‘ഇറാനിൽ വിദ്യാർഥിനി അർധനഗ്നയായി നടന്നത് അസാന്മാർഗികം; ദൃശ്യങ്ങൾ പങ്കുവച്ചവർ ലൈംഗികത്തൊഴിൽ പ്രചരിപ്പിക്കുന്നു’
Mail This Article
ടെഹ്റാൻ ∙ സർവകലാശാലാ ക്യാംപസിൽ ഉൾവസ്ത്രം മാത്രം ധരിച്ച് പ്രതിഷേധിച്ച ഇറാനിയൻ വിദ്യാർഥിനിയെ പ്രത്യേക പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയതായി പാരിസിലെ ഇറാനിയൻ എംബസി. ഭർത്താവിൽനിന്നു വേർപിരിഞ്ഞ യുവതി, രണ്ടു കുട്ടികളുടെ അമ്മയാണെന്നാണ് ഇറാനിയൻ എംബസിയുടെ പ്രസ്താവനയിൽ പറയുന്നത്. ‘‘അവൾ സുഖം പ്രാപിച്ചശേഷം സർവകലാശാലയിൽ പഠനം പുനരാരംഭിക്കും. എങ്കിലും അന്തിമ തീരുമാനം ബന്ധപ്പെട്ട സ്ഥാപനങ്ങളുടേതാണ്.’’– എംബസി അധികൃതർ വ്യക്തമാക്കി.
അതേസമയം, അർധനനഗ്നയായി നടന്ന യുവതിയുടെ നടപടിയെ അസാന്മാർഗികം എന്നാണ് ഇറാനിയൻ ശാസ്ത്ര വകുപ്പ് മന്ത്രി ഹുസൈൻ സിമെയ് വിശേഷിപ്പിച്ചത്. “അർധനഗ്നയായി നടന്ന നടപടി അസാന്മാർഗികമാണ്. അവൾ മാനദണ്ഡങ്ങൾ ലംഘിച്ചു, അവളുടെ പെരുമാറ്റം ശരിഅത്ത് അടിസ്ഥാനമാക്കിയുള്ളതല്ല, അധാർമികവും ആചാരവിരുദ്ധവുമായിരുന്നു. ആ ദൃശ്യങ്ങൾ പങ്കുവച്ചവർ ലൈംഗികത്തൊഴിൽ പ്രചരിപ്പിച്ചിരിക്കുകയാണ്. അത്തരം സംഭവങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതില്ല. കാരണം അവ ധാർമികമായും മതപരമായും ന്യായീകരിക്കപ്പെടുന്നതുമല്ല.’’ – മന്ത്രിസഭാ യോഗത്തിൽ സിമെയ് പറഞ്ഞു. യുവതിയെ സർവകലാശാലയിൽനിന്നു പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെഹ്‌റാനിലെ ഇസ്‌ലാമിക് ആസാദ് സർവകലാശാലയിലെ വിദ്യാർഥിനി അഹൂ ദാര്യോയ് ആണ് സർവകലാശാലയിലും തെരുവിലും ഉൾവസ്ത്രം മാത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ ശനിയാഴ്ച സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ പൊലീസ് വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്തു. വിദ്യാർഥിനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസും സർവകലാശാല അധികൃതരും പറയുന്നത്. എന്നാല്‍ ഹിജാബ് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെ വിദ്യാർഥിനി പ്രതിഷേധിക്കുകയായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഹൂ ദാര്യോയുടെ പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യാന്തര തലത്തിൽത്തന്നെ ചർച്ചയായിരുന്നു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് സദാചാര പൊലീസ് സര്‍വകലാശാലയില്‍വച്ച് വസ്ത്രങ്ങള്‍ വലിച്ചുകീറിയതാണ് പ്രതിഷേധത്തിനു കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
2022 സെപ്റ്റംബറിൽ 22 വയസ്സുകാരിയായ മഹ്സ അമിനി കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നുണ്ടായ രാജ്യവ്യാപക പ്രതിഷേധം ഇറാനെ നടുക്കിയിരുന്നു. സ്ത്രീകളുടെ വസ്ത്രധാരണനിയമം ലംഘിച്ചതിനായിരുന്നു അമിനിയെ അറസ്റ്റ് ചെയ്തത്. അമിനിയുടെ മരണം ഇറാനിൽ മാസങ്ങൾ നീണ്ട പ്രതിഷേധത്തിന് കാരണമായി. പ്രതിഷേധത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.