നീലക്കോട്ട വീണ്ടും പൊളിച്ച് ട്രംപ്; പെൻസിൽവേനിയയിലേതു രാഷ്ട്രീയവിജയം
Mail This Article
മയാമി∙ പ്രവചനാതീതമെന്നു പ്രചാരണകാലത്തുടനീളം പറഞ്ഞുകേട്ട യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെ വിജയമുറപ്പിച്ചത് ഡെമോക്രാറ്റിക് പാർട്ടിയുടെ നീലക്കോട്ടയിൽ ഒരിക്കൽക്കൂടി വിള്ളൽ വീഴ്ത്തിക്കൊണ്ടാണ്. പെൻസിൽവേനിയയിലെ മുന്നേറ്റമാണ് വൈറ്റ് ഹൗസിലേക്കുള്ള ട്രംപിന്റെ തിരിച്ചുവരവിനു കളമൊരുക്കിയ പ്രധാന ഘടകങ്ങളിലൊന്ന്. പെൻസിൽവേനിയ, വിസ്കോൻസെൻ, മിഷിഗൻ എന്നീ സ്റ്റേറ്റുകളാണ് യുഎസ് തിരഞ്ഞെടുപ്പിൽ ബ്ലൂ വോൾ എന്നറിയപ്പെടുന്നത്.
ചരിത്രപരമായി ഡെമോക്രാറ്റുകൾക്കു മുൻതൂക്കമുള്ള സംസ്ഥാനങ്ങളാണിവ. മൂന്നിടത്തുമായി 44 ഇലക്ടറൽ വോട്ടുകളാണുള്ളത്. പെൻസിൽവേനിയയിൽ മാത്രം 19. പെൻസിൽവേനിയയിൽ വിജയമുറപ്പിച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനത്തെത്താനുള്ള മാന്ത്രികസംഖ്യയായ 270നു തൊട്ടടുത്ത് ട്രംപെത്തിയത്. ഇതാദ്യമല്ല ട്രംപ് പെൻസിൽവേനിയ പിടിക്കുന്നത്. 2016ലെ കന്നിയങ്കത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായിരുന്ന ഹിലറി ക്ലിന്റനെതിരെ ട്രംപ് പെൻസിൽവേനിയയിൽ ഒന്നാമതെത്തിയിരുന്നു. 2020ൽ പക്ഷേ, പെൻസിൽവേനിയ ബൈഡനൊപ്പം നിന്നു.
വലിപ്പം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമാണ് പെൻസിൽവേനിയ. കറുത്ത വർഗക്കാരും ഹിസ്പാനിക് വംശജരും ഏഷ്യക്കാരുമൊക്കെയുൾപ്പെടുന്നതാണ് പെൻസിൽവേനിയയുടെ ജനസംഖ്യ. അതുകൊണ്ടുതന്നെ ആ സ്റ്റേറ്റിലെ വിജയത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്.