ADVERTISEMENT

കൽപറ്റ∙ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുഴുവരിച്ച അരി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫും കൊമ്പുകോർക്കുന്നു. പഞ്ചായത്ത് അധികൃതരാണ് കിറ്റ് വിതരണം ചെയ്തതെന്നാന്ന് ആരോപിച്ചാണ് രാവിലെ ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്ത് ഓഫിസിൽ പ്രതിഷേധവുമായി എത്തിയത്. എന്നാൽ റവന്യു വകുപ്പും പഞ്ചായത്തിലെ ഉദ്യോഗസ്ഥരും ചേർന്നാണ് കിറ്റ് വിതരണം നടത്തുന്നതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു അറിയിച്ചത്. തിരഞ്ഞെടുപ്പായതിനാൽ കിറ്റ് വിതരണത്തിൽ ഭരണസമിതിക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.  

ഡിവൈഎഫ്ഐയും ബിജെപിയും പഞ്ചായത്ത് ഓഫിസിനു മുന്നിൽ പ്രതിഷേധം ശക്തമാക്കിയതോടെ പഞ്ചായത്ത് ഭരണസമിതി കലക്ടറേറ്റിലെത്തി പ്രതിഷേധം ആരംഭിച്ചു. റവന്യു വകുപ്പാണ് അരി വിതരണം നടത്തിയതെന്ന് കലക്ടർ അറിയിക്കണെമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ കലക്ടറേറ്റിലെത്തി പ്രതിഷേധം നടത്തിയത്.

അതേസമയം, റവന്യു വകുപ്പ് നൽകിയ പുതിയ അരി വിതരണം ചെയ്യാതെ ഗോഡൗണിൽ കൂട്ടിയിട്ട ശേഷം പഴയ സാധനങ്ങൾ വിതരണം ചെയ്യുകയായിരുന്നുവെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ഗോഡൗണിന് മുന്നിൽ പ്രതിഷേധം ആരംഭിച്ച ഡിവൈഎഫ്ഐ എത്രയും പെട്ടെന്ന് ദുരന്ത ബാധിതർക്ക് സഹായം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

കിറ്റുകളിൽ അരി വിതരണം ചെയ്യുന്നില്ലെന്നും ചാക്കിലാണ് നൽകുന്നതെന്നും റവന്യു മന്ത്രി കെ.രാജൻ വിശദീകരിച്ചു. മൈദ ഉൾപ്പെടെയുള്ള സാധനങ്ങൾ വിതരണം ചെയ്യുന്നില്ലെന്നും മറ്റാരെങ്കിലും നൽകിയ കിറ്റായിരിക്കാം വിതരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ‘‘ജില്ലാ ഭരണകൂടം അവസാനം അരി കൊടുത്തത് ചാക്കിലാണ്. ഇതിൽ രണ്ടു തരത്തിലുള്ള അരിയല്ലാതെ മൈദയോ റവയോ അനുബന്ധ സാധനങ്ങളോ ഇല്ല. ഈ സാധനങ്ങൾ അവസാനം വിതരണം ചെയ്തത് സെപ്റ്റംബർ ഒമ്പതിനാണ്.

ഇതിനു പുറമേ പഞ്ചായത്തിൽനിന്ന് വിവിധ സന്നദ്ധ സംഘടനകൾ കൊണ്ടുവന്ന സാധനങ്ങൾ കൂടി വിതരണം ചെയ്തിട്ടുണ്ട്. അതാരൊക്കെയാണ് എന്തൊക്കെയാണ്  എന്നൊന്നും അറിയില്ല. റവന്യു വകുപ്പിൽനിന്ന് കിട്ടിയ സാധനങ്ങൾ ഏതൊക്കെയാണെന്ന് ഇൻവോയിസിലൂടെ മനസിലാകും. റവന്യു വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് നൂറു ശതമാനം ഉറപ്പു പറയാൻ പറ്റുമെന്നുമാണ് മന്ത്രി പറഞ്ഞത്. 

തിരഞ്ഞെടുപ്പ് സമയത്ത് പുഴുത്ത അരി വിതരണം ചെയ്തത് രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കമാണ് സിപിഎമ്മും ബിജെപിയും നടത്തുന്നത്. റവന്യു വകുപ്പ് വിതരണം ചെയ്ത മോശം അരിയുടെ ഉത്തരവാദിത്തം പഞ്ചായത്ത് ഭരണസമിതിയുടെ ചുമലിൽ കെട്ടിവയ്ക്കാനാണ് സർക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്നാണ് യുഡിഎഫ് ഭരണസമിതി ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം വിതരണം ചെയ്ത അരിയാണ് പുഴുവരിച്ചത്. മൂന്നു കുടുംബങ്ങൾക്കാണ് ഉപയോഗശൂന്യമായ അരി ലഭിച്ചത്. ദുരന്തബാധിതർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ രാഷ്ട്രീയ പാർട്ടികൾ സംഭവം ഏറ്റെടുക്കുകയായിരുന്നു. കലക്ടറേറ്റിൽ നിന്ന് നൽകിയ അരിയാണ് പുഴുവരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

English Summary:

Landslide Victims Receive Unusable Rice, Protests Erupt in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com