മുനമ്പത്തെ വഖഫ് ഭൂമി പ്രശ്‌നം; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം 28ലേക്കു മാറ്റി
Mail This Article
തിരുവനന്തപുരം∙ എറണാകുളം മുനമ്പത്തെ വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല യോഗം 28ലേക്കു മാറ്റി. 16-നാണ് യോഗം നിശ്ചയിച്ചിരുന്നത്. 28ന് 12 മണിക്ക് ഓണ്‍ലൈനായി യോഗം ചേരുമെന്ന് അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ കെ.രാജന്‍, പി.രാജീവ്, മന്ത്രി വി അബ്ദുറഹ്മാന്‍, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം.കെ.സക്കീര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങള്‍ സംരക്ഷിക്കുന്നതു സംബന്ധിച്ചായിരിക്കും ചര്‍ച്ച. ഈ വിഷയത്തിലെ കേസില്‍ കോടതിയിലെ സ്ഥിതി എന്താണെന്നും പരിശോധിക്കും.
മുനമ്പത്ത് ദീര്‍ഘകാലമായി താമസിക്കുന്നവരുടെ താല്‍പര്യം ഹനിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കല്‍പറ്റയില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞിരുന്നു. അതത് പ്രദേശത്തെ ജനങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കുമൊപ്പമാണ് എല്‍ഡിഎഫ് സര്‍ക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടതു സര്‍ക്കാരുകളുടെ ഭാഗത്തെ വീഴ്ചയാണു പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന പ്രതിപക്ഷ ആരോപണം രാഷ്ട്രീയമായി തിരിച്ചടിയാകരുതെന്ന കരുതലിലാണ് സര്‍ക്കാര്‍. ക്രിസ്ത്യന്‍ സംഘടനകള്‍ ഇടപെട്ടതും ഭൂമിതര്‍ക്കത്തെ മറ്റു രീതികളില്‍ വ്യാഖ്യാനിക്കാന്‍ ബിജെപി നടത്തുന്ന തീവ്ര ശ്രമത്തെയും സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുണ്ട്. സര്‍വകക്ഷി യോഗം വിളിക്കണമെന്നാണു പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ ആവശ്യം. എന്നാല്‍ ഉന്നതതല യോഗം വിളിക്കാനാണു സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനു ശേഷം സര്‍വകക്ഷി യോഗത്തെക്കുറിച്ച് ആലോചിക്കാമെന്നാണു സര്‍ക്കാരിലെ ധാരണ.