ADVERTISEMENT

കോഴിക്കോട്∙ ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് പാലക്കാട്ടെ ഹോട്ടലിൽ കോൺഗ്രസ് നേതാക്കൾ താമസിച്ച മുറികളിൽ പൊലീസ് പരിശോധനയ്ക്കു ശ്രമിച്ചതിന് പിന്നാലെ ഫെയ്സ്ബുക്ക് ലൈവുമായി സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. താൻ പാലക്കാടല്ല, കോഴിക്കോടാണുള്ളതെന്നു വ്യക്തമാക്കിക്കൊണ്ട് ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കോഴിക്കോട് ടൗണ്‍ സ്‌റ്റേഷന് മുന്നില്‍നിന്നാണു രാഹുൽ ലൈവിൽ എത്തിയത്. ‘‘ ഒരുട്രോളി ബാഗ് നിറയെ പണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ പാലക്കാട്ട് ഹോട്ടലിലെത്തിയെന്നാണ് ബിജെപി–സിപിഎം ആരോപണം. പാലക്കാട്ടെ മുറിക്കുള്ളില്‍നിന്ന് ട്രോളിബാഗുമായി രാഹുലിനെ ഇറക്കിവിടൂ എന്ന് ബിജെപിക്കാരും സിപിഎമ്മുകാരും വിളിച്ചുപറയുകയാണ്. ഞാനുള്ളത് കോഴിക്കോടാണ്. എന്റെ ട്രോളിബാഗില്‍ പണമില്ല, രണ്ടുദിവസത്തെ വസ്ത്രമുണ്ട്. നാളെ കാന്തപുരം ഉസ്താദിനെ കാണാനായാണ് കോഴിക്കോട് എത്തിയത്’’– രാഹുല്‍ പറഞ്ഞു.

‘‘എല്ലാ കോൺഗ്രസ് നേതാക്കളും മുറികൾ തുറന്നുകൊടുത്തു. ഷാനിമോൾ ഉസ്മാൻ മാത്രമാണ് മുറി തുറന്ന് കൊടുക്കാതിരുന്നത്. അവർ ഒറ്റയ്ക്കാണ് മുറിയിൽ താമസിക്കുന്നത്. വനിതാ പൊലീസ് ഉദ്യോഗസ്ഥർ വരാതെ മുറി തുറക്കില്ലെന്നാണ് അവർ പറഞ്ഞത്. വനിതാ പൊലീസുകാർ വന്നപ്പോൾ അവർ മുറി തുറന്നുകൊടുത്തു. മുറി പരിശോധിച്ച ശേഷം ഒന്നും കിട്ടിയില്ല. സിപിഎം–ബിജെപി കൂട്ടുകെട്ടിന്റെ ഒരു ഉദാഹരണം കൂടി വന്നിരിക്കുകയാണ്. സിപിഎം നേതാക്കന്മാരുടെ മുറി പരിശോധിച്ചെന്ന് അവരും ബിജെപി നേതാക്കന്മാരുടെ മുറി പരിശോധിച്ചെന്ന് ബിജെപിക്കാരും പറയുന്നു. സിപിഎം നേതാക്കന്മാരുടെ മുറി പരിശോധിച്ചതിൽ എന്താണ് ബിജെപിക്ക് ആക്ഷേപമില്ലാത്തത്, തിരിച്ചും ആക്ഷേപമില്ല. നഗരഹൃദയത്തിലെ ഹോട്ടലിൽ ട്രോളി ബാഗ് നിറയെ പണവുമായി ഒരാൾക്ക് വരാൻ കഴിയുമെങ്കിൽ പിന്നെ എന്തിനാണ് പൊലീസ്?’’– രാഹുൽ പറഞ്ഞു. 

English Summary:

Rahul Mamkootathil facebook live clarifying palakkad black money issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com