ജയശങ്കറിന്റെ അഭിമുഖം സംപ്രേഷണം ചെയ്തു; ഓസ്ട്രേലിയൻ മാധ്യമത്തെ വിലക്കി കാനഡ, വിമർശിച്ച് ഇന്ത്യ
Mail This Article
ന്യൂഡൽഹി∙ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ഓസ്ട്രേലിയൻ മാധ്യമത്തെ വിലക്കി കാനഡ. ഓസ്ട്രേലിയൻ ടുഡേയുടെ സമൂഹമാധ്യമ ഹാൻഡിലുകളും പേജുകളുമടക്കമാണ് കാനഡയിൽ ബ്ലോക്ക് ചെയ്തത്. എസ്.ജയശങ്കറും ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങുമായി നടത്തിയ അഭിമുഖം കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയൻ ടുഡേ പ്രസിദ്ധീകരിച്ചത്. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് എസ്. ജയശങ്കർ ഓസ്ട്രേലിയയിൽ എത്തിയത്. വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം ഉപാധ്യക്ഷനാകുകയും ചെയ്തു. വ്യാഴാഴ്ച വരെയാണ് ജയശങ്കറിന്റെ ഓസ്ട്രേലിയൻ സന്ദർശനം.
അതേസമയം, കാനഡയുടെ നടപടിയെ ശക്തമായ ഭാഷയിൽ എതിർത്ത് ഇന്ത്യ രംഗത്തെത്തി. ഇത്തരം പ്രവർത്തനങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള കാനഡയുടെ കാപട്യം നിറഞ്ഞ സമീപനത്തെയാണ് ഉയർത്തിക്കാട്ടുന്നതെന്ന് ഇന്ത്യ വിമർശിച്ചു. കാനഡയുടെ നടപടി വിചിത്രമാണെന്നും തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കുന്നതാണ് കാനഡയുടെ രീതിയെന്നും ഇന്ത്യ തുറന്നടിച്ചു.
നവംബർ 3ന് കാനഡയിലെ ബ്രാംപ്ടണിലുള്ള ഒരു ഹിന്ദു ക്ഷേത്രത്തിനു നേരെ ഖലിസ്ഥാൻ വാദികൾ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിക്കുകയും കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ഭീരുത്വ ശ്രമങ്ങളെ വിമർശിക്കുകയും ചെയ്തിരുന്നു. ഖലിസ്ഥാന്‍ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പരാമർശിച്ചതോടെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായത്.