത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ സംസ്ഥാനങ്ങളാണു മെഡിക്കൽ മരിജുവാനയെ സംബന്ധിച്ച് വിധിയെഴുതുന്നത്.
ഇതിന് പുറമെ യുഎസ് സെനറ്റിന്റെ മൂന്നിലൊന്ന് പേരെയും, അതായത് ആകെ 100 സെനറ്റർമാരിൽ 34 പേരെയും യുഎസ് ജനത തിരഞ്ഞെടുക്കും. നിലവിൽ ഡെമോക്രാറ്റുകൾ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് സെനറ്റ് നിയന്ത്രിക്കുന്നത്. യുഎസ് ജനപ്രതിനിധി സഭയിൽ എല്ലാ 435 സീറ്റുകളിലും രണ്ട് വർഷം കൂടുമ്പോൾ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം. ചില സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് എങ്ങനെ നടത്തണം എന്നതിനെ സംബന്ധിച്ചും വോട്ടർമാർ ഇക്കുറി തീരുമാനം രേഖപ്പെടുത്തും.